- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിലെ വിഐപി പ്രതിനിധികള്‍ തങ്ങിയത് കുമരകത്തെ ആഡംബര റിസോര്‍ട്ടുകളില്‍; മുറിവാടക ഇനത്തില്‍ ദേവസ്വംബോര്‍ഡ് നല്‍കിയത് ലക്ഷക്കണക്കിന് രൂപ; സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയെന്ന വാദം പൊളിയുന്നു; 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ ദേവസ്വം ഫണ്ടില്‍ പണം അനുവദിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനടക്കം കോടികള്‍ ചെലവഴിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതില്‍ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളുമായിരുന്നു. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാന്‍സ് തുകയായി ദേവസ്വം ഫണ്ടില്‍ നിന്ന് നല്‍കിയത്. പമ്പയില്‍ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതില്‍ വലിയ ധൂര്‍ത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
സംഗമത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ തങ്ങിയത് ആഡംബര റിസോര്‍ട്ടുകളിലാണെന്നും മുറിവാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. സ്‌പോണ്‍സര്‍മാര്‍ ആണ് സംഗമത്തിന് പണം നല്‍കിയതെന്ന വാദം സംഘാടകര്‍ ഉന്നയിച്ചിരുന്നുവെങ്കിലും ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കിയെന്ന വിവരമാണ് പുറത്തുവരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടില്‍ നിന്നാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ ഈ തുക 'റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ്' എന്ന ഹെഡില്‍ നിന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രധാനമായും നാല് റിസോര്‍ട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോര്‍ട്ടിന് 3,39,840 രൂപയും പാര്‍ക്ക് റിസോര്‍ട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോര്‍ട്ടിന് 25,000 രൂപയും അഡ്വാന്‍സായി അനുവദിച്ചിരുന്നു. ഈ തുകകള്‍ അഡ്വാന്‍സ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കില്‍ അത് അക്കൗണ്ടില്‍ നിന്ന് പേ ചെയ്യുമെന്നും ഉത്തരവില്‍ ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണര്‍ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17-ന്, പ്രതിനിധികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.
അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ യാതൊരു വേര്‍തിരിവുമില്ലെന്നും വിഐപികള്‍ ഇല്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു എന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോള്‍, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികള്‍ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഭരിക്കാന്‍ ഏല്‍പ്പിച്ചവര്‍ ഭരിക്കട്ടെയെന്നും കണക്കുകള്‍ ഹൈക്കോടതിയില്‍ കൊടുക്കുമെന്നും വിഷയത്തില്‍ സിപിഎം നേതാവ് കെ. അനില്‍ കുമാര്‍ പറഞ്ഞു. ശബരിമലയിലെ അയ്യപ്പ സംഗമം, ക്ഷേത്ര വികസനം സംബന്ധിച്ച് വളരെ ഗുണകരമായ ഒരു 'തീം' ജനങ്ങളിലേക്ക് എത്തിച്ചുവെന്നും, ഇതിന്റെ മൂല്യം ഇപ്പോള്‍ കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരു പ്രവര്‍ത്തനമാണെന്നും, തമിഴ്നാട്, മറ്റ് സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്നവര്‍ ഈ ക്ഷേത്രത്തിന്റെ അംബാസഡര്‍മാരെപ്പോലെ പ്രവര്‍ത്തിക്കും. ക്ഷേത്ര പുരോഗതിക്ക് വേണ്ടി നാളെ നേരിട്ട് ക്ഷേത്രത്തിലേക്ക് സഹായം എത്തിക്കാന്‍ കഴിയുന്ന ബന്ധങ്ങളാണ് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് പണം ചെലവഴിച്ചത് ദേവസ്വത്തിന്റെ പക്കല്‍ നിന്നാണെന്ന് ബോര്‍ഡ് അംഗം എ അജികുമാര്‍ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. മൂന്ന് കോടി രൂപ അനുവദിച്ചത് റിലീജിയസ് കണ്‍വെന്‍ഷന്‍ ഡിസ്‌കോഴ്‌സ് എന്ന ഹെഡില്‍ നിന്നാണെന്ന് അജികുമാര്‍ സമ്മതിച്ചു. ദേവസ്വം ബോര്‍ഡിന്റെ ബഡ്ജറ്റില്‍ ഈ ഹെഡിന് കീഴില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക ദേവസ്വം ഫണ്ടില്‍ ഉള്‍പ്പെടുന്നതാണ്. ദേവസ്വം ഫണ്ട് എടുക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്ന സാഹചര്യത്തില്‍, ഈ വെളിപ്പെടുത്തല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച വിഷയമാവുകയും കോടതി അലക്ഷ്യമായി കണക്കാക്കപ്പെടുകയും ചെയ്‌തേക്കാം.
