ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയ യുവാവ് മരിച്ചുവെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നത്. കരൂര്‍ സ്വദേശി കവിനാണ് മരിച്ചത്. ഇന്നലെ ദുരന്തത്തില്‍ പരിക്കേറ്റ കവിന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചവരില്‍ ഒമ്പത് കുട്ടികളുമുണ്ട്. 111 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്. വിജയ്യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണന്‍ എന്നയാള്‍ ആണ് ഹര്‍ജിക്കാരന്‍. വൈകീട്ട് 4:30ന് ഹര്‍ജി കേള്‍ക്കാമെന്ന് ജസ്റ്റിസ് സെന്തില്‍കുമാര്‍ അറിയിച്ചു.

കരൂര്‍ സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പൊലീസ് സ്ഥലത്ത് മതിയായ സുരക്ഷ നല്‍കിയിട്ടില്ലെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തന്നെ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയുടെ പരിപാടിക്ക് മാത്രമാണ് പൊലീസ് സുരക്ഷ നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ദുരന്തത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തമിഴ്നാട് ബിജെപി ആരോപിക്കുന്നു.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനുപിന്നാലെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കള്‍ ഒളിവില്‍ പോയി. ദുരന്തത്തിനുശേഷം വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങുന്നത് വരെ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഇവര്‍ ഒളിവില്‍ പോയത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ടിവികെ സംസ്ഥാന പര്യടനം നിര്‍ത്തിവച്ചിട്ടുണ്ട്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവമാണ് ദുരന്തത്തിന് കാരണമെന്നാണ് ബിജെപി നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും, അതിനനുസരിച്ച് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാനും, മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാനുമുള്ള ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും അശ്രദ്ധമായി പ്രവര്‍ത്തിച്ച തമിഴ്നാട് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി അത്യന്തം അപലപനീയമാണെന്നും കെ അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. അതേസമയം, കരൂരിലേക്ക് പോകാന്‍ പൊലീസ് അനുമതി തേടി വിജയ് . അനുമതി ലഭിച്ചാല്‍ അദ്ദേഹം കരൂരിലെത്തും. വിജയ്യുടെ അറസ്റ്റ് ഉടനുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.