- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഇരുട്ടിൽ എയർപോർട്ട് ലക്ഷ്യമാക്കി 'എയർഫോഴ്സ് വൺ' താഴ്ന്ന് പറന്നതും ജനരോഷം ഇളകി; തെരുവിൽ പ്ലക്കാർഡുകൾ ഉയർന്നു കാതടിപ്പിച്ച് മുദ്രവാക്യ വിളിയും; ഇതൊന്നും പൂസാതെ മെലാനിയയുടെ കൈപിടിച്ച് ട്രംപിന്റെ രാജകീയ വരവ്; രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ലണ്ടനില്; വൻ വരവേൽപ്പ് ഒരുക്കി കൊട്ടാരം; പ്രദേശത്ത് കനത്ത സുരക്ഷ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തി. യുഎസ് പ്രസിഡന്റിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനമാണിത്. ഭാര്യ മെലാനിയ ട്രംപിനോടൊപ്പം എയർഫോഴ്സ് വൺ വിമാനത്തിൽ ലണ്ടൻ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. 2019-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം.
ചാൾസ് രാജാവിന്റെ അതിഥിയായാണ് ട്രംപിന്റെ സന്ദർശനം. നാളെ വിൻഡ്‌സർ കൊട്ടാരത്തിൽ വെച്ച് ചാൾസ് മൂന്നാമൻ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടനിലേക്കുള്ള യാത്രാവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, "നാളെ ഒരു വലിയ ദിവസമായിരിക്കും" എന്ന് ട്രംപ് സൂചിപ്പിച്ചു.
രാജാവും ഭരണകൂടവും ചുവപ്പു പരവതാനി വിരിച്ച് സ്വീകരണം ഒരുക്കുമ്പോഴും, ട്രംപിനെ എതിർക്കുന്നവർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്നലെ രാത്രി തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ എഴുപതോളം വരുന്ന പ്രതിഷേധക്കാർ ട്രംപിനെതിരെ പ്ലക്കാർഡുകളുമായും പ്രതിഷേധ മുദ്രാവാക്യങ്ങളുമായും തമ്പടിച്ചിരുന്നു. ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടും പ്രതിഷേധം രൂക്ഷമായിരുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള ട്രംപിന്റെ വിമർശകരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.
സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ലണ്ടനിലെത്തിയ ട്രംപും മെലാനിയയും യുഎസ് അംബാസഡറുടെ വസതിയായ വിൻഫീൽഡ് ഹൗസിലാണ് രാത്രി തങ്ങിയത്. ഇന്ന് മുതൽ വിൻസർ കൊട്ടാരത്തിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നുകളും ആരംഭിക്കും. ട്രംപിനോടുള്ള ആദരസൂചകമായി മിലിട്ടറി പരേഡ്, എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനം, രാത്രിയിലെ അത്താഴ വിരുന്ന് എന്നിവ ഒരുക്കും. ട്രംപ് കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോൾ വിൻസറിലും ടവർ ഓഫ് ലണ്ടനിലും ആചാര വെടികൾ മുഴങ്ങും. ഉച്ചയ്ക്ക് പ്രസിഡന്റിനോടുള്ള ആദരസൂചകമായി ലണ്ടൻ നഗരത്തിൽ യുഎസ്-ബ്രിട്ടീഷ് വ്യോമസേനകൾ ഒരുമിച്ച് നടത്തുന്ന ഫ്ലൈ പാസ്റ്റ് പരേഡും നടക്കും.
ഈ സന്ദർശനം യുഎസ്-ബ്രിട്ടീഷ് ബന്ധങ്ങളിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാൻ ട്രംപിന്റെ ഈ സന്ദർശനം സഹായിച്ചേക്കും. എന്നാൽ, രാജ്യത്തിനകത്ത് നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഈ സന്ദർശനത്തെ ഒരു പരിധി വരെ സ്വാധീനിക്കാനും സാധ്യതയുണ്ട്.