- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന-തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പേരോ എപിക് നമ്പറോ ഉപയോഗിച്ച് പോര്‍ട്ടലിലെ വോട്ടര്‍ പട്ടികയില്‍ വോട്ടറെ തിരയാന്‍ നിര്‍വാഹമില്ലാത്തത് ദുരൂഹത; ഇരട്ട വോട്ടുകാര്‍ക്ക് 'തദ്ദേശത്തില്‍' കോളടിക്കും; പേരു നീക്കുന്നതും വിവാദത്തില്‍
തിരുവനന്തപുരം: ദേശീയ തലത്തില്‍ 'ഇരട്ട വോട്ടുകള്‍'ക്കെതിരെ വാദിക്കുന്ന ഇടതുപക്ഷം ഇതൊന്നും അറിയുന്നില്ലേ? തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നിന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നീക്കിയത് വിവാദത്തില്‍. ഇതോടെ തദ്ദേശ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കൂടും. ഒരാള്‍ക്ക് പല പഞ്ചായത്തില്‍ വോട്ടു ചെയ്യാന്‍ കഴിയും. ഒരേ എപിക് നമ്പര്‍ ഉപയോഗിച്ച് ഒരാളുടെ തന്നെ പേര് ഒരു തദ്ദേശ സ്ഥാപനത്തിലെ പല വാര്‍ഡുകളിലും ഒരേ വാര്‍ഡിലെ പല ബൂത്തുകളിലുമായി പട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇനി ഇത് അത്രവേഗം കണ്ടെത്താന്‍ കഴിയില്ല. തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ സെര്‍ച്ചിലൂടെയാണ് ഈ തട്ടിപ്പ് കണ്ടെത്തിയിരുന്നത്.
നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനാണ്. കേന്ദ്ര നിയമ പ്രകാരമാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം. കേരളത്തില്‍ അടക്കമുള്ള ചീഫ് ഇലക്ഷന്‍ ഓഫീസറാണ് സംസ്ഥാനങ്ങളില്‍ ഈ തിരഞ്ഞെടുപ്പുകളുടെ ഏകോപനം നിര്‍വ്വഹിക്കുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് ഈ സംവിധാനത്തിലൂടെയാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന നിയമ പ്രകാരമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി മറ്റൊരു വോട്ടര്‍ പട്ടികയും ഉണ്ട്. ഈ പട്ടികയില്‍ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ ്കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുന്നത്.
കോണ്‍ഗ്രസിന്റെ മിഷന്‍ 2025ന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനിലെ പട്ടികയില്‍ നടത്തിയ തിരച്ചിലിലാണ് വ്യാപകമായി ഇരട്ട വോട്ട് കണ്ടെത്തിയത്. ഇതിന്റെ നടപടികള്‍ നടന്നുവരവേയാണ്, വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലില്‍ സേവനങ്ങള്‍ പെട്ടെന്നു നിലച്ചത്. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കി ഒരാഴ്ചയ്ക്കു ശേഷം പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ എപിക് നമ്പര്‍ മുഴുവന്‍ പട്ടികയില്‍ നിന്നു മുന്നറിയിപ്പില്ലാതെ നീക്കിയെന്നാണ് ആരോപണം.
എല്ലാ വോട്ടര്‍മാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പറും നല്‍കി. എസ് ഇ സി എന്ന ഇംഗ്ലിഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേരുന്നതാണു സവിശേഷ തിരിച്ചറിയല്‍ നമ്പര്‍. എപിക് നമ്പര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംവിധാനം ഉള്ളതായി പോര്‍ട്ടലില്‍ ' സേര്‍ച് ബാര്‍' ഉണ്ടെങ്കിലും സേവനം മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പേരോ എപിക് നമ്പറോ ഉപയോഗിച്ച് പോര്‍ട്ടലിലെ വോട്ടര്‍ പട്ടികയില്‍ വോട്ടറെ തിരയാന്‍ നിര്‍വാഹമില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരട്ടവോട്ടര്‍മാരെ കണ്ടെത്തി പട്ടിക ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളൊന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നില്ലെന്ന് ആരോപണമുണ്ട്. സ്വമേധയാ ഇത്തരം വോട്ടര്‍മാരെ കണ്ടെത്താന്‍ ശ്രമിച്ച ഒട്ടേറെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ സംസ്ഥാനത്തുണ്ട്. മധ്യകേരളത്തില്‍ ഇത്തരമൊരു ശ്രമത്തിലൂടെ ഒരു നഗരസഭയില്‍ മാത്രം നാനൂറില്‍പരം വോട്ടുകളാണ് രണ്ടാഴ്ച കൊണ്ടു നീക്കിയത്.
പട്ടികയില്‍ നിന്നു പേരുകള്‍ നീക്കം ചെയ്യുന്നതിലും കൃത്രിമം നടക്കുന്നതായി ആക്ഷേപമുണ്ട്. പേര് ഒഴിവാക്കാന്‍ ഫോം അഞ്ചില്‍ സമര്‍പ്പിക്കുന്ന ഇത്തരം അപേക്ഷകളില്‍ പരാതിക്കാരനും സാക്ഷ്യപ്പെടുത്തുന്ന വോട്ടര്‍മാര്‍ക്കും മാത്രമേ നോട്ടിസുകള്‍ അയയ്ക്കുന്നുള്ളൂ. പേരു നീക്കം ചെയ്യുന്ന വോട്ടര്‍ക്ക് നോട്ടിസ് അയയ്ക്കാറേ ഇല്ലെന്നാണ് ആക്ഷേപം. നിയമപ്രകാരം ഇയാള്‍ക്കും നോട്ടിസ് നല്‍കണം. ഇതു കാരണം പലരും വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തു പോകുന്നു.