- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി; പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ ഗഡ്ഗരി എത്തും; ചോദിച്ചതെല്ലാം തരുമെന്ന് മോദിയും അമിത് ഷായും മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി; കേരളം വീണ്ടും പ്രതീക്ഷയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും നിവേദനങ്ങളായും നേരില്‍ വിശദീകരിച്ചും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തി. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു. നാലു പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. കൂടിക്കാഴ്ച പ്രതീക്ഷയുള്ളതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും അദ്ദേഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടു. കടമെടുപ്പ് ശേഷി പുനസ്ഥാപിക്കല്‍, ഐ ജി എസ് ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിന് പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് തുടങ്ങിയവ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, ജി.എസ.്ഡി.പിയുടെ 0.5% അധികമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25% സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി ത്വരിതപ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരളത്തിന്റെ അതിവേഗ നഗരവല്‍ക്കരണം കണക്കിലെടുത്ത്, ശാസ്ത്രീയമായ നഗരാസൂത്രണവും ആര്‍ക്കിടെക്ച്ചറല്‍ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു ?സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍? (എസ്പിഎ) സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു.
സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്‌സിഡി ഉടന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതില്‍ സാങ്കേതിക പൊരുത്തക്കേടുകള്‍ കാരണം തടഞ്ഞുവച്ചിട്ടുള്ള 221.52 കോടി രൂപയും ഗതാഗത ചാര്‍ജുകളുമായി ബന്ധപ്പെട്ട 257.41 കോടി രൂപയും ഉള്‍പ്പെടെ മുഴുവന്‍ തുകയും ലഭിക്കാനുണ്ട്. ഈ തുക കുടിശ്ശികയായത് നെല്‍ കര്‍ഷകര്‍ക്കും സപ്ലൈകോയ്ക്കും വലിയ സാമ്പത്തിക പ്രയാസമാണുണ്ടാക്കുന്നത്. ഈ ആവശ്യങ്ങള്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മാത്രമല്ല, ദുരന്തനിവാരണം, ധനകാര്യ ഫെഡറലിസം, ആരോഗ്യരംഗത്തെ പുരോഗതി, വിദ്യാഭ്യാസ സമത്വം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവല്‍ക്കരണം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം നേരിടുന്ന നിലവിലെ ധന ഞെരുക്കത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ തേടിയാ ണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച് ധനകാര്യമന്ത്രി ബാലഗോപാല്‍ ചില കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. ജി എസ് ടി നിരക്ക് പരിഷ്‌കരണം, അമേരിക്കയുടെ പ്രതികാര ചുങ്കം, ഐ ജി എസ് ടി റിക്കവറിയുടെ ഭാഗമായി തിരിച്ചുപിടിച്ച വലിയ തുക, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ കടുത്ത സാമ്പത്തിക ഞെരുക്കമുണ്ടാക്കിയിട്ടുണ്ട്. ഇതുമൂലം ക്ഷേമപദ്ധതികള്‍, വികസന പദ്ധതികള്‍, അവശ്യ പൊതുസേവനങ്ങള്‍ എന്നിവ നടത്തിക്കൊണ്ടുപോകാന്‍ വലിയ പ്രയാസം നേരിടുന്നു.
സംസ്ഥാനത്തിന് ഏകദേശം 9,765 കോടി രൂപയുടെ വരുമാന നഷ്ടവും 5,200 കോടി രൂപയിലധികം കടമെടുപ്പ് പരിധിയിലെ കുറവും ഉണ്ടായിട്ടുണ്ട്. കൂടാതെ കിഫ്ബിയടക്കമുള്ള ബജറ്റിന് പുറത്തെ കടമെടുപ്പുകളുടെ പേരില്‍ 4,711 കോടി രൂപ വെട്ടിക്കുറച്ചിട്ടുമുണ്ട്. ഇതൊന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലമുണ്ടായതല്ല. മറിച്ച് സംസ്ഥാനത്തിന്റെ അധികാരപരിധിക്ക് പുറത്തു നിന്നുണ്ടായ നയപരമായ തീരുമാനങ്ങളുടെയും വ്യവസ്ഥാപരമായ പ്രശ്‌നങ്ങളുടെയും ഫലമാണ്.
താല്‍ക്കാലിക ആശ്വാസമായി മുന്‍പുണ്ടായിരുന്ന കടമെടുപ്പ് പരിധി പുനഃസ്ഥാപിക്കുക.
ഐ ജി എസ് ടി റിക്കവറിയുടെ ഭാഗമായി തിരിച്ചുപിടിച്ച 965 കോടി രൂപ തിരികെ നല്‍കുക. ഇനിയുള്ള റിക്കവറി മാറ്റിവയ്ക്കുക.
