- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ അറസ്റ്റിലാകുമ്പോള്‍ ഉയരുന്നത് സര്‍വ്വത്ര ദുരൂഹത. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടില്‍ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു. ഇതിന് കാരണമാണ് ഇനി വ്യക്തമാകാനുള്ളത്. കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡല്‍ന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റൂത്ത് അടുക്കളയില്‍ പോയപ്പോള്‍ കത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. കുടുംബപ്രശ്നമുണ്ടെന്നും ദേഷ്യം വന്നപ്പോള്‍ അങ്ങനെ ചെയ്യുകയായിരുന്നുവെന്നും റോസി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കത്തി റോസിയുടെ മുറിയില്‍ത്തന്നെയുണ്ടായിരുന്നു. റോസിയെയും കുഞ്ഞിന്റെ മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തിനുശേഷം അവശനിലയില്‍ കണ്ട റോസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മാനസികനില ശരിയല്ലെന്ന വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.
കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാന്‍ കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഡിവൈഎസ്പി റ്റി.ആര്‍. രാജേഷ്, ഇന്‍സ്പെക്ടര്‍ എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ്കുമാര്‍, ബിജീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഡെല്‍നക്ക് ഹൃദയം തകരും വേദനയോടെ മാതാപിതാക്കളും ഉറ്റവരും നാടും വിടനല്‍കി. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് എടക്കുന്ന് ചീനി കരിപ്പാലയിലെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. പൊന്നോമനയുടെ ചേതനയറ്റ ദേഹം കണ്ടതോടെ അമ്മ റൂത്ത് വാവിട്ട് നിലവിളിച്ചു. അച്ഛന്‍ ആന്റണിയുടെയും നിയന്ത്രണം വിട്ടു. ചേട്ടന്‍ ഡാനിയേലുമുണ്ടായി. നിരവധിപേരാണ് കുഞ്ഞുഡെല്‍നക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്. വൈകിട്ട് 4.30 ഓടെ എടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് കൊല്ലപ്പെട്ട ഡല്‍ന മരിയ സാറ. കുഞ്ഞിന്റെ ജ്യേഷ്ഠന്‍ ഡാനിയേലിന്റെ നാലാം പിറന്നാള്‍ കൂടിയായിരുന്നു ബുധനാഴ്ച. ഇത് ആഘോഷിക്കാന്‍ കുടുംബം തയാറെടുക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് റൂത്ത് സ്വന്തം വീട്ടിലേക്കു വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മകള്‍ മടങ്ങുമോ എന്ന ചിന്തയാണോ റോസിയെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന സംശയവും ഉയരുന്നുണ്ട്.
ആന്റണി കുറച്ചുനാള്‍ വിദേശത്താണ് ജോലി നോക്കിയിരുന്നത്. റൂത്ത് നഴ്‌സായി ജോലി നോക്കിയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു. ആന്റണി ആറുമാസം മുന്‍പാണ് വിദേശത്തുനിന്ന് എത്തിയത്. റൂത്തിന്റെ അച്ഛന്‍ ദേവസിക്ക് അടുത്തിടെ ഹൃദയാഘാതം വന്നതിനാല്‍ ചികിത്സയിലാണ്. സോഡിയം കുറവുള്ളതിനാല്‍ റോസിയും ചികിത്സയിലാണ്.




