- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവന്‍ അപകടത്തിലായിട്ട് ഞങ്ങള്‍ എന്ത് ജോലി ചെയ്യാനാ'; താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റതില്‍ ജീവനക്കാരുടെ പ്രതിഷേധം; മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെജഎംഒഎ; മറ്റു ആശുപത്രികളിലും പണിമുടക്കും; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലേക്ക്. ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങി. താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ സേവനവും നിര്‍ത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും സംഘടന അറിയിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമര്‍ജന്‍സി സര്‍വീസുകള്‍ ഒഴികെയുള്ള സേവനങ്ങള്‍ ഷട്ട് ഡൗണ്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവന്‍ അപകടത്തിലായിട്ട് ജോലി ചെയ്യാന്‍ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അദ്ദേഹത്തെ നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കിന്റെ സ്വഭാവം ഗുരുതരമാണ്. ആക്രമണത്തില്‍ തലയില്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയും സ്‌കള്‍ ബോണ്‍ ഫ്രാക്ച്ചര്‍ (തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടല്‍) ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സി.ടി. സ്‌കാന്‍ എടുത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാഴായെന്നും കെജിഎംഒഎ പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടി. രണ്ടു മക്കള്‍ക്കൊപ്പമാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് ഇയാള്‍ സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ഈ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് തടയാന്‍ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചേ മതിയാവൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമര്‍ജന്‍സി സര്‍വീസ് ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി സേവനങ്ങള്‍ അടക്കമുള്ള എല്ലാ സേവനങ്ങളും ഇപ്പോള്‍ മുതല്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രികള്‍ മുഴുവനും ഇതില്‍ ഉള്‍പ്പെടും. ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നു എന്നാണ് അവരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാള്‍ വന്ന് ബാഗില്‍ നിന്ന് വടിവാള്‍ എടുത്ത് വെട്ടിയത് എന്ന് ഡോക്ടര്‍ വിപിന്റെ കൂടെ കാഷ്വാലിറ്റിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ കിരണ്‍ വ്യക്തമാക്കി. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസ്സുള്ള കുട്ടിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.