- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന്‍ തലസ്ഥാനത്തിന് സമീപം സ്‌ഫോടനങ്ങള്‍
സുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ?
ഖാര്‍ത്തും: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ വെടിനിര്‍ത്തലിന് വിമത സേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ നേതൃത്വത്തിലുളള ക്വാഡ് രാജ്യങ്ങളുടെ( സൗദി, ഈജിപ്റ്റ്, യുഎഇ) മധ്യസ്ഥതയിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് മാനുഷിക പരിഗണനകള്‍ കണക്കിലെടുത്ത് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ആര്‍ എസ് എഫ് സമ്മതിച്ചത്.
വര്‍ഷങ്ങളായി രാജ്യത്തെ തകര്‍ത്തെറിഞ്ഞ രൂക്ഷമായ പോരാട്ടത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് മാനുഷിക സഹായം എത്തിക്കാന്‍ താത്കാലികമായി ശത്രുത അവസാനിപ്പിക്കാനാണ് ഈ വെടിനിര്‍ത്തല്‍ ലക്ഷ്യമിടുന്നത്. അതിരൂക്ഷമായ മനുഷ്യക്കുരുതിയാണ് സുഡാനില്‍ ഇതുവരെ അരങ്ങേറിയത്. അമേരിക്കയുടെയും വിവിധ അറബ് രാജ്യങ്ങളുടെയും നിരന്തരമായ ഇടപെടലുകളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്നാണ് ഈ നിര്‍ണായക നീക്കം.
ലോകമനഃസാക്ഷിയെ ഞെട്ടിച്ച മനുഷ്യക്കുരുതിയില്‍ 150,000-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായും ഏകദേശം 12 ദശലക്ഷം പേര്‍ക്ക് ഭവനരഹിതരാകേണ്ടി വന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചതിനെ തുടര്‍ന്നാണ് സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. കഴിഞ്ഞദിവസം എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതിന് പിന്നാലെയാണ് മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ആര്‍ എസ് എഫ് അംഗീകരിച്ചത്. ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യ മാനുഷിക സഹായങ്ങള്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആര്‍ എസ് എഫ് അറിയിച്ചെങ്കിലും, സൈന്യം കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിവിലിയന്‍ മേഖലകളില്‍ നിന്ന് ആര്‍ എസ് എഫ് പൂര്‍ണ്ണമായി പിന്‍വാങ്ങുകയും ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങുകയുമുണ്ടാല്‍ മാത്രമേ വെടിനിര്‍ത്തലിന് തങ്ങള്‍ സന്നദ്ധരാകൂ എന്നാണ് സൈന്യത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍, സുഡാനിലെ സംഘര്‍ഷം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ നവംബര്‍ 14 ന്ഒരു അടിയന്തര യോഗം ചേരും.
സുഡാനിലെ പോരാട്ടം അവസാനിക്കുന്നില്ല...
സൈന്യവുമായി രണ്ട് വര്‍ഷത്തിലേറെയായി ഏറ്റുമുട്ടല്‍ തുടരുന്ന അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (RSF) വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെ അംഗീകരിച്ചിട്ടും സുഡാനിലെ പോരാട്ടം അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. സൈന്യത്തിന്റെ പിന്തുണയുള്ള സര്‍ക്കാര്‍, യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മധ്യസ്ഥര്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സൈന്യം നിയന്ത്രിക്കുന്ന തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെള്ളിയാഴ്ച സ്‌ഫോടനങ്ങള്‍ നടന്നു. ആര്‍എസ്എഫ് യഥാര്‍ത്ഥത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തയ്യാറാണോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. കൂടാതെ, തെക്കന്‍ നഗരമായ എല്‍-ഒബൈദ് പിടിച്ചെടുക്കാനുള്ള ആക്രമണത്തിന് ആര്‍എസ്എഫ് തയ്യാറെടുക്കുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2023 ഏപ്രില്‍ മുതല്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍-ബുര്‍ഹാന്റെ സേനയും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടിയും ആര്‍ എസ് എഫ് കമാന്‍ഡറുമായ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയുടെ സേനയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ആര്‍ എസ് എഫിന് ആയുധങ്ങള്‍ നല്‍കുന്നുവെന്ന് ഐക്യരാഷ്ട്രസഭ ആരോപിക്കുന്ന യുഎഇ ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നു.
അതേസമയം, സുഡാനീസ് സൈന്യത്തിന് ഈജിപ്ത്, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ യുഎസ്, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവര്‍ നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഈ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നു.