ബജറ്റിന് പുറത്തെ കടമെടുപ്പില്‍ വരുത്തിയ 4,711 കോടി രൂപയുടെ വെട്ടിക്കുറയ്ക്കല്‍ അടുത്ത ധനകാര്യ കമ്മീഷന്‍ കാലയളവിലേക്ക് മാറ്റിവയ്ക്കുക.
ദേശീയപാത ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനത്തിന്റെ 25% വിഹിതം നല്‍കുന്നതിനായി 6,000 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുവദിക്കുക.
അവശ്യ മൂലധനച്ചെലവ് നിലനിര്‍ത്തുന്നതിനായി ജിഎസ്ഡിപിയുടെ 0.5% (ഏകദേശം 6,650 കോടി രൂപ) അധികമായി കടമെടുപ്പിനുള്ള അവസരം ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നല്‍കുക.
സംസ്ഥാനവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സി.എ.പിഎഫ് കുടിശ്ശിക വേഗത്തില്‍ ക്രമീകരിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. ഈ ആവശ്യങ്ങളൊന്നും ഏതെങ്കിലും പ്രത്യേക ആനുകൂല്യത്തിനുള്ളതല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനും ക്ഷേമവികസന പരിപാടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോവാനുമുള്ളതാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗവരവത്തോടെ പരിഗണിക്കാമെന്നാണ് ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടികാഴ്ചയില്‍ സംസ്ഥാനത്തിന്റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പൂര്‍ണ്ണമായും കേന്ദ്ര സാമ്പത്തിക പിന്തുണയോടെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഒരു പ്രത്യേക യൂണിറ്റ് അനുവദിക്കും എന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. ഇതിന് കേരളത്തില്‍ ഒരു മറൈന്‍ പോലീസ് ബറ്റാലിയനായും പ്രവര്‍ത്തിക്കാന്‍ കഴിയും. ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയുടെ ഒരു പ്രാദേശിക കാമ്പസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിനും കേരളത്തിലെ സൈബര്‍ ക്രൈം നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സാമ്പത്തിക സഹായമായി 108 കോടി രൂപ അനുവദിക്കും.
2024ല്‍ വയനാട് ജില്ലയിലുണ്ടായ വമ്പിച്ച നാശനഷ്ടങ്ങള്‍ക്ക് ശേഷം, പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള കൂടുതല്‍ സഹായത്തിനായി, ദുരന്ത നിവാരണ സഹായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. അത് തുടര്‍ന്നും പരിഗണിക്കും എന്ന ഉറപ്പും നല്‍കി. എല്‍ ഡബ്ല്യു ഇ ബാധിത ജില്ലകളുടെ പട്ടികയിലെ കണ്ണൂര്‍, വയനാട് ജില്ലകള്‍ക്ക് സുരക്ഷാ അനുബന്ധ ചെലവ് (എസ്ആര്‍ഇ) സഹായം തുടരുമെന്നും ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായി വിശദമായ കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കേരളം പരിഹരിച്ച വിഷയങ്ങളും നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കയും മറ്റ് പ്രശ്‌നങ്ങളും നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താല്പര്യത്തെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ എന്‍എച്ച് 66 ലെ പ്രവൃത്തിയിലെ 16 റീച്ചുകളുടെയും വിശദമായ റിവ്യൂ മീറ്റിംഗില്‍ നടന്നു. ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഇതിനായി അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരുടെയും ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ കേരളം സന്ദര്‍ശിക്കുമെന്നും ഗഡ്ഗരി അറിയിച്ചു.
പൂര്‍ത്തികരിച്ച റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ കേരളം കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കിലെടുത്ത് സ്ഥലമെറ്റെടുക്കലിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതള്ളാനുള്ള ആവശ്യവും അദ്ദേഹം അംഗീകരിച്ചു. പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്തും. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് (എന്‍എച്ച് 866) പ്രവൃത്തിയുടെ എല്ലാ തടസ്സങ്ങളും നീക്കി ജനുവരിയില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കൊല്ലം - ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് പാത (എന്‍എച്ച് 744) യുടെ പ്രവൃത്തി തടസങ്ങള്‍ നീക്കി പ്രവൃത്തി ഉദ്ഘാടനത്തിനു തയാറാവാന്‍ അദ്ദേഹം യോഗത്തില്‍ വെച്ച് ദേശിയപാത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള എന്‍എച്ച് 744 റോഡ് വണ്‍ ടൈം ഇംപ്രൂവ്‌മെന്റില്‍ പ്രവൃത്തി നടത്തും.
