ചാലക്കുടി: ദീപാവലി ദിനത്തില്‍ മലക്കപ്പാറയില്‍ വിനോദയാത്ര മുടക്കി കാട്ടാന . കബാലിയാണ് റോഡില്‍ തടസം നിന്ന് ഗതാഗതം തടസപ്പെടുത്തിയത്. രാവിലെ അഞ്ച് മണി മുതല്‍ കാട്ടാന റോഡില്‍ നിലയുറപ്പിച്ചു. ഇതേ തുടര്‍ന്ന് വിനോദയാത്രാ സംഘം റോഡില്‍ കുടുങ്ങി.

അതിരപ്പള്ളി- മലക്കപ്പാറ അന്തര്‍ സംസ്ഥാനപാതയില്‍ കബാലി ഇന്നലെ നിലയുറപ്പിച്ചതോടെ വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് കബാലി റോഡിലിറങ്ങിയത്. അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപമായിരുന്നു സംഭവം. റോഡിലേക്ക് പനമറിച്ചിട്ട കബാലി അത് തിന്ന് തീരുന്നതുവരെ റോഡില്‍ നിലയുറപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വിനോദസഞ്ചാരികളുടെ കാറുകള്‍ ആക്രമിച്ചു. യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ല. പനമറിച്ചിട്ടാല്‍ അത് തിന്ന് തീരുന്നതുവരെ റോഡില്‍ തന്നെ നില്‍ക്കുന്നതാണ് കബാലിയുടെ രീതി. ഇന്നും ഇതേ രീതിയിലാണ് തടസ്സമുണ്ടാക്കുന്നത്.

ദീപാവലി ആതിനാല്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളി മേഖലയിലെത്തിയിരുന്നത്. ആന റോഡില്‍ നിലയുറപ്പിച്ചതോടെ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര അന്തര്‍ സംസ്ഥാനപാതയില്‍ അനുഭവപ്പെട്ടു. വനംവകുപ്പെത്തി ആനയെ ഓടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മേഖലയില്‍ മഴയുമുണ്ട്. കബാലി മദപ്പാടിലാണെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആനമല റോഡില്‍ കെഎസ്ആര്‍ടിസി ഉല്ലാസയാത്രാബസുകളും സ്വകാര്യബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇരുഭാഗത്തും ഞായറാഴ്ച കുടുങ്ങി. പിന്നീട് ആന കാട്ടിലേക്ക് കയറിപ്പോയി. മലക്കപ്പാറ പോലീസും ഷോളയാര്‍, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരും സ്ഥലത്ത് എത്തിയിരുന്നു.

മദപ്പാടിലായതിനാല്‍ ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയോ ചെയ്യരുതെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.