മുംബൈ: ഇന്ത്യന്‍ സിനിമയുടെ 'ഡ്രീം ഗേള്‍' ആയ ഹേമമാലിനിയുമായുള്ള ധര്‍മേന്ദ്രയുടെ പ്രണയം, ബോളിവുഡിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയകഥകളിലൊന്നാണ്. 1970 - 1980 കാലഘട്ടത്തില്‍, ഹൃദ്യമായ ചിരിയും മനോഹരമായ കണ്ണുകളും കൊണ്ട് നിരവധി ആരാധക ഹൃദയങ്ങളെ കീഴടക്കിയ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. എന്നാല്‍ 1980ല്‍ ഹേമമാലിനി ബോളിവുഡ് താരം ധര്‍മേന്ദ്രയെ വിവാഹം കഴിച്ചതോടെ ആ ഹൃദയങ്ങളെല്ലാം തകര്‍ന്നു! ഏറെ ട്വിസ്റ്റുകളും പ്രതിബന്ധങ്ങളുമെല്ലാം കടന്നായിരുന്നു ഹേമമാലിനി- ധര്‍മേന്ദ്ര വിവാഹം. അനുകൂലിക്കുന്നവരേക്കാള്‍, ആ ബന്ധത്തെ എതിര്‍ത്തവരായിരുന്നു കൂടുതല്‍. ഹേമയെ വിവാഹം ചെയ്യുന്നതിനു മുന്‍പു തന്നെ ധര്‍മേന്ദ്ര വിവാഹിതനായിരുന്നു എന്നതായിരുന്നു പലരും ആ ബന്ധത്തെ എതിര്‍ക്കാനുള്ള കാരണം. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ പ്രകാശ് കൗറുമായിട്ടായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. ഈ വിവാഹത്തിലെ മക്കളാണ് പിന്നീട് ഹിന്ദി സിനിമയില്‍ പ്രശസ്ത നടന്‍മാരായി തീര്‍ന്ന സണ്ണി ഡിയോളും ബോബി ഡിയോളും.

സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയതോടെയാണ് ഹേമമാലിനിയുമായി ധര്‍മേന്ദ്ര പ്രണയത്തിലാവുന്നത്. 'തും ഹസീന്‍ മേം ജവാന്‍' (1970) എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അവരുടെ കെമിസ്ട്രിക്ക് തുടക്കമായത്. അത് 'സീത ഔര്‍ ഗീത' മുതല്‍ 'ഷോലെ' വരെയുള്ള ഒരുപിടി സിനിമകളിലൂടെ കൂടുതല്‍ ആഴത്തിലായി. ഒരു റൊമാന്റിക് സിനിമയെ വെല്ലുന്നതായിരുന്നു ഹേമമാലിനി- ധര്‍മേന്ദ്ര പ്രണയകഥ. ഇരുവരും ഭ്രാന്തമായി പ്രണയിച്ചു. സിനിമകളുടെ ഷൂട്ടിംഗിനിടെ ആളുകളുടെ കണ്ണുവെട്ടിച്ച് ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുക പതിവായിരുന്നു. പൂത്തുലഞ്ഞ ഈ പ്രണയം അധികം വൈകാതെ ഹേമമാലിനിയുടെ അമ്മ ജയയുടെ കണ്ണില്‍ പെട്ടു. ആദ്യ ഭാര്യ പ്രകാശ് കൗറുമായി വിവാഹിതനായിരിക്കെത്തന്നെ രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും, ഉറച്ച ബോധ്യത്തോടെയാണ് ധര്‍മേന്ദ്ര അതിനെയെല്ലാം നേരിട്ടത്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ധര്‍മേന്ദ്രയുമായുള്ള മകളുടെ പ്രണയത്തെ ഹേമമാലിനിയുടെ അമ്മ ജയ ചക്രവര്‍ത്തിയും അച്ഛന്‍ വി.എസ്. രാമാനുജവും നഖശിഖാന്തം എതിര്‍ത്തു. ധര്‍മേന്ദ്രയില്‍ നിന്ന് മകളെ അകറ്റാന്‍ ആ മാതാപിതാക്കള്‍ കിണഞ്ഞു ശ്രമിച്ചു. ഒരു ഘട്ടത്തില്‍, നടന്‍ ജിതേന്ദ്രയുമായി ഹേമയുടെ വിവാഹം ഉറപ്പിക്കുക വരെ ചെയ്തു. ഹേമമാലിനിയുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു അമ്മ ജയ. 1974ല്‍ ജിതേന്ദ്രയുടെ മാതാപിതാക്കളെ കാണാന്‍ ജയ ഹേമമാലിനിയെ നിര്‍ബന്ധിച്ചു. അമ്മയെ എതിര്‍ക്കാന്‍ കരുത്തില്ലാത്ത ഹേമ അതിനു സമ്മതിച്ചു. ജിതേന്ദ്രയുടെ കുടുംബത്തിനാവട്ടെ ഹേമയെ ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ ഹേമമാലിനിയുടെയും ജിതേന്ദ്രയുടെയും കുടുംബം വിവാഹത്തിനായി മദ്രാസിലേക്ക് പോയി.