എറണാകുളം ബൈപ്പാസ് പണി ജനുവരിയില്‍ തുടങ്ങും.
പുനലൂര്‍ ബൈപ്പാസ് പദ്ധതിയുടെ അംഗീകാരം വേഗം ലഭ്യമാക്കാന്‍ ഇടപെടുമെന്നും ഇടമണ്‍- കൊല്ലം റോഡിന്റെ പരിഷ്‌കരിച്ച ഡി.പി.ആര്‍ ഡിസംബറില്‍ സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിരവധി ആവശ്യങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിനു നല്‍കിയ നിവേദനത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്നതിനായി സംസ്ഥാനം നടത്തി വരുന്ന പരിശ്രമങ്ങള്‍ വിശദമാക്കി.
ഒരു പതിറ്റാണ്ടായി കേരളം ആവശ്യപ്പെടുന്നതാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. അത് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നതാണ് ഉന്നയിച്ച ഒരു പ്രധാന ആവശ്യം. ഇതിനായുള്ള ഭൂമി സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാപരമായ ഘടനയും, വര്‍ദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയും കണക്കിലെടുത്ത്, ഒരു ഐ സി എം ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെറിയാട്രിക് കെയര്‍ ആന്‍ഡ് ഹെല്‍ത്തി ഏജിംഗ് സ്ഥാപിക്കുന്നതിനുള്ള അനുമതിയും അഭ്യര്‍ത്ഥിച്ചു. ഈ രണ്ട് സ്ഥാപനങ്ങളും രാജ്യത്തിന്റെ ആരോഗ്യ ലക്ഷ്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുമെന്നും, ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നതിനായി ഒരു വിശദമായ മെമ്മോറാണ്ടം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. രണ്ട് വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ബഹു. കേന്ദ്രമന്ത്രി മറുപടി നല്‍കിയത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനു അതീവ പ്രാധാന്യം നല്‍കേണ്ടതിന്റെ കാരണങ്ങള്‍ നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പദ്ധതി പി.എം.എസ്.എസ്.വൈ യുടെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക, കേരളത്തിന് എയിംസ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവുകള്‍ പുറപ്പെടുവിക്കുക, കണ്ടെത്തിയ ഭൂമിയുടെ സാധ്യതാ പഠനത്തിനായി ഒരു സംഘത്തെ അയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ജനസംഖ്യാപരമായ ഘടന, സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക നവീകരണത്തിന്റെ ചരിത്രം, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെല്ലാം ചേര്‍ന്ന് വയോജന ഗവേഷണം, പരിചരണം, നയം എന്നിവയ്ക്കായി ഒരു ലോകോത്തര കേന്ദ്രം സ്ഥാപിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ സ്ഥലം കേരളമാണ്. അതിനാല്‍ ഐ.സി.എം.ആര്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെറിയാട്രിക് കെയര്‍ ആന്‍ഡ് ഹെല്‍ത്തി ഏജിംഗ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യം, അന്തസ്സ്, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട്, വയോജന പരിചരണത്തിലും ആരോഗ്യകരമായ വാര്‍ധക്യത്തിലുമുള്ള ഗവേഷണം, നവീകരണം, നയം, സേവന വിതരണം എന്നിവയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി ആ സ്ഥാപനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തെ പ്രായമാകുന്ന ജനവിഭാഗത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ പരിഹരിക്കാനും ഇന്ത്യയ്ക്കും സമാനമായ ജനസംഖ്യാപരമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് രാജ്യങ്ങള്‍ക്കും ഒരു മാതൃകയായി വര്‍ത്തിക്കാനും ഇതിലൂടെ സാധിക്കും.
ഈ രണ്ട് സ്ഥാപനങ്ങളും പരസ്പരം പൂരകങ്ങളായിരിക്കും. എയിംസ് തൃതീയ തലത്തിലുള്ള പരിചരണ മികവും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുമ്പോള്‍, ജെറിയാട്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഏറ്റവും വലിയ ജനസംഖ്യാപരമായ വെല്ലുവിളികളിലൊന്നിനെ പ്രത്യേക ഗവേഷണത്തിലൂടെയും പരിചരണ മാതൃകകളിലൂടെയും അഭിസംബോധന ചെയ്യും.
സംസ്ഥാനത്തിന്റെ ജീവല്‍ പ്രധാനമായ ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടയുള്ളവരെ നേരില്‍ കണ്ട് ആവശ്യങ്ങളുടെ ഗൗരവം വിശദീകരിച്ചത്. അവരില്‍ നിന്ന് ലഭിച്ച പ്രതികരണം അനുഭാവത്തോടെയുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പുകള്‍ കേന്ദ്രം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.