തിരുവനന്തപുരം: കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേരളം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണെങ്കില്‍ ചുമ മരുന്ന് നല്‍കരുതെന്ന് മരുന്ന് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മധ്യപ്രദേശില്‍ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായെന്ന് പരാതി ഉയര്‍ന്ന കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പികളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170 ബോട്ടിലുകള്‍ കേരളത്തില്‍നിന്ന് ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ മേഖലകളില്‍നിന്നാണ് ഇത് ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആര്‍ 13 ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിഗമനം.

കോള്‍ഡ്രിഫിന്റെ വില്പന പൂര്‍ണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല. ഈ കഫ് സിറപ്പിന്റെ വില്പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും. ഡ്രഗ്‌സ് കണ്‍ട്രോളര്‍ മരുന്നു വ്യാപാരികള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയാലും ഇവര്‍ക്ക് മരുന്നു നല്‍കില്ല. അതേസമയം കേന്ദ്ര നിര്‍ദേശപ്രകാരം സംസ്ഥാനത്തും രണ്ടു വയസിനും മുകളിലുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി. മധ്യപ്രദേശില്‍ ഒന്‍പതും രാജസ്ഥാനില്‍ മൂന്നും കുട്ടികള്‍ കഫ് സിറപ്പ് കഴിച്ചതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികള്‍ക്ക് അനാവശ്യമായി കഫ് സിറപ്പ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം വന്നിട്ടുണ്ട്. മരുന്നുപയോഗം യുക്തിസഹമാണെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗം നിര്‍ദേശിച്ചു. മരുന്നുപയോഗത്തില്‍ മാതാപിതാക്കള്‍, ഫാര്‍മസിസ്റ്റുകള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. എല്ലാ മരുന്ന് നിര്‍മാതാക്കളും പുതുക്കിയ ഷെഡ്യൂള്‍ എമ്മിന് കീഴിലുള്ള ഗുണനിലവാര ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ 'കോള്‍ഡ്റിഫ്' കഫ്സിറപ്പില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍(ഡിഇജി) അനുവദനീയമായതില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു.

കഫ് സിറപ്പ് കഴിച്ച കുട്ടികള്‍ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകളും ആന്റി ബയോട്ടിക്കുകളുമടക്കം 19 തരം മരുന്നുകള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളിലാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ) പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ മരുന്നുനിര്‍മാണ ശാലയില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് അധികൃതര്‍ മുദ്രവെച്ചു. ഇവിടത്തെ പരിശോധനയില്‍ മരുന്നിന്റെ ഒരു ബാച്ചില്‍ ഡൈ എഥിലിന്‍ ഗ്ലൈക്കോള്‍ വന്‍തോതില്‍ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും.

മധ്യപ്രദേശില്‍ കോള്‍ഡ്റിഫിന്റെയും അതുണ്ടാക്കിയ കമ്പനിയുടെ മറ്റുമരുന്നുകളുടെയും വില്‍പ്പന നിരോധിച്ചു. രാജസ്ഥാനില്‍ കുട്ടികളുടെ മരണത്തിന് കാരണമായതെന്നു കരുതപ്പെടുന്ന കഫ് സിറപ്പ് നിര്‍മിച്ച ജയ്പുര്‍ ആസ്ഥാനമായുള്ള കെയ്സണ്‍ ഫാര്‍മയുടെ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ മരണത്തിന് കാരണമായ കഫ്സിറപ്പ് എഴുതിനല്‍കിയ സര്‍ക്കാര്‍ ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിന്ദ്വാഡയിലെ പരസിയയിലുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോ. പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മരുന്ന് ഉല്‍പ്പാദിപ്പിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള കന്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രണ സംഘടന (സിഡിഎസ്സിഒ) ശുപാര്‍ശ നല്‍കി. 19 സാന്പിളാണ് ശേഖരിച്ചത്. ഇതുവരെ പരിശോധിച്ച പത്തെണ്ണത്തില്‍ 'കോള്‍ഡ്റിഫ്' ഒഴികെ ബാക്കി എല്ലാത്തിനും ഗുണനിലവാരമുണ്ട്.