കട്ടപ്പന: രോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലി ഉപേക്ഷിച്ച എസ്‌ഐക്ക് ആശുപത്രിയിലെത്തി യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍. വണ്ടന്‍മേട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ.അശോകനാണ് ഭാര്യയെ ശുശ്രൂഷിക്കാന്‍ മറ്റൊന്നും ആലോചിക്കാതെ ജോലി തന്നെ വേണ്ടെന്ന് വെച്ചത്. അശോകന്റെ കരുതലിനും സ്‌നേഹത്തിനും മുന്നില്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി യാത്രയയപ്പ് ഒരുക്കുക ആയിരുന്നു.

വണ്ടന്‍മേട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കെ.അശോകനാണ് സ്‌ട്രോക്ക് വന്ന് തളര്‍ന്ന ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലി തന്നെ ഉപേക്ഷിച്ചത്. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് വെള്ളയാംകുടി പുത്തന്‍പുരയ്ക്കല്‍ അശോകന്‍ സ്വയം വിരമിച്ചത്. അശോകന്റെ ഭാര്യ, കെഎസ്എഫ്ഇ കട്ടപ്പന ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ ജയന്തിക്ക് മൂന്ന് മാസം മുന്‍പാണു സ്‌ട്രോക്ക് വന്നത്. ആദ്യം വലതുവശം തളര്‍ന്നപ്പോള്‍ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി. അതിനിടെ ഇടതുവശം തളര്‍ന്നു. ഇതോടെയാണ് അശോകന്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം അമൃത ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ പരിചരണത്തിന് അശോകന്‍ മറ്റാരെയും തേടിയില്ല. ഓഗസ്റ്റ് ആദ്യം വിആര്‍എസിന് അപേക്ഷ നല്‍കി. ഇന്നലെയായിരുന്നു ജോലിയിലെ അവസാനദിനം. ഭാര്യയുടെ അടുത്തുനിന്നു മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ യാത്രയയപ്പു ചടങ്ങിനുപോലും സ്റ്റേഷനില്‍ എത്താനാവാതെ വന്നു. അതോടെയാണ് 32 വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിക്കുന്ന അദ്ദേഹത്തിന് ആശുപത്രിയിലെത്തി യാത്രയയപ്പു നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ആശുപത്രി അധികൃതര്‍ അതിനു സൗകര്യമൊരുക്കി. ഇവരുടെ ഏകമകന്‍ അഖില്‍ അശോക് തിരുവനന്തപുരത്ത് സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിലാണ്. വണ്ടന്‍മേട് എസ്എച്ച്ഒ എ.ഷൈന്‍കുമാര്‍, എസ്‌ഐ വിനോദ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.