- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും യമാലും തമ്മില്‍ തീപാറും പോരാട്ടം; മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ 'ഫൈനലിസിമ'യുടെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ നല്‍കുന്നത് കേരളത്തിനുള്ള സന്ദേശം; ലോകകപ്പ് വര്‍ഷത്തില്‍ അര്‍ജന്റീന കൊച്ചിയില്‍ എത്തുക അസാധ്യം; കലൂരിനെ കുളമാക്കുന്നത് നിര്‍ത്താം; ഇനി 2026 വിട്ട് 2027ലെ വീരവാദം പറയൂ! വിരമിക്കും മുമ്പ് മെസി മലയാളക്കരയില്‍ എത്തുമോ?
തിരുവനന്തപുരം: ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'ഫൈനലിസിമ' പോരാട്ടത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ. 2026 മാര്‍ച്ച് 27നു ഖത്തറിലാണ് പോരാട്ടം. ലോക ചാംപ്യന്‍മാരും കോപ്പ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്പെയിനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയത്. അര്‍ജന്റീന 36 വര്‍ഷങ്ങള്‍ക്കു ശേഷം ലോക കിരീടം വീണ്ടും ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് തീപാറും പോരാട്ടം. 2026 മാര്‍ച്ച് 23 മുതല്‍ 31 വരെ നടക്കുന്ന മാര്‍ച്ച് വിന്‍ഡോ, ഫിഫ ലോകകപ്പിന് മുമ്പുള്ള രണ്ടാമത്തെ അവസാന അന്താരാഷ്ട്ര വിന്‍ഡോ ആണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അര്‍ജന്റീന ടീമും ലയണല്‍ മെസിയും സൗഹൃദമത്സരത്തിനായി കേരളത്തില്‍ എത്തുമോ എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.
സംസ്ഥാന സര്‍ക്കാരും സ്‌പോണ്‍സര്‍മാരും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍, 2026 മാര്‍ച്ചിലെ ഫിഫയുടെ പുതിയ വിന്‍ഡോ ആണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. അടുത്ത ഫിഫ ലോകകപ്പ് വെറും മൂന്ന് മാസത്തിനുള്ളില്‍ - ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ - കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ ആരംഭിക്കും. ടൂര്‍ണമെന്റിന് വളരെ അടുത്തായി ഒരു സൗഹൃദ മത്സരത്തിന് ദീര്‍ഘദൂര യാത്ര അര്‍ജന്റീന തയ്യാറാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലയണല്‍ മെസി അടുത്ത വര്‍ഷം മാര്‍ച്ചില്‍ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് വരുമെന്നായിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചത്. അര്‍ജന്റീന ഫുട്ബാള്‍ ടീമിന്റെ സന്ദേശം ലഭിച്ചതായും ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. വിഷന്‍ 2031ന്റെ ഭാഗമായി കായികവകുപ്പ് നടത്തിയ ' നവകായിക കേരളം മികവിന്റെ പുതുട്രാക്കില്‍ ' എന്ന സംസ്ഥാനതല സെമിനാര്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫിഫ അംഗീകൃത സ്റ്റേഡിയത്തിന്റെ അഭാവമാണ് നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്താതിരിക്കാന്‍ കാരണം. അടുത്ത 15 ദിവസത്തോടെ കലൂര്‍ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
നല്ല രീതിയില്‍ അദ്ധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഏതെങ്കിലും ആളുകളുടെ കുറവായിട്ടും ഓവര്‍ സ്മാര്‍ട്ടായിട്ടും ഇതിനെ കാണേണ്ടതില്ല. ഒരു വിന്‍ഡോയില്‍ വരുന്ന മാറ്റമാണ്. സ്പോര്‍ട്‌സ് ആകുമ്പോള്‍ സെല്‍ഫ് ഗോളും പെനാല്‍റ്റിയും ഗോളുമെല്ലാമുണ്ടാകും. അതിനെ ആ രീതിയില്‍ എടുക്കണം. ഇതിനെടുത്ത പരിശ്രമത്തെ കാണുക. ഇതില്‍ മറ്റൊരു താല്‍പര്യവും ആര്‍ക്കുമില്ല. മെസി വന്ന് കളിക്കുക എന്നത് എല്ലാവരുടെയും താല്‍പര്യമാണ്. ഡേറ്റ് മാറിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പരിപാടി നടത്താന്‍ ശ്രമിക്കുന്നവരുടെ തലയില്‍വച്ച് കൊടുക്കുന്നത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഫിഫ പുറത്തുവിട്ട മാര്‍ച്ചിലെ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ മന്ത്രിയുടെ പുതിയ പ്രഖ്യാപനവും പാഴ്വാക്ക് ആകുമോ എന്ന സംശയത്തിലാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍.