രാം കമല്‍ മുഖര്‍ജിയുടെ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍' എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് ജിതേന്ദ്രയുടെ അടുത്ത സുഹൃത്ത് പറയുന്നത്, ധര്‍മ്മേന്ദ്രയുമായി പ്രണയത്തിലാണെന്ന് അറിയാമായിരുന്നതിനാല്‍ ഹേമമാലിനിയെ വിവാഹം കഴിക്കാന്‍ ജിതേന്ദ്ര ആഗ്രഹിച്ചിരുന്നില്ല എന്നാണ്. ''എനിക്ക് ഹേമയെ വിവാഹം കഴിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ അവളുമായി പ്രണയത്തിലല്ല. അവള്‍ക്ക് എന്നോടും പ്രണയമില്ല. പക്ഷേ എന്റെ കുടുംബത്തിന് ഈ ബന്ധം വേണം. അതുകൊണ്ടാണ് ഞാനിതിനു തയ്യാറാവുന്നത്. അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്,'' എന്നാണ് ഹേമയുമായുള്ള വിവാഹത്തെ കുറിച്ച് ജിതേന്ദ്ര സുഹൃത്തിനോട് പറഞ്ഞത്.

വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഹേമയുടെ കുടുംബം അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും ഒരുക്കങ്ങള്‍ക്കിടയില്‍ വിവാഹത്തിന്റെ വിശദാംശങ്ങള്‍ ഒരു മാസികയ്ക്ക് ലഭിച്ചു. അതോടെ രഹസ്യം പരസ്യമായി. ആ വാര്‍ത്ത ഏറ്റവും തകര്‍ത്തത് ധര്‍മേന്ദ്രയേയും ജിതേന്ദ്രയുടെ അന്നത്തെ കാമുകി ശോഭ സിപ്പിയേയുമാണ്. ഇരുവരും ഉടന്‍ തന്നെ മദ്രാസിലേക്ക് പറന്നു. പിന്നീടുണ്ടായത് ഒരു റൊമാന്റിക് സിനിമയെ ഓര്‍മിപ്പിക്കുന്ന സംഘര്‍ഷഭരിതമായ ക്ലൈമാക്‌സാണ്, ധര്‍മേന്ദ്രയും ഹേമയുടെ പിതാവും തമ്മില്‍ ഏറ്റുമുട്ടി!

