- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കുതിക്കുമ്പോള്‍ യു എസിന് വന്‍ തിരിച്ചടി; യാത്രാ മൊബിലിറ്റിയുടെ ആഗോള റാങ്കിംഗില്‍ അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്ത്; 2014ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ യു എസിന് മുന്നില്‍ ഇപ്പോള്‍ 36 രാജ്യങ്ങള്‍; പട്ടികയില്‍ ഇന്ത്യയും യുഎഇയും മുന്നോട്ട്; ലോകക്രമം മാറുന്നതിന്റെ സൂചന നല്കി പുതിയ റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയിലെ ആദ്യ പത്തെണ്ണത്തില്‍ നിന്ന് അമേരിക്ക പുറത്തായി എന്നതാണ്. ഇതാദ്യമായിട്ടാണ് അമേരിക്കക്ക് ഈ തിരിച്ചടി ഉണ്ടാകുന്നത്. യാത്രാ മൊബിലിറ്റിയുടെ ആഗോള റാങ്കിംഗായ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍, അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്തായി ഇപ്പോള്‍ മലേഷ്യക്ക് ഒപ്പം പന്ത്രണ്ടാം സ്ഥാനത്താണ്. 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് യു.എസ് പാസ്‌പോര്‍ട്ട് അതിന്റെ ടോപ്പ് 10 പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താകുന്നത്. മൂന്ന് ഏഷ്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. ലോകമെമ്പാടുമുള്ള 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത ആക്‌സസ് ഉള്ള സിംഗപ്പൂര്‍; 190 സ്ഥലങ്ങളിലേക്ക് ആക്‌സസ് ഉള്ള ദക്ഷിണ കൊറിയ; 189 സ്ഥലങ്ങളുമായി ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.
ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക ട്രാക്ക് ചെയ്ത 227 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം
പ്രയോജനപ്പെടുത്താം. ഒരൊറ്റ സ്ഥാനത്തിന് സമാനമായ സ്‌കോര്‍ ഉള്ള ഒന്നിലധികം രാജ്യങ്ങളെ കണക്കാക്കുന്നതിനാല്‍, പട്ടികയില്‍ യു.എസിനെ മറികടക്കുന്ന 36 രാജ്യങ്ങളുണ്ട്. 2014 ല്‍ അമേരിക്ക സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജൂലൈയിലും അവര്‍ ആദ്യ പത്തില്‍ തന്നെ തുടര്‍ന്നു. അപ്പോള്‍ ഇത്തരത്തില്‍ ഒരു തിരിച്ചടി ഉണ്ടായതിന് പിന്നിലെ കാരണം എന്താണ്. പരസ്പര സഹകരണത്തിന്റെ അഭാവം കാരണം ഏപ്രിലില്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ രഹിത ആക്‌സസ് ബ്രസീല്‍ പിന്‍വലിച്ചിരുന്നു.
ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിസ ഇളവുകള്‍ വാഗ്ദാനം ചെയ്ത് ചൈന രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അമേരിക്കയെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാപുവ ന്യൂ ഗിനിയയും മ്യാന്‍മറും അവരുടെ പ്രവേശന നയങ്ങളില്‍ മാറ്റം വരുത്തിയത് മറ്റ് പാസ്‌പോര്‍ട്ടുകളുടെ റാങ്കിംഗില്‍ വര്‍ദ്ധനവ് വരുത്തി. അതേസമയം യുഎസിന്റെ റാങ്കിംഗിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. സൂചികയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സൊമാലിയ പുതിയ ഇ-വിസ സംവിധാനം ആരംഭിച്ചതും വിയറ്റ്നാം അതിന്റെ ഏറ്റവും പുതിയ വിസ രഹിത രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെ ഒഴിവാക്കിയതുമാണ് അവസാന തിരിച്ചടിയായി മാറിയത്. തുറന്ന മനോഭാവവും സഹകരണവും സ്വീകരിക്കുന്ന രാഷ്ട്രങ്ങള്‍ മുന്നേറുകയാണ് എന്നും മുന്‍കാല പ്രിവിലേജിനെ ആശ്രയിക്കുന്നവര്‍ പിന്നോട്ട് പോകുന്നു എന്നുമാണ് ഹെന്‍ലി അധികൃതര്‍ വിശദീകരിക്കുന്നത്.
ഇന്ത്യ സൂചികയില്‍ എഴുപത്തിയേഴാം സ്ഥാനത്താണ്. 2015 ല്‍ സൂചികയില്‍ ഒന്നാം സ്ഥാനം വഹിച്ചിരുന്ന യു.കെ പാസ്‌പോര്‍ട്ട്, ജൂലൈ മുതല്‍ ആറാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. യു.കെയുടെയും യു.എസിന്റെയും കഴിഞ്ഞ ദശകത്തിലെ ഇടിവിനിടയില്‍ ചൈന റാങ്കിംഗില്‍ കുത്തനെ ഉയര്‍ന്നു. 2015 ല്‍ 94-ാം സ്ഥാനത്ത് നിന്ന് 2025 ല്‍ 64-ാം സ്ഥാനത്തേക്ക് എത്തി. അക്കാലത്ത് 37 സ്ഥലങ്ങളിലേക്ക് കൂടി വിസ രഹിത പ്രവേശനം നേടുകയും ചെയ്തിരുന്നു. ചൈനയുടെ സമീപകാല നീക്കങ്ങളായ റഷ്യയിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതും ഗള്‍ഫ് രാജ്യങ്ങളുമായുള്ള പുതിയ കരാറുകളും ദക്ഷിണ അമേരിക്ക, നിരവധി യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള പുതിയ കരാറുകള്‍ എന്നിവ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സൂചികയിലെ ഏറ്റവും വലിയ വിജയഗാഥകളില്‍ ഒന്നാണ് യു.എ.ഇ. കഴിഞ്ഞ ദശകത്തില്‍ 42-ാം സ്ഥാനത്തുനിന്ന് 8-ാം സ്ഥാനത്താണ്് യു.എ.ഇ ഇപ്പോഴുള്ളത്. അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ നൂറ്റിയാറാം സ്ഥാനത്താണ്.