ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്ക് കനത്ത തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് കന്നഡ ചിത്രീകരിക്കുന്ന സ്ഥലം അടച്ചുപൂട്ടാന്‍ കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (കെഎസ്പിസിബി) നോട്ടീസ് നല്‍കി. ബിഗ് ബോസ് ഷോ സംപ്രേഷണം ചെയ്യുന്ന സ്റ്റുഡിയോയിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ ബെസ്‌കോമിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാമനഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് ഷോ നിര്‍ത്തിവെക്കാനും സ്ഥലം ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ബംഗളൂരു ബിഡദി ഹോബ്ലിയിലെ ജോളി വുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്സിലെ ബിഗ് ബോസ് സെറ്റിനാണ് നോട്ടീസ്. ഗുരുതരമായ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി. സ്ഥലത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള വ്യാവസായിക മേഖലയിലെ വെല്‍സ് സ്റ്റുഡിയോസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലാണ് കന്നഡ ബിഗ് ബോസ് ഷോ നടക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന മലിനജലം യാതൊരു സംസ്‌കരണവുമില്ലാതെ പുറത്തേക്ക് ഒഴുക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ 250 ലിറ്റര്‍ ശേഷിയുള്ള എസ്ടിപി (STP) നല്‍കിയിട്ടുണ്ടെങ്കിലും, മലിനജലം അതിലേക്ക് എത്താത്തതിനാലും കമ്മീഷന്‍ ചെയ്യാത്തതിനാലും മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടുന്നില്ല.

കൂടാതെ, വാട്ടര്‍ ഫ്‌ലോ പാത്ത് ചാര്‍ട്ട് തയ്യാറാക്കാത്തതും, എസ്ടിപി യൂണിറ്റുകള്‍ ലേബല്‍ ചെയ്യാത്തതും, ഡിസ്‌പോസിബിള്‍ പേപ്പറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിക്കാതെ സംസ്‌കരിച്ചതും ഗുരുതരമായ നിയമലംഘനമായി ബോര്‍ഡ് ചൂണ്ടിക്കാട്ടി. 625 കെവിഎയുടെ (02 എണ്ണം) 500 കെവിഎ ഡിജി സെറ്റുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.

1974ലെ ജല മലിനീകരണ നിയന്ത്രണ നിയമവും 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരമുള്ള സമ്മതവും മറ്റും നേടാതെ വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസരം ഉപയോഗിക്കുന്നുവെന്ന് ബോര്‍ഡ് പറയുന്നു. മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതടക്കം കെഎസ്പിസിബി ചൂണ്ടിക്കാട്ടുന്നുണ്ട്.

അടച്ചുപൂട്ടല്‍ ഉത്തരവിന്റെ പകര്‍പ്പുകള്‍ രാമനഗര ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍, ബെസ്‌കോം മാനേജിംഗ് ഡയറക്ടര്‍, രാമനഗര താലൂക്കിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്. നടന്‍ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ പതിപ്പ് വര്‍ഷങ്ങളായി ബിഡദിയില്‍ പ്രത്യേകം നിര്‍മ്മിച്ച ഒരു സെറ്റിലാണ് ചിത്രീകരിച്ചത്.