'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേള്‍' എന്ന പുസ്തകത്തില്‍ ആ സംഭവത്തെ വിവരിക്കുന്നത് ഇങ്ങനെ. ധര്‍മ്മേന്ദ്രയെ വീട്ടുവാതില്‍ക്കല്‍ കണ്ടപ്പോള്‍, ഹേമമാലിനിയുടെ പിതാവ് വി.എസ്. രാമാനുജം ചക്രവര്‍ത്തി ആക്രോശിച്ചു, ''നീയെന്തുകൊണ്ടാണ് എന്റെ മകളുടെ ജീവിതത്തില്‍ നിന്ന് പുറത്തുപോകാത്തത്? നിങ്ങള്‍ വിവാഹിതനാണ്, നിങ്ങള്‍ക്ക് എന്റെ മകളെ വിവാഹം കഴിക്കാന്‍ കഴിയില്ല.' എന്നാല്‍ ഹേമയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്ന ധര്‍മേന്ദ്രയെ ആ ആക്രോശങ്ങള്‍ക്കൊന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. ഹേമമാലിനിയുടെ മുറിയിലേക്ക് ധര്‍മേന്ദ്ര കയറി ചെന്നു, ജീതേന്ദ്രയെ വിവാഹം കഴിച്ച് 'അബദ്ധം' ചെയ്യരുതെന്ന് അപേക്ഷിച്ചു.

കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ഹേമമാലിനി തന്റെ മുറിയില്‍ നിന്ന് ഇറങ്ങിവന്ന്, സ്വന്തം കുടുംബത്തോടും ജിതേന്ദ്രയുടെ കുടുംബത്തോടുമായി തനിക്ക് കുറച്ച് സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജീതേന്ദ്രയുടെ കുടുംബത്തിന് അത് സ്വീകാര്യമല്ലായിരുന്നു. അവര്‍ വിവാഹ വേദി വിട്ടിറങ്ങി.

ജിതേന്ദ്ര- ഹേമമാലിനി വിവാഹം അവിടെ മുടങ്ങിയെങ്കിലും, അതേ ദിവസം ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചതുമില്ല. അപ്പോഴും ആ പ്രണയത്തിലും മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്നുമൊക്കെയുള്ള കാര്യത്തില്‍ ധര്‍മേന്ദ്ര കടുത്ത അരക്ഷിതാവസ്ഥ നേരിട്ടിരുന്നു. മാത്രമല്ല, തന്റെ പ്രണയിനിക്ക് പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഉള്ളിലെ സമ്മര്‍ദ്ദങ്ങള്‍ കാരണം മദ്യപാനത്തില്‍ വരെ ധര്‍മേന്ദ്ര അഭയം തേടി. ധര്‍മേന്ദ്രയുടെ ഈ ശീലങ്ങളും നിബന്ധനകളും ബോളിവുഡിന്റെ 'ഡ്രീം ഗേളി'നെ ശ്വാസം മുട്ടിച്ചു. അങ്ങനെ, ധര്‍മേന്ദ്രയുടെ ആഗ്രഹത്തിന് വിരുദ്ധമായി ജീതേന്ദ്രയ്ക്കൊപ്പം സിനിമ ചെയ്യാന്‍ ഹേമമാലിനി മടങ്ങി. അത് ധര്‍മേന്ദ്രയെ കൂടുതല്‍ തളര്‍ത്തി. ഇത്തവണ തന്റെ ഭാഗം ശരിയാക്കാമെന്ന് ധര്‍മേന്ദ്ര ഹേമമാലിനിക്ക് വാക്ക് കൊടുത്തു. ഒടുവില്‍, 1980 മെയ് 2ന് ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചു.

തന്നെ സ്‌നേഹിക്കുന്നവരെയെല്ലാം ധിക്കരിച്ച് ധര്‍മേന്ദ്രയോടൊപ്പം തീരുമാനിക്കാന്‍ ഹേമമാലിനി തീരുമാനിച്ചു. കാരണം ഹേമയുടെ സന്തോഷം ധര്‍മേന്ദ്ര മാത്രമായിരുന്നു. ധര്‍മേന്ദ്രയുടെ ലാളിത്യവും ആത്മാര്‍ത്ഥതയുമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ഹേമമാലിനി പറയുന്നത്. ഇഷ, അഹാന എന്നീ രണ്ട് പെണ്‍മക്കളാണ് ഹേമമാലിനി- ധര്‍മേന്ദ്ര ദമ്പതികള്‍ക്ക് ഉള്ളത്. മൂത്ത മകള്‍ ഇഷാ ഡിയോള്‍ നടിയാണ്. രണ്ടാമത്തെ മകള്‍ അഹാന നര്‍ത്തകിയും.

