- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം; സ്‌കൂള്‍ അധികൃതരുടെ പ്രാകൃത നടപടിയില്‍ പരാതി നല്‍കി; കണ്ണീരോടെ മടങ്ങിയ അഞ്ച് വയസുകാരനെ വീട്ടിലെത്തിച്ചത് അയല്‍വാസികള്‍; സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും മാപ്പ് പറഞ്ഞെങ്കിലും ആ സ്‌കൂളിലേക്ക് ഇനി ഇല്ലെന്ന് കുടംബം
മലപ്പുറം: മലപ്പുറം ചേലമ്പ്രയില്‍ സ്‌കൂളിന്റെ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ യുകെജി വിദ്യാര്‍ഥിയെ വഴിയില്‍ ഉപേക്ഷിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം. വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും കുടുംബം പരാതി നല്‍കി. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെയാണ് ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റാതെ മടങ്ങിയത്. സ്‌കൂളിലേക്കായി ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ ബസ് പോവുകയായിരുന്നുവെന്നാണ് ആരോപണം. പ്രധാനാധ്യാപികയുടെ നിര്‍ദേശ പ്രകാരമാണ് ബസ് ഡ്രൈവര്‍ കുട്ടിയെ കയറ്റാതെ മടങ്ങിയത്.
മറ്റു വിദ്യാര്‍ഥികള്‍ ബസില്‍ കയറി പോയതോടെ അഞ്ചു വയസുകാരന്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആയിരം രൂപ ഫീസ് അടയ്ക്കാന്‍ വൈകിയതിനാണ് കുട്ടിക്കെതിരേ പ്രധാനാധ്യാപികയുടെ പ്രാകൃത നടപടി. തിങ്കളാഴ്ചയാണ് പതിവുപോലെ ബസ് കാത്തുനിന്ന കുട്ടിയോട് പൈസ തരാത്തതിനാല്‍ ബസില്‍ കയറേണ്ടത് അറിയിച്ചത്. പണം തരാത്തതിനാല്‍ ബസില്‍ കയറ്റേണ്ടന്ന് സ്‌കൂള്‍ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക പറഞ്ഞിരുന്നു.
കരഞ്ഞുകൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് അയല്‍വാസികളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും പിന്നീട് വീട്ടില്‍ എത്തി കുടുംബത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു. കുട്ടിയ്ക്ക് മാനസിക പ്രയാസം ഉണ്ടായതിനാല്‍ ഇനി ആ സ്‌കൂളില്‍ കുട്ടിയെ വിടേണ്ടെന്നാണ് കുടുംബത്തിന്റെ തീരുമാനം.
രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയില്‍ നിര്‍ത്തി പോയത്. മറ്റ് വിദ്യാര്‍ഥികള്‍ ബസില്‍ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരന്‍ കരഞ്ഞുകൊണ്ട് മടങ്ങി. അതേസമയം, സംഭവത്തില്‍ പരാതിയുമായി സ്‌കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞതായി കുടുംബം പറയുന്നു. മാനസിക പ്രയാസം കാരണം സ്‌കൂള്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.