ഖത്തര്‍ വരെ യാത്ര ചെയ്യു, മെസിയെ കാണാം.....
2026ലെ ലോകകപ്പിനു മുന്‍പ് നടക്കുന്ന മേജര്‍ പോരാട്ടമെന്ന നിലയില്‍ ഫിഫ വലിയ പ്രാധാന്യമാണ് ഫൈനലിസിമ പോരാട്ടത്തിന് നല്‍കുന്നത്. നിലവില്‍ അര്‍ജന്റീനയാണ് ഫൈനലിസിമ ചാംപ്യന്‍മാര്‍. 2022ല്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസിയും സംഘവും കിരീടം ഉയര്‍ത്തിയത്.
ഇതിഹാസ താരം ലയണല്‍ മെസിയും മെസി ആരാധിച്ച് ബാഴ്സയില്‍ പന്ത് തട്ടുന്ന യങ് സെന്‍സേഷന്‍ ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന മുഖ്യ ഘടകം. മറ്റൊന്നു ലയണല്‍ സ്‌കലോനിയുടെ തന്ത്രങ്ങളും സ്പാനിഷ് കോച്ച് ലൂയീസ് ഡെലഫ്യുണ്ടെയുടെ തന്ത്രങ്ങളും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്.
ചരിത്രത്തില്‍ മൂന്ന് തവണയാണ് ഈ പോരാട്ടം അരങ്ങേറിയത്. രണ്ട് തവണയും അര്‍ജന്റീന കിരീടമുയര്‍ത്തി. ഫ്രാന്‍സാണ് പ്രഥമ ചാംപ്യന്‍മാരായത്. 1985ല്‍ ഉറുഗ്വെയെ വീഴ്ത്തിയാണ് ഫ്രാന്‍സ് കിരീടമുയര്‍ത്തിയത്. 1993ലാണ് അര്‍ജന്റീന ആദ്യമായി കിരീടം സ്വന്തമാക്കിയത്. അന്ന് ഡെന്‍മാര്‍കിനെയാണ് അവര്‍ വീഴ്ത്തിയത്. 2022ല്‍ അര്‍ജന്റീന വീണ്ടും നേട്ടമാവര്‍ത്തിച്ചു.
ലയണല്‍ മെസി ലോകകപ്പ് കളിക്കുമോ?
ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള പടയൊരുക്കവുമായി ടീമുകള്‍ മുന്നോട്ട് പോവുകയാണ്. ഇത്തവണ ആരാവും വിശ്വകിരീടത്തില്‍ മുത്തമിടുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഖത്തറില്‍ ലയണല്‍ മെസിയും സംഘവും കപ്പില്‍ മുത്തമിട്ടിരുന്നു. 2026ലെ ലോകകപ്പില്‍ ആരാവും കിരീടത്തിലേക്കെത്തുകയെന്നത് കാത്തിരുന്ന് കാണണം. ലയണല്‍ മെസി അടുത്ത ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ അര്‍ജന്റീന ടീമിന്റെ ക്യാപ്റ്റനായിത്തന്നെ മെസി തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്.