''അദ്ദേഹം എന്റെ അമ്മയെപ്പോലെയായിരുന്നു. ഒരിക്കലും എന്നെ പുകഴ്ത്തുകയില്ലായിരുന്നു. പക്ഷേ പുറത്തുള്ള ആളുകളോട് അദ്ദേഹം എന്നെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നുവെന്ന് അവരെന്നോട് പറയുമായിരുന്നു. പക്ഷേ എന്റെ മുഖത്തുനോക്കി പുകഴ്ത്തില്ല. എന്നോട് എപ്പോഴും, നീ ഓകെയാണ് എന്നു മാത്രം പറയും. എന്റെ അമ്മയെ പോലെ തന്നെ. ആര്‍ക്കറിയാം 'ഇത് ചെയ്യൂ... അങ്ങനെ ചെയ്യരുത്' എന്നിങ്ങനെ അമ്മയില്‍ ഞാന്‍ കണ്ട് പരിചിതമായ ആ സ്വഭാവവിശേഷങ്ങള്‍ തന്നെയാവാം എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്', ഹേമമാലിനി പറയുന്നു.

എന്നിരുന്നാലും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലരും തന്നെ ധര്‍മേന്ദ്രയുടെ രണ്ടാം ഭാര്യ എന്ന രീതിയില്‍ വിളിക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നെന്നും ഹേമമാലിനി പറയുന്നു. 'പലരും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച്, എന്നെ 'രണ്ടാം വിവാഹത്തിലെ ആദ്യ വനിത' എന്ന് വിളിച്ചു. എനിക്കത് ഇഷ്ടമല്ല. അത് ന്യായവുമല്ല. ഒരുപക്ഷേ എന്റെ തലമുറയിലെ ആദ്യത്തെ ആളായിരിക്കാം ഞാന്‍. മറ്റുള്ളവരുടെ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്തം വഹിക്കാനാവില്ല. ഇതെല്ലാം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. '

ബോളിവുഡിന്റെ ഹീമാന്‍

പഞ്ചാബിലെ ലുധിയാനയിലെ ധരം സിംങ് ഡിയോള്‍ ആണ് വര്‍ഷങ്ങളോളം ബോളിവുഡ് അടക്കിവാണ ധര്‍മ്മേന്ദ്രയായി ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ദേശിയ തലത്തില്‍ ഫിലിം ഫെയര്‍ മാസിക സംഘടിപ്പിച്ച ടാലന്റ് സ്‌കാനില്‍ ജേതാവായാണ് ധര്‍മ്മേന്ദ്ര ഇന്ത്യന്‍ സിനിമയുടെ വാതില്‍ തുറന്നു പ്രവേശിക്കാന്‍ ആദ്യം മുംബൈയിലെത്തുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ആ സിനിമ നടക്കാതെ പോകുകയായിരുന്നു. പഞ്ചാബിലേക്ക് മടങ്ങിപ്പോകാത നിന്ന ധരം സിംങിനെ ഇന്ത്യന്‍ സിനിമയ്ക്ക് ആവശ്യമുണ്ടായിരുന്നു. ദില്‍ ഭീ തേരാ ഹംഭി തേരേ എന്ന് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു ധരംസിങ്.

ഇന്ത്യന്‍ സിനിമയില്‍ ധരം സിങ് സ്വന്തം പേര് അടയാളപ്പെടുത്തുന്നത് ബോയ് ഫ്രണ്ടിലൂടെയായിരുന്നു. ഉപനായകനായിട്ടായിരുന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ധരംസിങ് എന്ന ധര്‍മേന്ദ്ര നടന്നു കയറിയത്. പിന്നീടങ്ങോട്ട് നായകനായി സ്ഥാനക്കയറ്റം കിട്ടിയ ധര്‍മ്മേന്ദ്ര തൊട്ടതെല്ലാം പൊന്നാക്കി ബോളിവുഡിന്റെ പൊന്നുംപേരുകാരനായിരുന്നു. ബോളിവുഡിന്റെ ഹീ-മാനായി വാഴ്ത്തപ്പെട്ട ധര്‍മേന്ദ്രയുടെ ആദ്യകാല ചിത്രങ്ങളെല്ലാം റൊമാന്റിക് സിനിമകളായിരുന്നു.

