തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വീട്ടില്‍ ഒരു മാസം മുന്‍പുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ ഉടമസ്ഥതാ രേഖയില്‍ കൃത്രിമം. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഒരു വര്‍ഷം ഉപയോഗിച്ച ശേഷമാണു മിനി കൂപ്പര്‍ കാബ്രിയോ കാര്‍ 2018 ജനുവരി 22നു പുനലൂര്‍ ആര്‍ടി ഓഫിസില്‍നിന്നു കേരള റജിസ്‌ട്രേഷന്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

പുതുച്ചേരിയിലെ രേഖകളില്‍ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തില്‍ എത്തിയപ്പോള്‍ 'ആദ്യത്തെ' ഉടമയായി എന്നത് മനോരമ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'അന്യ സംസ്ഥാനത്തുനിന്നുള്ള റജിസ്‌ട്രേഷന്‍' എന്നതിനു പകരം 'ടൈപ്പ് ന്യു' എന്നും പരിവഹന്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തു. കേരളത്തിലെ സെലിബ്രിറ്റികളുടെ കാറുകളുടെ പുതുച്ചേരി റജിസ്‌ട്രേഷന്‍ വിവാദമായ സമയത്തായിരുന്നു ഈ മാറ്റമെന്നതാണ് പുതിയ വാര്‍ത്ത. 2012ല്‍ നിര്‍മിച്ച്, ഇറക്കുമതി ചെയ്ത കാര്‍ 2013 ജൂണ്‍ 12നാണു നാഗ്പുര്‍ റൂറലില്‍ എംഎച്ച് 40 എസി 6666 എന്ന നമ്പറില്‍ അവിടത്തെ ഒരു വാഹന ഡീലര്‍ ആദ്യ ഉടമയായി റജിസ്റ്റര്‍ ചെയ്തത്. 2017ല്‍ പുതുച്ചേരിയിലെ കാര്‍ പാലസ്, നമ്പര്‍ 225, ഷോപ്പ് നമ്പര്‍ 1, സുബ്ബരായ പിള്ള സ്ട്രീറ്റ് എന്ന വിലാസത്തില്‍ മന്ത്രിയുടെ ഭാര്യയുടെ പേരിലേക്കു പിവൈസിക്യു 0012 എന്ന നമ്പറില്‍ ഉടമസ്ഥാവകാശം മാറ്റി.

വാഹനത്തിന്റെ ആദ്യ ഉടമ എന്ന നിലയ്ക്കാണ് 'ഓണര്‍ഷിപ് സീരിയല്‍ നമ്പര്‍ 1' എന്നു രേഖപ്പെടുത്തിയതെന്ന മറുപടിയാണു ഗതാഗത കമ്മിഷണറേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. ഭൂട്ടാന്‍ കാര്‍ വിവാദ ചര്‍ച്ചകള്‍ക്കിടെ പുതിയ ചര്‍ച്ച. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വീട്ടില്‍ ഒരു മാസം മുന്‍പുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ ഉടമസ്ഥതാ രേഖയില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം എത്തിയത്. മന്ത്രിയോടു വിശദീകരണം തേടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ പറയുന്നത്. കഴിഞ്ഞ മാസം ഈ കാര്‍ വില്‍പന നടത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഈ കാര്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് ഇതെല്ലാം നടത്തിയതെന്നാണ് ഉയരുന്ന വാദം ഉയര്‍ന്നിരുന്നു.

ഓപ്പറേഷന്‍ നുംഖോറി'നു പിന്നാലെ മലയാള സിനിമാതാരങ്ങളുടെ പഴയ വാഹനനികുതി വെട്ടിപ്പ് വീണ്ടും ചര്‍ച്ചയായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരാണു നേരത്തേ വാഹന നികുതി വെട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളവര്‍. അന്ന് സുരേഷ് ഗോപിക്കെതിരെ സൈബര്‍ സഖാക്കള്‍ പല ട്രോളുകളും ഇറക്കി. അത് ഇന്നും തുടരുന്നു. അന്ന് എല്ലാം നടന്മാരുടെ കുറ്റം ആക്കിയവര്‍ ഭൂട്ടാനില്‍ നിന്നുള്ള നടന്മാരുടെ കാര്‍ കടത്തിനെ നിസ്സാര വത്സരിക്കുന്നു. നടന്മാര്‍ ചതിയില്‍ പെട്ടുവെന്നാണ് അവരുടെ പ്രതികരണം. പുതുച്ചേരി ചാവടിയിലെ അപ്പാര്‍ട്ട്മെന്റില്‍ താത്കാലിക താമസക്കാരന്‍ എന്ന നിലയിലാണു 2010ല്‍ വാങ്ങിയ കാര്‍ സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തത്. രണ്ടു കാറുകളുടെ കാര്യത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ഒന്നില്‍ മാത്രമാണു കേസ് രജിസ്റ്റര്‍ ചെയ്തതും നടപടിയെടുത്തതും.

വ്യാജ മേല്‍വിലാസം ഉണ്ടാക്കി താരം ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയതായി അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഫഹദ് ഫാസിലും അമല പോളുമാണ് സമാന ആരോപണം നേരിട്ട മറ്റു രണ്ട് അഭിനേതാക്കള്‍. ഇരുവര്‍ക്കുമെതിരേ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ വിരോധം മൂലമാണെന്ന വാദവും ഉയര്‍ന്നിരുന്നു.

ഫഹദ് ഫാസില്‍ കേരളത്തിലേക്കു രജിസ്‌ട്രേഷന്‍ മാറ്റുകയും 19 ലക്ഷത്തോളം രൂപ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. ഫഹദിനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. അമല പോള്‍ ബംഗളൂരുവില്‍നിന്നു വാങ്ങിയ വാഹനം കേരളത്തിലെത്തിക്കാഞ്ഞതിനാല്‍ നടപടി സ്വീകരിക്കാനായില്ലെന്നാണ് ഉയര്‍ന്ന വാദം.