റിയോ ഡി ജനീറോ:: ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമായ ബ്രസീലില്‍, പുലര്‍ച്ചെ നാലുമണിക്ക് യൂട്യൂബില്‍ ലൈവ് സ്ട്രീം ചെയ്യുന്ന പ്രാര്‍ത്ഥനകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആത്മീയ പ്രവണത രൂപപ്പെടുന്നു. കത്തോലിക്കാ ഫ്രിയറായ ഫ്രെയ് ഗില്‍സണ്‍ ഡ സില്‍വ പൂപോ അസെവെഡോയുടെ പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ഓരോ ദിവസവും ശരാശരി 2 ദശലക്ഷം കാഴ്ചക്കാരെയാണ് ലഭിക്കുന്നത്. ഈ ഡിജിറ്റല്‍ മുന്നേറ്റം, കത്തോലിക്കാ സഭ വിശ്വാസികളെ നിലനിര്‍ത്താനും പുതിയ തലമുറയിലേക്ക് എത്താനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ബ്രസീല്‍ നവീകരണങ്ങളുടെ പരീക്ഷണക്കളമായി മാറുകയാണ്.

നേരത്തെ ഉണര്‍ന്ന് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകളില്‍ ചേരുന്നത് ബ്രസീലില്‍ അതിവേഗം വളരുന്ന ഒരു ആത്മീയ ശീലമാണ്. നിരവധി മതനേതാക്കള്‍ ലൈവ് സ്ട്രീമര്‍മാരായി മാറിയിട്ടുണ്ട്. ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോയിലെ നരവംശശാസ്ത്ര പ്രൊഫസറായ റോഡ്രിഗോ ടോണിയോള്‍ ഈ പ്രവണതയെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്- 'കത്തോലിക്കാ സഭ ഡിജിറ്റല്‍ മിഷനറിമാരിലൂടെ സ്വയം പുതുക്കാന്‍ ശ്രമിക്കുകയാണ്, കത്തോലിക്കാ ലോകത്തിന് ആശയങ്ങള്‍ നല്‍കുന്ന ഒരു പ്രധാന കേന്ദ്രമാണ് ബ്രസീല്‍.'

ഈ വര്‍ഷം പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ പ്രകാരം, മൂന്ന് പതിറ്റാണ്ട് മുമ്പ് 82.9% ആയിരുന്നത് ഇപ്പോള്‍ ബ്രസീലിയന്‍ ജനസംഖ്യയുടെ 56.7% മാത്രമാണ് കത്തോലിക്കര്‍. 213 ദശലക്ഷം ജനങ്ങളുള്ള ബ്രസീലില്‍ ഇപ്പോഴും ഏറ്റവും വലിയ മതവിഭാഗം കത്തോലിക്കര്‍ തന്നെയാണ്. രണ്ടാമത്തെ വലിയ വിഭാഗമായ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകള്‍ 26.9% ആണ്. കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുക്കുമ്പോള്‍, ഈ ഡിജിറ്റല്‍ നവീകരണം സഭയ്ക്ക് നിര്‍ണായകമായ ഒരു നീക്കമാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഈ ആത്മീയ ഇടപെടലുകള്‍ കത്തോലിക്കാ വിശ്വാസത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിലും വിശ്വാസികളെ നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ബ്രസീലില്‍ പരീക്ഷണം വിജയം കണ്ടാല്‍ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.