നവംബര്‍ 14ന് അംഗോളക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള അര്‍ജന്റീന ടീമിനെയാണ് മെസി നയിക്കുന്നത്. ശക്തമായ താരനിരയെയാണ് അര്‍ജന്റീന പ്രഖ്യാപിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് അര്‍ജന്റീന നടത്തിയിരിക്കുന്നത്. മുന്നേറ്റ നിരയില്‍ ലയണല്‍ മെസിയെ വജ്രായുധമാക്കിയുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. ജിലിയാനോ സിമിയോണി, ജിയാന്‍ലൂക്ക പ്രിസ്റ്റിയാനി, നിക്കോളാസ് ഗോണ്‍സാലസ്, ലൗത്താറോ മാര്‍ട്ടിനെസ്, ജോസ് മാനുവല്‍ ലോപ്പസ്, ജുലിയന്‍ അല്‍വാരസ്, ജോക്വിന്‍ പാനിച്ചെല്ലി എന്നിവരാണ് മുന്നേറ്റ നിരയില്‍ ലയണല്‍ മെസിക്കൊപ്പമുള്ളത്.
മധ്യനിരയില്‍ അലക്‌സീസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍, റോഡ്രിഗോ ഡി പോള്‍, ഇന്‍സോ ഫെര്‍ണാണ്ടസ്, തിയാഗോ അല്‍മാഡ, ജിയോവാനി ലോ സെല്‍സോ, നിക്കോളാസ് പാസ് എന്നിവര്‍ക്കാണ് സ്ഥാനം. പ്രതിരോധ നിരയില്‍ നഹുവല്‍ മൊലിന ലുസെറോ, ജുവാന്‍ ഫോയ്ത്ത്, ക്രിസ്റ്റ്യന്‍ റൊമേരോ, നിക്കോളാസ് ഒറ്റമെന്‍ഡി, മാര്‍ക്കോസ് സെന്‍സി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റീന്‍ ബാര്‍ക്കോ എന്നിവര്‍ക്കാണ് സീറ്റ്. ഗോള്‍കീപ്പര്‍മാരായി ജെറോമിനോ റുല്ലി, വാല്‍ട്ടന്‍ ബെനിറ്റസ് എന്നിവര്‍ക്കും സീറ്റ് ലഭിച്ചു.എമിലിയാനോ മാര്‍ട്ടിനെസിന് വിശ്രമം അനുവദിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ഇതിഹാസ ഗോള്‍കീപ്പര്‍ വിശ്രമത്തിലാണുള്ളത്.
ലോകകപ്പ് ടീം എപ്പോള്‍
താരസമ്പന്നമായ അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷമാവും പരിശീലകനായ സ്‌കലോണി ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുക. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായാണ് ലോകകപ്പ് നടക്കുന്നത്. മെസിയെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് സ്‌കലോണി മെനയുന്നത്. മെസി അടുത്ത ലോകകപ്പിലും അര്‍ജന്റീനക്കായി കളിക്കാന്‍ സാധ്യത ഏറെയാണ്.
പ്രായം തളര്‍ത്താതെ ഇപ്പോഴും മികച്ച പ്രകടനം നടത്താന്‍ മെസിക്ക് സാധിക്കുന്നുണ്ട്. ഇന്റര്‍ മയാമിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ അസിസ്റ്റുള്ള താരമായി മാറാന്‍ മെസിക്ക് സാധിച്ചിരുന്നു. മൂന്ന് അസിസ്റ്റ് കൂടി ചെയ്താല്‍ പ്രൊഫഷനല്‍ കരിയറില്‍ 400 അസിസ്റ്റ് എന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ മെസിക്ക് സാധിക്കും.
സൗഹൃദ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന അര്‍ജന്റീന ടീമില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. മെസി നീലപ്പടയുടെ നായകനായി മുന്നിലുണ്ടാവണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എംഎല്‍എസ് ഗോള്‍ഡന്‍ ബൂട്ട് നേടിയെടുക്കാന്‍ കഴിഞ്ഞ മാസം മെസിക്ക് സാധിച്ചിരുന്നു. 29 ഗോളുകളാണ് താരം നേടിയത്. എന്തായാലും ലോകകപ്പില്‍ പന്ത് തട്ടാന്‍ മെസി ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.




