- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോള്‍ കേന്ദ്രഭരണ പ്രദേശമായി മാറി; ചണ്ഡീഗഡ് പഞ്ചാബില്‍നിന്ന് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കമോ? 240-ാം അനുച്ഛേദത്തില്‍ കൊണ്ടുവരാന്‍ ശ്രമം; രാഷ്ട്രപതിക്ക് അധികാരം നല്കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്; പ്രത്യാഘാതം ഗുരുതരമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍
ചണ്ഡീഗഡ്: പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240 ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെച്ചൊല്ലി വലിയ രാഷ്ട്രീയ തര്‍ക്കം. മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിലേക്ക് ചണ്ഡീഗഢിനെയും കൂട്ടിച്ചേര്‍ക്കുന്ന 131-ാം ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. 240 ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കേന്ദ്രഭരണപ്രദേശത്തെ കൊണ്ടുവരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങള്‍ നേരിട്ട് രൂപീകരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം ലഭിക്കും. നിലവില്‍, പഞ്ചാബ് ഗവര്‍ണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍. ഡിസംബര്‍ 1 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ 2025 ലെ ഭരണഘടനാ (131 ാം ഭേദഗതി) ബില്‍ വഴി ഈ മാറ്റം അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്ന് പാര്‍ലമെന്റ് ബുള്ളറ്റിനില്‍നിന്നു വ്യക്തമാകുന്നു. പഞ്ചാബിലെ ഭരണകക്ഷിയായ എഎപിയും പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും അകാലിദളും കേന്ദ്രത്തിന്റെ ഈ നീക്കത്തെ 'പഞ്ചാബ് വിരുദ്ധം' എന്നാണ് വിമര്‍ശിച്ചത്.
'ഈ ഭേദഗതി പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഞങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. പഞ്ചാബിനെതിരെ കേന്ദ്ര സര്‍ക്കാര്‍ മെനയുന്ന ഈ ഗൂഢാലോചന വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. പഞ്ചാബിലെ ഗ്രാമങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ചണ്ഡീഗഢിന്മേല്‍ പഞ്ചാബിന് മാത്രമാണ് അവകാശം. ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ വിട്ടുകൊടുക്കില്ല. അതിനായി എന്ത് നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്,' മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു.
ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ഇത് കേന്ദ്രഭരണ പ്രദേശത്തിനായി നേരിട്ട് ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കും. ഭരണഘടനയുടെ 240-ാം അനുച്ഛേദം അനുസരിച്ച് (എ) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, (ബി) ലക്ഷദ്വീപ്, (സി) ദാദ്ര, നഗര്‍ ഹവേലി, (ഡി) ദാമന്‍, ദിയു, (ഇ) പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ സമാധാനം, പുരോഗതി, സദ്ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് ചട്ടങ്ങള്‍ രൂപവത്കരിക്കാവുന്നതാണ്. പാര്‍ലമെന്റ് ബുള്ളറ്റിന്‍ അനുസരിച്ച്, ഡിസംബര്‍ 1-ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ ഭരണഘടന (131ാം ഭേദഗതി) ബില്‍ 2025 അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
നിലവില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ പഞ്ചാബ് ഗവര്‍ണറാണ്. 1966-ല്‍ പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപവത്കരിച്ചപ്പോഴാണ് ചണ്ഡീഗഢ് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയത്. ചണ്ഡീഗഡ് സംസ്ഥാനത്തിന്റേതാണെന്നും ഹരിയാനയ്ക്ക് പ്രത്യേക തലസ്ഥാനം വേണമെന്നും പഞ്ചാബിലെ രാഷ്ട്രീയ നേതാക്കള്‍ പണ്ടേ ആവശ്യപ്പെടുന്നുണ്ട്.
നിലവിലെ സംവിധാനത്തിന് മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ചീഫ് കമ്മിഷണറായിരുന്നു ചണ്ഡീഗഡിനുണ്ടായിരുന്നത്. 1984-ല്‍ പഞ്ചാബില്‍ ഭീകരവാദം രൂക്ഷമായപ്പോള്‍ ഈ തസ്തിക നിര്‍ത്തലാക്കുകയും പകരം പഞ്ചാബ് ഗവര്‍ണറുടെ ഉപദേഷ്ടാവിനെ നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിനായിരുന്നു കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല നല്‍കിയത്.
2016 ഓഗസ്റ്റില്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ജെ. അല്‍ഫോന്‍സിനെ ഉന്നത തസ്തികയില്‍ നിയമിച്ച് ഒരു സ്വതന്ത്ര അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍, അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നീക്കം പിന്‍വലിച്ചു.
