- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2025 ലെ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡെക്സില്‍ യു.കെയെ ചൈന മറികടന്നു; ഇന്ത്യ മുപ്പതാമതും; ഒന്നാമന് അമേരിക്ക തന്നെ
2025 ലെ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ സോഫ്റ്റ് പവര്‍ ഇന്‍ഡെക്സില്‍ യു.കെയെ ചൈന മറികടന്നു. ഇപ്പോള്‍ ചൈന രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നൂറിലധികം രാജ്യങ്ങളിലായി 170,000-ത്തിലധികം ആളുകളില്‍ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. 193 യു.എന്‍ അംഗരാജ്യങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേഖലയില്‍ നേരത്തേ ഉണ്ടായിരുന്ന പ്രശസ്തിക്ക് ഇടിവ് സംഭവിച്ചിട്ടും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് അമേരിക്കയുടെ ഏറ്റവും വലിയ നേട്ടമായി മാറുന്നത്. അതേസമയം 2019-ല്‍ സര്‍വേ ആരംഭിച്ചതിനുശേഷം ചൈന ആദ്യമായിട്ടാണ് യു.കെയെക്കാള്‍ മുന്നിലെത്തിയത്. ജപ്പാനും ജര്‍മ്മനിയും നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും തുടര്‍ന്നു. ഇന്ത്യ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ്.
അന്താരാഷ്ട്ര തലത്തില്‍ ഒരു രാജ്യത്തിന്റെ മുന്‍ഗണനകള്‍ക്കും പെരുമാറ്റങ്ങള്‍ക്കും സ്വാധീനിക്കാനുള്ള കഴിവിനെ ആസ്പദമാക്കിയാണ് ബ്രാന്‍ഡ് ഫിനാന്‍സ് സോഫ്റ്റ് പവര്‍ അവരുടെ സ്ഥാനം നിര്‍ണയിക്കുന്നത്. 55 മെട്രിക്സുകളിലായി നൂറോളം രാജ്യങ്ങള്‍ക്കാണ് സ്‌കോര്‍ നല്‍കുന്നത്. യു.എ.ഇ പത്താം സ്ഥാനത്ത് ഉണ്ടായിരുന്നത് ഒഴിച്ചാല്‍, മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ക്ക് പൊതുവേ വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്‍ സാല്‍വഡോര്‍ മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. ഇക്കൂട്ടത്തില്‍ വളരെ പിന്നിലായിരുന്നിട്ടും അതിവേഗം മുന്നിലെത്തിയ രാജ്യമാണ് എല്‍സാല്‍വഡോര്‍.
ഇസ്രായേലിന് അതിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടായിരുന്ന പദവിക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. ബ്രാന്‍ഡ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ ഡേവിഡ് ഹെയ് വിശദീകരിക്കുന്നത് ചൈനയ്ക്ക് മുന്നേറാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഫലമായിട്ടാണ് എന്നാണ്. ചൈന അതിന്റെ സോഫ്റ്റ് പവര്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെ ആദ്യമായി യുണൈറ്റഡ് കിംഗ്ഡത്തേക്കാള്‍ ഉയര്‍ന്ന റാങ്കില്‍ എത്തിയത് ഇതിന്റെ ഫലമായിട്ടാണ്. 2025 ലെ റാങ്കിംഗ് ചൈനയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
നിക്ഷേപം നടത്തുന്നതിന് സുരക്ഷിതവും സുസ്ഥിരവുമായ ഒരു രാഷ്ട്രമെന്ന ഖ്യാതി ഉയര്‍ത്തുന്നതില്‍ സുപ്രധാന ചുവടുവെയ്പായിരിക്കും ഈ പദവി എന്നാണ് കരുതപ്പെടുന്നത്. അതേ സമയം യു.കെ സോഫ്റ്റ് പവര്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് എന്നും ബ്രാന്‍ഡ് ഫിനാന്‍സ് കരുതുന്നു.