അജികുമാറിന്റെ വിശദീകരണം അനുസരിച്ച്, ഒട്ടേറെ സ്‌പോണ്‍സര്‍മാര്‍ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, അക്കൗണ്ടിലേക്ക് പണം വരാന്‍ ചെറിയ കാലതാമസം വരും. അതുകൊണ്ട്, താല്‍ക്കാലിക എക്‌സ്‌പെന്‍സ് (ചെലവുകള്‍) നിറവേറ്റാന്‍ വേണ്ടി ഈ ഹെഡില്‍ നിന്ന് അഡ്വാന്‍സ് രൂപത്തില്‍ താല്‍ക്കാലിക ക്രമീകരണം എന്ന നിലയിലാണ് മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തിയതെന്നാണ്. സ്‌പോണ്‍സര്‍മാരുടെ ഫണ്ട് അക്കൗണ്ടിലേക്ക് വരുമ്പോള്‍ ഈ തുക ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടയ്ക്കുമെന്നും, അധികമായി ഫണ്ട് വരുകയാണെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് മാറ്റുമെന്നുമാണ് ബോര്‍ഡ് അംഗം വെളിപ്പെടുത്തിയത്.
സര്‍പ്ലസ് ഫണ്ടിലെ തുക
ദേവസ്വം സര്‍പ്ലസ് ഫണ്ടില്‍ നിന്ന് ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. ബോര്‍ഡിന്റെ വാര്‍ഷിക ബജറ്റില്‍ ശമ്പളം, പെന്‍ഷന്‍, മരാമത്ത് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയവയ്‌ക്കൊപ്പം തന്നെ മതസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്തുന്നതിനായി തുക വകയിരുത്താറുണ്ട്. റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സസ് എന്ന ശീര്‍ഷകത്തിലാണ് ഇത്തരത്തില്‍ തുക വകയിരുത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം അക്കൗണ്ട്‌സ് ഓഫീസറുടെ പേരില്‍ ഒരു പ്രത്യേക സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇതിനായുള്ള വരവും ചെലവും ഈ അക്കൗണ്ട് മുഖാന്തിരം ആണ് കൈകാര്യം ചെയ്തു വന്നത്. സര്‍പ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയില്‍നിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
സര്‍പ്ലസ് ഫണ്ടിലെ തുക ചെലവാക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന് സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള തുക ഇതിനായുള്ള ബാങ്ക് അക്കൗണ്ടില്‍ സ്വീകരിച്ച് അതില്‍നിന്നുമാണ് ചെലവ് ചെയ്യുന്നത്. ബോര്‍ഡ് ഫണ്ടില്‍ നിന്നും തുക മതപരമായ സമ്മേളനങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ചെലവ് ചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തില്‍ ചെലവ് ചെയ്യപ്പെടുന്ന തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ നികത്താനുള്ള നടപടികളാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്.
ചെലവ് കഴിഞ്ഞ് മിച്ചം തുക ലഭിക്കുകയാണെങ്കില്‍ അത് ദേവസ്വം ഫണ്ടായി മാറുന്നതാണ്. സര്‍പ്ലസ് ഫണ്ടില്‍ നിന്നും ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.