ഭരണകക്ഷിയായ എഎപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും അകാലിദളും കേന്ദ്രത്തിന്റെ നീക്കത്തെ പഞ്ചാബ് വിരുദ്ധം എന്ന് രൂക്ഷമായി വിമര്‍ശിച്ചു. ഈ നീക്കം തികച്ചും അനാവശ്യമാണ് എന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ് പറഞ്ഞു. 'ചണ്ഡീഗഡ് പഞ്ചാബിന്റേതാണ്, അത് തട്ടിയെടുക്കാനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,' അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ലുധിയാന എംപി പഞ്ചാബിലെ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. പഞ്ചാബ് വിരുദ്ധ ബില്ലിനെയും ഫെഡറല്‍ ഘടനയ്ക്കെതിരായ ആക്രമണത്തെയും എല്ലാ തലങ്ങളിലും നേരിടുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നീക്കം പഞ്ചാബിന്റെ സ്വത്വത്തിന്മേലുള്ള ആക്രമണമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ''ചരിത്രം സാക്ഷിയാണ്. പഞ്ചാബികള്‍ ഒരിക്കലും ഏകാധിപത്യത്തിന് മുന്നില്‍ തലകുനിച്ചിട്ടില്ല. ഇന്നും അത് ചെയ്യില്ല. ചണ്ഡീഗഢ് പഞ്ചാബിന്റേതാണ്, അത് അങ്ങനെ തന്നെ തുടരും, രാജ്യത്തിന്റെ സുരക്ഷയ്ക്കും ധാന്യത്തിനും വെള്ളത്തിനും വേണ്ടി എപ്പോഴും ത്യാഗം ചെയ്ത പഞ്ചാബിന് അതിന്റെ അവകാശം നിഷേധിക്കപ്പെടുകയാണ്'', കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ചണ്ഡീഗഢിനെ അനുച്ഛേദം 239-ന് പകരം അനുച്ഛേദം 240-ന് കീഴില്‍ കൊണ്ടുവരുന്നത് അതിന്റെ ഭരണപരമായ പദവിയില്‍ മാറ്റം വരുത്തില്ലെന്ന് മുന്‍ പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബ് ഗവര്‍ണര്‍ ചണ്ഡീഗഡിന്റെ എക്സ്-ഒഫീഷ്യോ അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കണമെന്ന് ഇപ്പോള്‍ പോലും ഭരണഘടനാപരമായ ഉറപ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുക മാത്രമാണ് 240-ാം അനുച്ഛേദം ചെയ്യുന്നതെന്നും ഒരു ഭരണഘടനാ ഭേദഗതിക്കും മാറ്റാന്‍ കഴിയാത്ത സ്വാഭാവികവും ചരിത്രപരവുമായ അവകാശം നഗരത്തിന്മേല്‍ പഞ്ചാബിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് 240 ാം അനുച്ഛേദം?
ഭരണഘടനയുടെ 240ാം അനുച്ഛേദം അനുസരിച്ച്, താഴെ പറയുന്ന കേന്ദ്രഭരണപ്രദേശങ്ങളുടെ സമാധാനം, പുരോഗതി, മികച്ച ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് നിയമങ്ങള്‍ നിര്‍മിക്കാന്‍ കഴിയും:
(എ) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍;
(ബി) ലക്ഷദ്വീപ്;
(സി) ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി;
(ഡി) ദാമന്‍ ആന്‍ഡ് ദിയു;
(ഇ) പുതുച്ചേരി.
240 ാം അനുച്ഛേദത്തിന് കീഴിലല്ല ചണ്ഡീഗഡ്
1966 ല്‍ പഞ്ചാബില്‍നിന്ന് ഹരിയാന രൂപീകരിച്ചതിന് ശേഷമാണ് ചണ്ഡീഗഡ് ഒരു കേന്ദ്രഭരണപ്രദേശമായി മാറിയത്. ഹരിയാനയുടെയും പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമാണ് ഇപ്പോള്‍ ചണ്ഡീഗഡ്. അഡ്മിനിസ്‌ട്രേറ്ററാണ് ഇപ്പോള്‍ ഭരിക്കുന്നത്. നിലവില്‍, പഞ്ചാബ് ഗവര്‍ണറാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. ചണ്ഡീഗഡ് പഞ്ചാബിന്റേതാണെന്നാണ് പഞ്ചാബിലെ രാഷ്ട്രീയ നേതാക്കള്‍ വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത്, കൂടാതെ ഹരിയാനയ്ക്ക് ഒരു പ്രത്യേക തലസ്ഥാനം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.




