ലണ്ടന്‍: ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ജഗ്താര്‍ സിംഗ് ജോഹലിന്റെ സഹോദരന്‍, തന്നെ ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ വെച്ച് ബോര്‍ഡര്‍ പോലീസ് തടയുന്നത് എന്തിനെന്ന് ചോദിച്ചു കൊണ്ട് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് കത്തെഴുതി. ഡംബാര്‍ട്ടണില്‍ നിന്നുള്ള ലേബര്‍ കൗണ്‍സിലര്‍ കൂടിയായ ഗുര്‍പ്രീത് സിംഗ് ജോഹല്‍ ചോദിക്കുന്നത്, തന്റെ സഹോദരന്‍ എട്ട് വര്‍ഷം മുന്‍പ് അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണത്തിന്റെ പങ്ക് അറിയുന്നതിനായി നടത്തുന്ന നിയമ പോരാട്ടങ്ങള്‍ കാരണമാണോ ഇതെന്നാണ്. ഒരു കാരണവും പറയാതെയാണ് തന്നെ തുടര്‍ച്ചയായി വിമാനത്താവളങ്ങളില്‍ തടയുന്നതെന്ന് അദ്ദേഹം പറയുന്നു.

തന്നെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇതെങ്കില്‍, ഇതുകൊണ്ടൊന്നും താന്‍ പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണോ 2017 ല്‍ ജഗ്താര്‍ അറസ്റ്റിലായത് എന്നറിയണം എന്നാവശ്യപ്പെടുന്ന പരാതി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിചാരണയ്ക്കെത്തും. അടച്ചിട്ട കോടതി മുറിയില്‍ ആയിരിക്കും ഇതിന്റെ വിചാരണയില്‍ ഏറെയും നടക്കുക. ഒരു ഇന്ത്യന്‍ കോടതിയും ജഗ്താര്‍, ഏതെങ്കിലും കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.

സ്റ്റാര്‍മറെ കൊല്ലാന്‍ മുദ്രാവാക്യം വിളിച്ചയാളെ തപ്പി പോലീസ്

ശനിയാഴ്ച ലണ്ടനില്‍ നടന്ന 'യുണൈറ്റ് ദി കിംഗ്ഡം' റാലിയില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കൊല്ലണമെന്ന് മുദ്രാവാക്യം വിളിച്ച ആള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. റാലീയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഈയാഴ്ച ഉണ്ടായെക്കാം എന്നാണ് കരുതപ്പെടുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തു എന്നാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് കണക്കാക്കുന്നത്. റാലിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 26 പോലീസുകാര്‍ക്ക് പരിക്കേറ്റു. 24 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇത് കൂടുതല്‍ അറസ്റ്റുകളിലേക്ക് നയിച്ചേക്കാം. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. അതിനിടയിലാണ് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കീര്‍ സ്റ്റാര്‍മര്‍ വധിക്കപ്പെടേണ്ട വ്യക്തിയാണെന്ന് പറഞ്ഞത്. ആരെങ്കിലും അദ്ദേഹത്തെ വെടിവെയ്ക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്.

ബ്രിട്ടനില്‍ ഇന്ത്യാക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ്

നിങ്ങള്‍ ഈ രാജ്യക്കാരിയല്ല എന്ന് പറഞ്ഞുകൊണ്ട്, ബ്രിട്ടനില്‍ ജനിച്ച, സിഖ് മതവിശ്വാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായം 30 കളില്‍ ഉള്ള ഒരാളെയാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 9 ന് പകല്‍ എട്ടു മണിക്കും എട്ടരയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത്. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

അന്വേഷണം തുടരുകയാണെന്നും ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാപകല്‍, പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലെ ഓള്‍ഡ്ബറിയില്‍ ടെയിം റോഡ് പരിസരത്ത് വച്ചാണ് കുറ്റകൃത്യം നറ്റന്നത്. ഇതുമായി ബന്ധപ്പെട്ട രണ്ട് വെള്ളക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒരാള്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.