ധര്‍മ്മേന്ദ്രയുടെ സിനിമാ കരിയറില്‍ വഴിത്തിരിവാകുന്നത് ഫുല്‍ ഔര്‍ പാത്തര്‍ ആയിരുന്നു. അതില്‍ ആക്ഷന്‍ ഹീറോയായിട്ടായിരുന്നു ധര്‍മ്മേന്ദ്ര വേഷമിട്ടത്. ബോക്‌സ് ഓഫീസില്‍ തിളങ്ങിയ ഫൂല്‍ ഔര്‍ പത്താറിലൂടെ തന്നെ മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍ ധര്‍മേന്ദ്രയ്ക്ക് ലഭിച്ചു. ആശ പരേഖിനൊപ്പം നായകനായി ആയേ ദിന്‍ ബഹാര്‍ കെ, ശിക്കാര്‍, ആയ സാവന്‍ ജൂം കെ, മേരാ ഗാവോ മേരാ ദേശ്, സമാധി എല്ലാം വമ്പന്‍ വിജയങ്ങള്‍. പിന്നീട് ഹേമമാലിനിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ നായകന്‍. അക്കാലത്ത് ഇരുവരും നിരവധി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്. ചീറ്റപ്പുലിയും സിംഹവുമായെല്ലാമുള്ള സംഘട്ടന രംഗങ്ങള്‍ ധര്‍മേന്ദ്രയുടെ ചിത്രങ്ങളില്‍ പതിവായിരുന്നു. ബോഡി ഡബിളുകള്‍ ഇല്ലാതെ യഥാര്‍ഥ മൃഗങ്ങളുമായി സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ധര്‍മേന്ദ്ര. ആങ്കെന്‍, മാ, ആസാദ്, കര്‍തവ്യയെല്ലാം ഇങ്ങനെ ചിത്രീകരിച്ച സിനിമകളാാണ്. റൊമാന്റിക് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുറമെ ചുപ്‌കെ ചുപ്‌കെ പോലുള്ള സിനിമകളിലെ ധര്‍മേന്ദ്രയുടെ കോമഡി ടൈമിങ്ങും പ്രശംസിക്കപ്പെട്ടു.

രമേശ് സിപ്പിയുടെ ഷോലെയിലൂടെയാണ് ധര്‍മ്മേന്ദ്ര പുതിയ ഉയരങ്ങളിലെത്തുന്നത്. അമിതാഭ് ബച്ചനുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയും വീരു എന്ന കഥാപാത്രവും സിനിമയ്‌ക്കൊപ്പം ഐക്കണിക് ആയി മാറി. യാദോം കി ബാരാത്ത്, സീത ഔര്‍ ഗീത, ഡ്രീം ഗേള്‍, ക്രാന്തി തുടങ്ങിയ വമ്പന്‍ ഹിറ്റുകളുമായി 1970 കളും 1980 കളും അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായിരുന്നു. അന്‍ഖേന്‍, ശിക്കാര്‍, ആയാ സാവന്‍ ഝൂം കെ, ജീവന്‍ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔര്‍ ഗീത, രാജാ ജനി, ജുഗ്‌നു, യാദോന്‍ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാന്‍-ഇ-ജംഗ്, തഹല്‍ക്ക, അന്‍പദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെന്‍, ഹത്യാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതല്‍ നിരവധി ക്യാരക്ടര്‍ റോളുകളില്‍ ധര്‍മേന്ദ്ര എത്തി. 1997ല്‍ ബോളിവുഡിന് നല്‍കിയ സംഭാവനകള്‍ക്ക് ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 2012ല്‍, ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.