2014 ലെ ഗാസാ യുദ്ധത്തില്‍ ഹമാസ് കൊലപ്പെടുത്തിയതിന് ശേഷം തട്ടിക്കൊണ്ടുപോയ ഇസ്രയേല്‍ സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം നാട്ടില്‍ തിരികെ എത്തിച്ചു. 11 വര്‍ഷത്തിലേററെയാണ് മൃതദേഹം ഹമാസ് ഒളിപ്പിച്ച് വെച്ചിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മൃതദേഹം ഗോള്‍ഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. റെഡ് ക്രോസ് സംഘടനയാണ് മൃതദേഹം സൈന്യത്തിന് കൈമാറിയത്.

തുടര്‍ന്ന് ടെല്‍ അവീവിലെ അബു കബീര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രതിനിധികള്‍ ഗോള്‍ഡിന്റെ കുടുംബത്തെ അറിയിച്ചു. അവിടെ വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇസ്രായേലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ദിയാക്കലിന്റെ ഇരയാണ് അദ്ദേഹം. ഗോള്‍ഡിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാന്‍ വീട്ടുകാര്‍ ദീര്‍ഘകാലമായി പരിശ്രമിക്കുകയായിരുന്നു.

നിലവില്‍ ഐഡിഎഫ് നിയന്ത്രണത്തിലുള്ള പ്രദേശമായ റാഫയിലെ ഒരു തുരങ്കത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഹമാസ് ശനിയാഴ്ച പറഞ്ഞു. കൃത്യമായ സ്ഥലത്തെക്കുറിച്ച് വിവരം ഇല്ലായിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സൈന്യം ഗോള്‍ഡിന്റെ മൃതദേഹത്തിനായി പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഗോള്‍ഡിന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നവര്‍ ഇപ്പോള്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി എത്തിയിരുന്നു.

ഗോള്‍ഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേലിന് തിരികെ നല്‍കുന്നതില്‍ തുര്‍ക്കി നിര്‍ണായക പങ്ക് വഹിച്ചതായി ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തെക്കന്‍ ഗാസയില്‍ കുടുങ്ങിയ ഹമാസ് പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ അങ്കാറയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തുര്‍ക്കി വെളിപ്പെടുത്തിയത്. വെടിനിര്‍ത്തലിനോടുള്ള ഹമാസിന്റെ വ്യക്തമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

തെക്കന്‍ ഗാസയിലെ ഐ.ഡി.എഫ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന 100 മുതല്‍ 200 വരെ ഹമാസ്

ഭീകരരെ രക്ഷിക്കാനായി ഹമാസ് ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, ഗാസയില്‍ അവശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിന് ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് പിന്തുണയോടെ തുര്‍ക്കി ശ്രമം നടത്തുകയാണ്.

2014 ആഗസ്റ്റ് 1 ന് രാവിലെ 9:05 ന്, വെടിനിര്‍ത്തല്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍, റഫയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു തുരങ്കത്തില്‍ നിന്ന് ഹമാസ് തോക്കുധാരികള്‍ പുറത്തുവന്ന് ഗിവതി ബ്രിഗേഡിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ സൈനികരെ ആക്രമിച്ചത്. ഗോള്‍ഡിന്‍ ഉള്‍പ്പെടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുരങ്കത്തിലേക്ക് കൊണ്ട് പോയി. മകന്റെ മൃതദേഹം വിട്ടു കിട്ടാത്തതിന് ഗോള്‍ഡിന്റെ മാതാപിതാക്കള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഗോള്‍ഡിന്‍ തന്റെ കൂട്ടുകാരി എഡ്ന സരുസ്സിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. തങ്ങളുടെ ഭാവിജീവിതത്തെ കുറിച്ചും ഇവര്‍ വ്യക്തമായ ആസൂത്രണം നടത്തിയിരുന്നു.