കൊച്ചി: എത്യോപ്യയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനം ഏഷ്യയിലെ വിമാന സര്‍വ്വീസുകളെ ബാധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി. ജിദ്ദയിലേക്കും ദുബായിലേക്കും പോകേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. ഏകദേശം പന്ത്രണ്ടായിരം കൊല്ലത്തിനിടെ ആദ്യമായാണ് ഈ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ഇവിടെനിന്നുയര്‍ന്ന ചാരപടലങ്ങള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നുണ്ട്. ഏഷ്യയിലെ നിരവധി വിമാനങ്ങളെ ബാധിച്ചു. ഗള്‍ഫ് മേഖലയില്‍ വ്യോമ ഗതാഗതം പ്രതിസന്ധിയിലായി. ഒമാനിലും വിമാനങ്ങള്‍ റദ്ദാക്കി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും വരെ പുകയെത്തി.

ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ നിന്നുള്ള വിമാനം അടക്കം റദ്ദാക്കിയത്. ഇന്‍ഡിഗോ 6ഇ1475 (കൊച്ചി-ദുബായ്), അകാസ എയര്‍ ക്യുപി550 (കൊച്ചി-ജിദ്ദ) വിമാനങ്ങളാണ് റദ്ദാക്കിയത്. അന്തരീക്ഷാവസ്ഥ മെച്ചപ്പെട്ടാല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. എത്യോപ്യയിലെ എര്‍ട്ട എയ്ല്‍ മേഖലയിലാണ് ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം സ്ഥിതിചെയ്യുന്നത്. ചാരവും സള്‍ഫര്‍ ഡയോക്സൈഡും അടങ്ങിയ കൂറ്റന്‍ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതല്‍ ഇതില്‍നിന്നുയരുന്നത്. പത്തു മുതല്‍ 15 കിലോമീറ്റര്‍വരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങള്‍ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങള്‍ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.

ജിദ്ദയിലേക്കുള്ള ആകാശ് എയര്‍, ദുബായിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ആകാശ് എയര്‍ സര്‍വീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടകര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്.ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന സൂചന. ചില വിമാനങ്ങള്‍ പുകമഞ്ഞ് ഒഴിവാക്കാന്‍ റൂട്ടുകള്‍ പുനക്രമീകരിക്കുകയാണ്.

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ് എന്നിവിടങ്ങളിലൂടെയാണ് ചാരമേഘം കിഴക്കോട്ടേക്കു നീങ്ങിയത്. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ച ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരം വിമാനങ്ങള്‍ക്കുള്ള കാഴ്ചാപരിധി കുറയ്ക്കുകയും, നിരവധി വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6:30-ഓടെ മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ രാജസ്ഥാനിലൂടെയാണ് ചാരമേഘം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചത്. രാത്രി 11 മണിയോടെ ഡല്‍ഹി-എന്‍സിആറില്‍ എത്തിയെങ്കിലും, 10 കിലോമീറ്ററിലധികം ഉയരത്തിലായിരുന്നതിനാല്‍ നഗരത്തിലെ വായു മലിനീകരണത്തെ കാര്യമായി ബാധിക്കില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യന്‍ നഗരങ്ങളില്‍ ചാരത്തിന്റെ സ്വാധീനം ഏതാനും മണിക്കൂറുകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ എന്നും, ഇത് അതിവേഗം കിഴക്കോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഐഎംഡി ഡയറക്ടര്‍ ജനറല്‍ എം. മോഹപാത്ര വിശദീകരിച്ചു. ഈ സാഹചര്യത്തില്‍, ആകാശ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു. മസ്‌കറ്റ് ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണിലും സമീപ പ്രദേശങ്ങളിലും ചാരമേഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (വിമാനക്കമ്പനികള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്, അഗ്‌നിപര്‍വ്വത ചാരം ബാധിച്ച പ്രദേശങ്ങളിലെ ആകാശ പാത ഒഴിവാക്കാന്‍ ഡിജിസിഎ വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചു. അഗ്‌നിപര്‍വ്വത ചാരത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍, ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ തുടര്‍ച്ചയായ നിരീക്ഷണവും അതീവ ജാഗ്രതയും അനിവാര്യമാണ് ഇപ്പോള്‍.