തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാന്‍ സിപിഎമ്മും സര്‍ക്കാരും. ധാരണാ പത്രത്തില്‍ ഒപ്പിടും. സിപിഐയെ പ്രകോപിക്കുന്നതാകും ഈ തീരുമാനം. എന്നാല്‍ തല്‍കാലം സിപിഐയ്ക്ക് വഴങ്ങില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. അതുകൊണ്ട് ഒരു ഫണ്ടും കളയാന്‍ സര്‍ക്കാര്‍ തയ്യാറല്ല. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ക്ഷേമ കാര്യങ്ങള്‍ ചെയ്യാന്‍ പണം അനിവാര്യതയാണ്. അതുകൊണ്ട് കൂടിയാണ് സിപിഎം പി എം ശ്രീയുമായി മുമ്പോട്ട് പോകുന്നത്. ങഛഡ ഒപ്പ് വെക്കുന്നതുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.കടുത്ത അതൃപ്തി തുടരുകയാണ് സിപിഐ. മന്ത്രി സഭയില്‍ ആശങ്ക ഉന്നയിച്ചിട്ടും സിപിഎം ചര്‍ച്ചയുടെ കാര്യം പോലും പറയാത്തതില്‍ അവര്‍ക്ക് അമര്‍ഷം ഉണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സിപിഐ പിണങ്ങി പോയാലും കുഴപ്പമില്ലെന്നാണ് സിപിഎം നിലപാട്.

പിഎം ശ്രീ പദ്ധതിയോടുള്ള എതിര്‍പ്പ് ശക്തമായി തുടരാനാണ് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം. സിപിഐയുടെ നാലു മന്ത്രിമാരെയും രാവിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബിനോയ് വിശ്വം പാര്‍ട്ടി നിലപാട് വിശദീകരിച്ചിരുന്നു. മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വിഷയം ഇല്ലെങ്കിലും അവിടെ സിപിഐയുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് മന്ത്രി കെ. രാജനും പി. പ്രസാദും വിഷയം ഉന്നയിക്കുകയായിരുന്നു. അജണ്ടകള്‍ കഴിഞ്ഞ ശേഷമായിരുന്നു മന്ത്രിമാര്‍ വിഷയം ഉന്നയിച്ചത്. സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലും ഉച്ചയ്ക്ക് ശേഷം നടന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയ്ക്ക് വന്നു. നിലപാടില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ശക്തമായി എതിര്‍ക്കണമെന്നും യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പഴയ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവര്‍ത്തിച്ചു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും സമാന നിലപാടാവും ഉയര്‍ന്നുവരിക. ഇതിനിടെയാണ് സിപിഎം ഉറച്ച തീരുമാനവുമായി മുമ്പോട്ട് പോകുന്നത്.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിലെ എതിര്‍പ്പ് മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ പിഎം ശ്രീ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും സിപിഐ മന്ത്രിമാര്‍ ഈ വിഷയത്തിലെ ആശങ്ക സ്വമേധയാ യോഗത്തില്‍ ഉന്നയിക്കുകയായിരുന്നു. സിപിഐ മന്ത്രിമാരുടെ ആശങ്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല. എന്നാല്‍, മന്ത്രിസഭയ്ക്കു ശേഷം റവന്യു മന്ത്രി കെ. രാജനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സമവായ ശ്രമങ്ങളാണ് പ്രധാനമായി ചര്‍ച്ച നടത്തിയത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടേണ്ടതില്ലെന്ന കടുത്ത നിലപാടാണ് സിപിഐക്കുള്ളതെന്നും തമിഴ്‌നാട് മാതൃകയില്‍ കോടതിയെ സമീപിച്ച് ഫണ്ട് വാങ്ങിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നുമുള്ള സൂചനയാണു നല്‍കിയത്.

നേരത്തേ മന്ത്രിസഭയില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്നു മാറ്റിവച്ച പിഎം ശ്രീ പദ്ധതിയില്‍ വീണ്ടും ഒപ്പുവയ്ക്കുമെന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്നു മാധ്യമങ്ങളില്‍കൂടി അറിയാന്‍ കഴിഞ്ഞത്. ഇതു ശരിയാണെങ്കില്‍ സിപിഐ നിലപാടിന് വിരുദ്ധമാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ തോതില്‍ നടപ്പാക്കേണ്ടിവരും. ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് ആരെയാണ് അറിയിച്ചതെന്നും മന്ത്രി കെ. രാജന്‍ ചോദിച്ചു. എന്നാല്‍, മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും മന്ത്രിസഭയില്‍ ഇക്കാര്യം മിണ്ടിയില്ല. പിന്നീടായിരുന്നു കെ. രാജനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്

അതിനിടെ പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേരളം 2024-ല്‍ത്തന്നെ തീരുമാനിച്ചുവെന്നതിന്റെ തെളിവായുള്ള കത്ത് പുറത്ത് വന്നു. പദ്ധതിയില്‍ എംഒയു ഒപ്പിടാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. 2024 മാര്‍ച്ചില്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പുറത്തിറക്കിയ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷംതന്നെ പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് കത്തില്‍നിന്ന് വ്യക്തമാകുന്നത്. പദ്ധതി നടപ്പാക്കാന്‍ എല്ലാവരുടെയും സമ്മതം ഇതുവരെ കിട്ടിയിട്ടില്ലെന്നതാണ് പ്രതിസന്ധി.

കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കുന്നു. 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നും മന്ത്രി ചോദിച്ചിരുന്നു. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെല്ലാം കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന് പറഞ്ഞ മന്ത്രി, കേന്ദ്ര ഫണ്ട് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.