തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്‌ഐടി ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. എന്നാല്‍, സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ആ ഇടപെടല്‍ അത്ര എളുപ്പവുമല്ല. ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ നടതുറപ്പ് ദിവസമായ 17ന് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചശേഷം ശേഖരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി അനുമതി നല്‍കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

മണ്ഡലകാലം ആരംഭിക്കാനിരിക്കെ ഈ മാസം 15നുമുമ്പ് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടതുറപ്പിനുശേഷം ദേവഹിതമനുസരിച്ചു വേണമെന്ന് ദേവസ്വം ബോര്‍ഡിനോട് തന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തീയതി മാറ്റി നല്‍കിയത്. ശ്രീകോവിലിന്റെ കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്പങ്ങള്‍, വാതില്‍പ്പാളികള്‍ തുടങ്ങിയവയില്‍നിന്നാണു സാമ്പിളുകള്‍ ശേഖരിക്കുക. ഇതില്‍ ദ്വാരപാലക ശില്‍പ്പത്തിന്റെ ചെമ്പുപാളിയുടെ അടക്കം കാലപ്പഴക്കം നോക്കാനാണ് നീക്കം. അങ്ങനെ വ്ന്നാല്‍ ചെമ്പുപാളി പുതിയതാണോ പഴയതാണോ എന്ന് വ്യക്തമാകും. പഴക്കമില്ലാത്ത ചെമ്പുപാളിയാണ് ഇപ്പോഴുള്ളതെന്ന് കണ്ടെത്തിയാല്‍ സ്വര്‍ണ്ണ കൊള്ള കേസിന് പുതിയ മാനം വരും. അങ്ങനെ വന്നാല്‍ പഴയ സ്വര്‍ണ്ണ പാളിയെ ഒന്നടങ്കം തട്ടിയെടുത്തുവെന്നും തെളിയും. ഇത് വിവാദത്തിന് പല മാനങ്ങള്‍ നല്‍കും. ശതകോടികള്‍ ലക്ഷ്യമിട്ടുള്ള കൊള്ളയാണെന്നും വ്യക്തമാകും.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് അതിനിര്‍ണായകമാണ്. പത്മകുമാര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കും. നിലവില്‍ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാര്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികള്‍ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസില്‍ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ സ്വര്‍ണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ആണ് പത്മകുമാറിന് കുരുക്കായത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാല്‍ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും.

അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്ന കെപി ശങ്കരദാസ്, എന്‍ വിജയകുമാര്‍ എന്നിവരെയും ഉടന്‍ ചോദ്യം ചെയ്യും. കേസില്‍ നേരത്തെ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. 2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി കൈമാറ്റം ചെയ്യുമ്പോള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആണെന്നാണ് എന്‍ വാസുവിന്റെ മൊഴി. ഇതിനിടെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈമാസം 27 വരെ നീട്ടി. കൊല്ലം വിജിലന്‍സ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്‍.വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

ഇതിനിടെ, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ കോടതി തള്ളി. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നതിനു പ്രത്യേക അന്വേഷണസംഘത്തിന് ഇനി തടസ്സമില്ല. ജയശ്രീയെ ഉടന്‍ അറസ്റ്റു ചെയ്യും. പദ്മാകുമാറിനൊപ്പം മറ്റ് ദേവസ്വം അംഗങ്ങളെ അറസ്റ്റു ചെയ്യുന്നതും പരിഗണനയിലുണ്ട്. ജയശ്രീയുടെ ജാമ്യാപേക്ഷ അംഗീകരിച്ചാല്‍ എല്ലാവരും മുന്‍ ജാമ്യ ഹര്‍ജി കൊടുക്കാന്‍ ആലോചിച്ചിരുന്നു. ജയശ്രീയുടെ ആവശ്യം തള്ളിയതോടെ ആ പ്രതീക്ഷയും എല്ലാവര്‍ക്കും തീര്‍ന്നു.