- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി! ഈ പ്രസ്താവന നടത്തിയ കായികമന്ത്രിക്ക് ആ സ്ഥാപനത്തിന്റെ പേരു പറയാന്‍ നട്ടല്ലില്ല; കലൂരില്‍ നടന്ന 'മരം മുറി'യും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയുന്നില്ല; മെസിയെ എത്തിക്കാത്തത് 'ഷേഡി' മാഫിയ
കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കട്ട കലിപ്പില്‍. അര്‍ജന്റീനയേയും മെസിയേയും കേരളത്തില്‍ എത്തിക്കാന്‍ കഴിയാത്ത കുറ്റം മാധ്യമങ്ങളില്‍ ചാരുകയാണ് മന്ത്രി. അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ഏതാണ് ആ മാധ്യമ സ്ഥാപനമെന്ന് മന്ത്രി പറയുന്നില്ല. മാനനഷ്ട കേസ് ഭയന്നാണ് മന്ത്രി മാധ്യമ സ്ഥാപനത്തിന്റെ പേരോ വ്യാജ പരാതികള്‍ അയച്ച മാധ്യമ പ്രതിനിധിയെയോ വ്യക്തമാക്കാത്തത്. ധൈര്യമുണ്ടെങ്കില്‍ മന്ത്രിക്ക് സ്ഥാപനത്തിന്റെ പേര് കൂടി വെളിപ്പെടുത്തി കൂടേ എന്നതാണ് ഉയരുന്ന ചോദ്യം.
മെസിയെ കേരളത്തിലെത്തിക്കാന്‍ കളങ്കിതനായ സ്‌പോണസറെ കൂട്ടു പിടിച്ചതാണ് പ്രശ്‌നമായതെന്നതാണ് വസ്തുത. കലൂര്‍ സ്റ്റേഡിയത്തിലെ മരങ്ങള്‍ അടക്കം വെട്ടിമാറ്റി. കളി നടക്കുന്നത് ഗ്രൗണ്ടിനുള്ളിലെ പുല്‍ മൈതാനത്തിലാണ്. അതിന് എന്തിനാണ് ഗ്രൗണ്ടിനു വെളിയിലെ മരം മുറിച്ചതെന്ന് ആര്‍ക്കും പിടി കിട്ടുന്നില്ല. അടിമുടി ദുരൂഹമാണ് കാര്യങ്ങള്‍. ഇതിനിടെയാണ് അര്‍ജന്റീന ടീം വരുന്നില്ലെന്ന പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം അറിയിച്ച ശേഷവും മെസി വരുമെന്ന് സര്‍ക്കാര്‍ അടക്കം പ്രചരിപ്പിച്ചു. ഇതിലൂടെ സ്‌പോണ്‍സറിന് നേട്ടവുമുണ്ടായി. അടിസ്ഥാന സൗകര്യക്കുറവാണ് കേരളത്തിലേക്ക് മെസിയെ എത്തിക്കാത്തത്. അല്ലാതെ മാധ്യമങ്ങളുടെ ഇമെയില്‍ അല്ലെന്ന് മന്ത്രിയ്ക്ക് ഇനിയും മനസ്സിലാകുന്നില്ല.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ അപമാനമാണ്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിന്മേല്‍ വിശദീകരണം തേടി മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മാധ്യമ ഗുണ്ടായിസമാണ്. കര്‍ണാടകയിലെ ഭൂമി കുംഭകോണം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കായിക പ്രേമികള്‍ക്ക് അര്‍ജന്റീനയുടെ മത്സരം കാണാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഫിഫ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശന തീയതിയില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന തരത്തില്‍ നടത്തുന്ന പ്രചരണം ദുരുദ്ദേശ്യപരമാണ്. നവംബര്‍ 30 കഴിഞ്ഞ് സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്പോണ്‍സര്‍ക്ക് നല്‍കിയിട്ടില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ തുടര്‍ന്ന് നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ഉപയോഗിക്കാം. ജിസിഡിഎയ്‌ക്കോ സര്‍ക്കാരിനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. ആദ്യം സ്പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ നിശ്ചയിച്ചു. അവര്‍ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷനുമായി കരാറിലേര്‍പ്പെട്ടു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഈ സ്‌പോണ്‍സറെ കണ്ടെത്താന്‍ എന്തായിരുന്നു മാനദണ്ഡം എന്ന് മന്ത്രി വിശദീകരിക്കുന്നുമില്ല.
മുട്ടില്‍ മരം മുറിയും മാങ്കോ ഫോണും എല്ലാം ഈ സ്‌പോണ്‍സറെ വിവാദത്തിലാക്കിയതാണ്. ഇത്തരത്തിലൊരു വ്യക്തിയെ എന്തിനാണ് മെസിയുടെ വരവിന്റെ സ്‌പോണ്‍സറാക്കിയത് എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരവുമില്ല. കേരളത്തില്‍ 'ഷേഡി' മാഫിയ എന്ന് അറിയപ്പെടുന്ന സംഘമുണ്ട്. ഈ സംഘത്തെ മന്ത്രിയും മറ്റും വിശ്വസിച്ചതാണ് മെസിയുടെ വരവിനെ തടഞ്ഞതെന്നതാണ് വസ്തുത. അര്‍ജന്റീനയേയും അര്‍ജന്റീനിയന്‍ ഫുട്‌ബോളിനേയും സ്വാധീനിക്കാന്‍ കഴിയുന്ന മലയാളികള്‍ ഏറെയുണ്ട്. അവരുടെ സഹായം ഈ വിഷയത്തില്‍ തേടിയിരുന്നുവെങ്കില്‍ മെസി കേരളത്തിലും എത്തുമായിരുന്നുവെന്നതാണ് വസ്തുത.




