- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എസ്എസ്‌കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം; ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല'; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി; പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീ അടഞ്ഞ അധ്യായമല്ല. മാറ്റിവെക്കുക മാത്രമാണ് ചെയ്തത്. ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട. നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല. ഇടതു നയങ്ങളെപ്പറ്റി മറ്റു കേന്ദ്രങ്ങളില്‍ നിന്നും പഠിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കത്ത്. അത് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണെന്ന നിലയിലും ചിലര്‍ വിലയിരുത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയം നന്നായി സിപിഎമ്മിന് അറിയാം. എസ്എസ്‌കെ ഫണ്ട് കേരളത്തിന്റെ അവകാശം ആണ്. അത് ആരുടെയും ഔദാര്യം അല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും പ്രശ്നമല്ല. ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഏതെങ്കിലും ഒരു കൂട്ടരുടെ വിജയമോ മറ്റൊരു കൂട്ടരുടെ പരാജയമോ ആയി താന്‍ കാണുന്നില്ല. നയം എല്‍ഡിഎഫിനുണ്ട്. നയത്തില്‍ കൂടിയാലോചനകളിലൂടെ പരിഹാരം കാണണമെന്ന് തീരുമാനിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുറുകെ പിടിക്കുന്നുണ്ട്. അതിലൊക്കെ ആര് എപ്പോള്‍ പിറകോട്ടു പോയിട്ടുണ്ട് എന്നൊക്കെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മുതിരുന്നില്ല.
'45 മിനിറ്റ് നേരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. പിഎം ശ്രീ പദ്ധതിയിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി സംസാരിക്കുകയും ഇന്നലെ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രശ്നമേയില്ല. ആരൊക്കെയാണ് സമരം ചെയ്തത് ഇടപെട്ടത് ത്യാഗം സഹിച്ചതെന്നും അളക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനം തീരുമാനിക്കട്ടെ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്, എന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
'പിഎം ശ്രീ ഫണ്ടിനെക്കുറിച്ചല്ല കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തത്. എസ്എസ്‌കെ ഫണ്ടിനെയും മറ്റു ഫണ്ടിനെയും കുറിച്ചാണ് സംസാരിച്ചത്. കത്ത്കൊടുത്ത സ്ഥിതിക്ക് ഇനി ബാക്കി ഫണ്ട് കിട്ടുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്. എസ്എസ്‌കെ ഫണ്ടായ 1157 കോടി കിട്ടിയില്ലെങ്കില്‍ ഉത്തരവാദിത്തം തനിക്കില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ ഉത്തരവാദിത്തം ഉള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു', വി ശിവന്‍കുട്ടി പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ ലേഖനം വായിച്ചാല്‍ അത് ആരിലേക്ക് വിരല്‍ ചൂണ്ടുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടന്‍മാരല്ല. ഞാന്‍ വസ്തുത പറയുകയാണ്. തെരെഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ പറയുന്നില്ല. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. പിഎം ശ്രീയില്‍ നിന്നും പിന്‍മാറിയിട്ടില്ല. താല്‍ക്കാലികമായി മരവിപ്പിച്ചേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. രൂപീകരിച്ച സമിതി യോഗം ചേരും. കൃത്യമായ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തി മുന്നോട്ടുപോകും. സമിതിയെ പുച്ഛിക്കേണ്ടകാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയില്‍ കേന്ദ്രം കത്തയച്ചതിന് പിന്നാലെ എല്‍ഡിഎഫിന്റെ രാഷ്ട്രീയം എന്താണെന്ന് സിപിഐക്ക് അറിയാം എന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. സിപിഎം എന്തെല്ലാം ചെയ്യുമെന്ന് സിപിഐക്ക് അറിയാം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സിപിഐക്കും സിപിഎമ്മിനും ഈ വഴിയല്ലാതെ മറ്റ് വഴികളില്ല. ഇത് ആര്‍എസ്എസ് അജണ്ടയ്ക്ക് എതിരായ വിജയമാണ്. എല്‍ഡിഎഫില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.