ഡാര്‍ഫൂറിലെ ആര്‍ എസ് എഫ് വിജയം
രണ്ടാഴ്ച മുമ്പ്, പടിഞ്ഞാറന്‍ ഡാര്‍ഫൂറിലെ സൈന്യത്തിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ എല്‍-ഫാഷര്‍ ആര്‍ എസ് എഫ് പിടിച്ചെടുത്തു. ഈ സംഭവത്തോടനുബന്ധിച്ച് കൂട്ടക്കൊല, ലൈംഗിക അതിക്രമം, കൊള്ളയടി എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി. സംഘര്‍ഷം കിഴക്കോട്ട് ഖാര്‍ത്തൂമിലേക്കും എണ്ണ സമ്പന്നമായ കോര്‍ഡോഫാന്‍ മേഖലയിലേക്കും നീങ്ങുമ്പോള്‍ കൂടുതല്‍ അതിക്രമങ്ങള്‍ ഉണ്ടാകുമോയെന്ന ഭയം നിലനില്‍ക്കുന്നു.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി, വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ആര്‍എസ്എഫ് പറയുന്നുണ്ടെങ്കിലും സൈന്യം പ്രതികരിച്ചിട്ടില്ല.
മേഖലയിലെ നിയന്ത്രണം:
എല്‍-ഫാഷെറിന്റെ പതനം ഡാര്‍ഫൂറിലെ അഞ്ച് സംസ്ഥാന തലസ്ഥാനങ്ങളുടെയും തെക്കന്‍ പ്രദേശങ്ങളുടെയും നിയന്ത്രണം ആര്‍എസ് എഫി-ന് നല്‍കി. സൈന്യം ഇപ്പോള്‍ നൈല്‍, ചെങ്കടല്‍ തീരങ്ങളിലെ വടക്കന്‍, കിഴക്കന്‍, മധ്യ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
'ഡാര്‍ഫൂര്‍ പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ആര്‍ എസ് എഫി-ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ഭക്ഷണവും സഹായവും എത്തിക്കാന്‍ ഒരു താല്‍പ്പര്യമുണ്ട്. എന്നാല്‍ സൈന്യത്തിന് ഇതുതാല്‍പര്യമില്ല.
വീണ്ടും സ്‌ഫോടനങ്ങള്‍
വെടിനിര്‍ത്തല്‍ ആശയത്തോട് ആര്‍ എസ് എഫ് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ഖാര്‍ത്തൂമിലും, ഖാര്‍ത്തൂമില്‍ നിന്ന് 300 കിലോമീറ്റര്‍ (186 മൈല്‍) വടക്കുള്ള സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള അറ്റ്ബാരയിലും സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ AFP യോട് പറഞ്ഞു തലസ്ഥാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമുതല്‍ സൈന്യത്തിന്റെ കൈവശമുള്ള പ്രദേശങ്ങളില്‍ ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്.
കോര്‍ഡോഫാനിലെ പോരാട്ടം
തെക്കന്‍ കോര്‍ഡോഫാനിലെ ഉപരോധിക്കപ്പെട്ട ദില്ലിംഗ് നഗരത്തിലെ ഒരു ആശുപത്രിക്ക് നേരെ ആര്‍ എസ്എഫ് വ്യാഴാഴ്ച രാവിലെ ഷെല്ലാക്രമണം നടത്തിയതായി സുഡാന്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ ആരോപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 2023 ജൂണ്‍ മുതല്‍ ആര്‍ എസ്എഫിന്റെ ഉപരോധത്തിലാണ് ദില്ലിംഗ്. വടക്കന്‍ കോര്‍ഡോഫാനിലെ തലസ്ഥാനമായ എല്‍-ഒബൈഡിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണിത്.
പട്ടിണിയും എണ്ണയും
ഗുരുതരമായ പ്രതിസന്ധിയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുന്നതും, ആശയവിനിമയ തടസ്സങ്ങളും കാരണം കൃത്യമായ വിവരശേഖരണം ബുദ്ധിമുട്ടാണ്.
റോം ആസ്ഥാനമായുള്ള ഐപിസി (Integrated Food Security Phase Classification) അനുസരിച്ച്, ദില്ലിംഗ് നഗരം ഇപ്പോള്‍ ക്ഷാമഭീഷണിയിലാണ്, സംസ്ഥാന തലസ്ഥാനമായ കദുഗ്ലിയില്‍ ഇതിനകം ക്ഷാമം നേരിടുന്നു. ദാര്‍ഫൂറിലെ എല്‍-ഫാഷെറിലും ക്ഷാമം സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ കോര്‍ഡോഫാന്‍, സുഡാനിലെ ഏറ്റവും കൂടുതല്‍ പ്രകൃതിവിഭവങ്ങളുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഹെഗ്ലിഗ് ഓയില്‍ ഫീല്‍ഡ് ഇവിടെ സ്ഥിതിചെയ്യുന്നു.




