കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപ്പിടുത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീപടര്‍ന്നത്. തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീ അണക്കാന്‍ ശ്രമം തുടരുകയാണ്.

കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി ആറ് ഫയര്‍ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപ്പിടുത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് അകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചോടെ കെ ബി ആര്‍ കോംപ്ലക്‌സിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കടകള്‍ കത്തി നശിച്ചു. നാല് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തീ മറ്റു കെട്ടിടങ്ങളിലേക്കും പടര്‍ന്നു പിടിച്ചു. പത്തിലേറെ കടകള്‍ കത്തിനശിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഒരു ഭാഗത്തെ തീ നിയന്ത്രണ വിധേയമായതായാണ് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രദേശത്ത് നിന്നും ആളുകള്‍ ഒഴിഞ്ഞതിനാല്‍ ആളപായം ഒഴിവായി.

തീയണയ്ക്കാന്‍ ആവശ്യമായ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്‍ ഇതിനകം പൂര്‍ണമായും കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്‌നിശമനസേനാ യൂണിറ്റുകളോടും പ്രദേശത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.