- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബമ്പറടിച്ചിട്ടും ജോലിയോടുള്ള ആവേശത്തിന് കുറവില്ല; കഴിഞ്ഞ ദിവസവും ജോലിക്ക് പോയി; നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ മാനേജര്‍ ഇന്‍ചാര്‍ജ് ജാഡകളൊന്നുമില്ലാതെ പണി നോക്കി; ഇത് വ്യത്യസ്താനാം കോടിപതി; തൈക്കാട്ടുശേരി ശരത് വ്യത്യസ്തനാകുമ്പോള്‍
ആലപ്പുഴ: ശരത്ത് ഇന്നലെയും ജോലിക്കു പോയി. 12 വര്‍ഷമായി നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ ജീവനക്കാരനാണ് ശരത്. നിലവില്‍ കമ്പനിയില്‍ മാനേജര്‍ ഇന്‍ചാര്‍ജ് ആയി ജോലി ചെയ്യുകയാണ്. കോടിയുടെ ഭാഗ്യം എത്തിയിട്ടും ജോലിയില്‍ സജീവമാകുകയാണ് ശരത്. ഈ വര്‍ഷത്തെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശി ശരത് എസ്. നായര്‍ക്കാണ് ലഭിച്ചത്. ഈ ശരത്താണ് ലോട്ടറി അടിച്ചിട്ടും അമിതാവേശമില്ലാതെ മുമ്പോട്ട് പോകുന്നത്.
നറുക്കെടുപ്പുനടന്ന ദിവസം ജോലി പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ലീവ് പറഞ്ഞാണ് ശരത്ത് വീട്ടിലേക്കു പോയത്. ജോലിസ്ഥലത്തുനിന്നു ഭാര്യയെ വിളിച്ച് ബംപറടിച്ച കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നതു ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണു കാര്യം പറഞ്ഞിരുന്നത്. നെട്ടൂരില്‍ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. തൈക്കാട്ടുശേരി നെടുംചിറയില്‍ ശശിധരന്‍ നായരുടെയും രാധാമണിയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ശരത്. അനുജന്‍ രഞ്ജിത്ത്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണയാണ് ശരത്തിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
ആദ്യമായാണ് ഓണം ബംപര്‍ എടുത്തതെന്നും വളരെയേറെ സന്തോഷമുണ്ടെന്നും ശരത്ത് പറഞ്ഞു. കുടുംബം വളരെ സന്തോഷത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. തൈക്കാട്ടുശേരി മണിയാതൃക്കല്‍ കവലയ്ക്കു സമീപത്താണ് ശരത്തിന്റെ വീട്. മൂന്നുവര്‍ഷം മുന്‍പു നിര്‍മിച്ച വീട്ടിലാണു താമസം. അച്ഛന്‍ ശശിധരനു പക്ഷാഘാതം ബാധിച്ചിരിക്കുകയാണ്. വീടു നിര്‍മിച്ചതിന്റെ ബാധ്യത തീര്‍ക്കും. ഫലം പ്രഖ്യാപിച്ച സമയത്തുതന്നെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ശരത് മനസിലാക്കിയിരുന്നു. ഇതിനിടയില്‍ ഒരു സ്ത്രിക്കാണു ലോട്ടറി അടിച്ചത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എസ്ബിഐയുടെ തൈക്കാട്ടുശേരി ശാഖയിലായിരുന്നു ശരത്തിന് അക്കൗണ്ട്. എന്നാല്‍ തൈക്കാട്ടുശ്ശേരി ശാഖ അടുത്തിടെ തുറവൂര്‍ ശാഖയുമായി ലയിച്ചിരുന്നു. ലോട്ടറി അടിച്ച വിവരം രഹസ്യമായി വച്ച ശരത് ഇന്നലെ അപ്രതീക്ഷിതമായാണ് എസ്ബിഐയുടെ തുറവൂര്‍ ശാഖയിലേക്കു ടിക്കറ്റുമായി എത്തിയത്.
സാധാരണ ലോട്ടറികളെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് ശരത് ബംപര്‍ ലോട്ടറിയെടുക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ കടയില്‍ നിന്നും യാദൃശ്ചികമായാണ് ലോട്ടറിയെടുത്തതെന്നും ശരത്ത് പറഞ്ഞു. ലോട്ടറി വിറ്റയാള്‍ക്ക് തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് തോന്നുന്നുവെന്നും ശരത്ത് പറയുന്നു. സമ്മാനത്തുകയുമായി എന്ത് ചെയ്യാനാണ് തീരുമാനം എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് മറുപടി. ''ആലോചിച്ചു ചെയ്യാം''. വീടുണ്ട്. അത് വച്ചതിന്റെ കുറച്ചു കടങ്ങള്‍ വീട്ടാനുണ്ടെന്നും ശരത് പറഞ്ഞു.