- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നിരവധിപേര്‍ ഡിയു ദ്വീപില്‍ നിന്നുള്ളവര്‍; പോര്‍ട്ടുഗീസുകാര്‍ ഒഴിഞ്ഞപ്പോള്‍ ലഭിച്ച പൗരത്വം ഉപയോഗിച്ച് ബ്രിട്ടനിലെത്തിയവര്‍: നഷ്ടപരിഹാരം തേടി അമേരിക്കന്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ നീക്കവുമായി ബന്ധുക്കള്‍
ലണ്ടന്‍: വെംബ്ലെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ഗിരിഷ് തന്റെ ഭാര്യയ്ക്കും മൂന്ന് വയസ്സുകാരനായ മകനുമൊപ്പം ഇന്ത്യയിലെത്തിയത് ഡിയുവില്‍ രോഗാതുരയായി കിടക്കുന്ന അമ്മയെ കാണാനായിരുന്നു. എന്നാല്‍, ഒരിക്കലും ബ്രിട്ടനിലേക്ക് തിരികെ മടങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു യാത്രയായിരിക്കും അതെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇക്കഴിഞ്ഞ ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്നും ഗാറ്റ്വിക്കിലേക്ക് പറന്നുയര്‍ന്ന് 32 സെക്കന്റുകള്‍ മാത്രമായപ്പോള്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ അവരുമുണ്ടായിരുന്നു. സഹോദരന്റെയും കുടുംബത്തിന്റെ വിയോഗം തീര്‍ത്ത ഞെട്ടലില്‍ നിന്നും ഇനിയും കുടുംബം മുക്തരായിട്ടില്ല എന്നാണ് ഗിരീഷിന്റെ സഹോദരി നെഹാല്‍ പറയുന്നത്.
230 യാത്രക്കാരും 12 ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനം, വിമാനത്താവളത്തിന്റെ തൊട്ടടുത്തുള്ള ബി ജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചു തകരുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്നവരില്‍ 241 പേരും, പുറത്ത് അപകടസ്ഥലത്ത് ഉണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരണമടഞ്ഞു. 53 ബ്രിട്ടീഷ് പൗരന്മാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 39 കാരനായ വിശ്വാസ് കുമാര്‍ രമേഷ് മാത്രമായിരുന്നു അദ്ഭുതകരമായി രക്ഷപ്പെട്ടത്.
കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു തന്റെ സഹോദരനെന്നും, സഹോദരന്റെ മരണ ശേഷം കുടുംബം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും നെഹാല്‍ പറയുന്നു. വീട്ട് വാടകയും, അമ്മയുടെ ചികിത്സ ചെലവുമെല്ലാം സഹോദരനായിരുന്നു വഹിച്ചിരുന്നത്. കിടപ്പ് രോഗിയായ അമ്മ, സഹോദരന്റെ മരണശേഷം കടുത്ത വിഷാദരോഗിയായി മാറിയെന്നും നെഹാല്‍ പറയുന്നു. തങ്ങള്‍ക്ക് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും, ഈ അപകടത്തിന് ഉത്തരവാദികളായവര്‍ തെറ്റ് തുറന്ന് സമ്മതിക്കണമെന്നും നെഹാല്‍ ആവശ്യപ്പെടുന്നു.
അമേരിക്കന്‍ കോടതികളില്‍, ആവശ്യമായ നിയമനടപടികള്‍ക്കായി അമേരിക്കന്‍ നിയമസ്ഥാപനമായ ബീസ്ലി അല്ലെനെ ഏര്‍പ്പാടാക്കിയ 90 ഇന്ത്യന്‍, ബ്രിട്ടീഷ് കുടുംബങ്ങളില്‍ ഇവരും ഉള്‍പ്പെടുന്നു. അപകടത്തിന്റെ മൂലകാരണം അറിയാന്‍ അന്വേഷണം നടത്തുകയാണ് ഈ സ്ഥാപനമിപ്പോള്‍. അതിനു ശേഷമായിരിക്കും കോടതികളെ സമീപിക്കുക. അപകടത്തില്‍ സഹോദരനെയും സഹോദരപത്‌നിയേയും നഷ്ടപ്പെട്ട തൃപ്തി സോണി പറയുന്നത് സാങ്കേതിക പ്രശ്നങ്ങളോ, ഡിസൈന്‍ പിഴവുകളോ, അതല്ലെങ്കില്‍ മറ്റ് ഗുരുതര പ്രശ്നങ്ങളോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഒരു സ്വതന്ത്രാന്വേഷണം വേണമെന്നാണ്. സത്യം കണ്ടെത്തുന്നതുവരെ പോരാട്ടം തുടരുമെന്നും അവര്‍ പറയുന്നു.
അപകടത്തില്‍ മരണമടഞ്ഞവരില്‍ പതിനാല് പേര്‍ ഗുജറാത്ത് തീരത്തോട് അടുത്തു കിടക്കുന്ന ഡിയു ദ്വീപില്‍ നിന്നുള്ളവരാണ്. അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറും ഡിയു സ്വദേശിയാണ്. നേരത്തെ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഡിയു 1961 ല്‍ ആണ് സ്വതന്ത്രമാക്കപ്പെട്ടത്. അന്ന് അവിടത്തെ താമസക്കാര്‍ക്ക് പോര്‍ച്ചുഗല്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ധാരാളം പേര്‍ അത് സ്വീകരിക്കുകയും പിന്നീറ്റ് ബ്രിട്ടനിലെത്തിച്ചേരുകയുമായിരുന്നു. 50,000 മാത്രമാണ് ഡിയുവിലെ ജനസംഖ്യ.