- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നു
തിരുവനന്തപുരം: കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒ പി അനില്‍കുമാര്‍ ഒളിവില്‍ തുടരുന്നു. കാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറിന്റെ ഉത്തരവില്‍ പറയുന്നു. എന്നിട്ടും അനില്‍കുമാറിനെ പിടിക്കാത്തത് പോലീസിലെ ചിലരുടെ കളികള്‍ മൂലമാണെന്ന് സൂചനയുണ്ട്.
സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിഐജി അജിത ബീഗം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ദക്ഷിണമേഖലാ ഐജി എസ് ശ്യാംസുന്ദറിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. പി അനില്‍കുമാറിന്റെ പ്രവൃത്തി സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നതാണെന്നും ഉത്തരവിലുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ നര്‍കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി പ്രദീപിനെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജാമ്യമില്ലാ കേസ് പ്രകാരം അന്വേഷണം നടത്തേണ്ട കുറ്റകൃത്യമാണ് ഇത്.
ഈ മാസം 7ന് പുലര്‍ച്ചെയായിരുന്നു അപകടം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അനില്‍ കുമാറിന്റെ വാഹനമാണ് കാല്‍നട യാത്രികനായ കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ (59) ഇടിച്ചിട്ടശേഷം കടന്നുകളഞ്ഞതെന്ന് തെളിഞ്ഞിരുന്നു. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് കേസ്. എസ്എച്ച്ഒ അനില്‍ കുമാര്‍ നിലവില്‍ ഒളിവിലാണെന്നാണെന്ന് കിളിമാനൂര്‍ പൊലീസ് പറയുന്നു.
ബംഗളൂരുവില്‍ മറ്റൊരു കേസില്‍ പ്രതിയെ അന്വേഷിച്ചു പോയ അനില്‍കുമാര്‍ ഞായറാഴ്ച രാവിലെ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായാണ് വിവരം. ബംഗ്ലൂരുവില്‍ നിന്നും പ്രതിയേയും പിടിക്കാനായില്ല. ഇടിച്ച കാര്‍ അനില്‍ കുമാര്‍ ഒളിപ്പിക്കാനും ശ്രമം നടത്തി. ഇതിനിടെ കാര്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടത്തിലാകുന്ന വാഹനങ്ങള്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്റ്റേഷനു സമീപം എംസി റോഡിലാണ് പാര്‍ക്ക് ചെയ്യുന്നതാണ് നിലവിലെ സ്ഥിതി. എന്നാല്‍ അനില്‍കുമാറിന്റെ കാര്‍ സ്റ്റേഷന്‍ വളപ്പിനുള്ളില്‍ മറ്റ് കാറുകള്‍ പാര്‍ക്ക് ചെയ്തതിന്റെ പിറകിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കാര്‍ കാണാന്‍ കഴിയാത്ത വിധമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.
കാറിടിച്ച് ഏറെ സമയം റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ച രാജന്റെ മരണത്തിന് ഉത്തരവാദിയായ എസ്എച്ച്ഒ അനില്‍കുമാറിന് എതിരെ നിയമ നടപടി ഉണ്ടാകണമെന്ന് രാജന്റെ സഹോദരങ്ങളായ രവി, ബേബി, കുഞ്ഞമ്മ ഇന്ദിര എന്നിവര്‍ ആവശ്യപ്പെട്ടു. അപകടത്തില്‍പെട്ട രാജനെ റോഡില്‍ ഉപേക്ഷിച്ചു പോയ എസ്എച്ച്ഒയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല, നിയമം സംരക്ഷിക്കേണ്ട, നിയമം നടപ്പിലാക്കേണ്ട എസ്എച്ച്ഒയുടെ ഭാഗത്ത്‌നിന്ന് കടുത്ത നിയമ ലംഘനമാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടം ഉണ്ടായത്. വിവരം സ്റ്റേഷനില്‍ അറിയിച്ച ശേഷം രാജനെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേല്‍ കൈതോട് സ്വദേശിയാണ് അനില്‍കുമാര്‍.
ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷന്‍ വിട്ട് അനില്‍ കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടശേഷം തെളിവ് നശിപ്പിക്കാനായി വര്‍ക്ക് ഷോപ്പില്‍ കൊണ്ടിട്ടിരുന്ന കാര്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.