ദുബായ്/മോസ്‌കോ: 500 മില്യണ്‍ ഡോളറിന്റെ ( 4,508.715 കോടി രൂപ) ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന്, റഷ്യന്‍ ക്രിപ്റ്റോ സംരംഭകനായ റോമന്‍ നോവക്കിനെയും (38) ഭാര്യ അന്നയെയും ദുരൂഹ സാഹചര്യത്തില്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ ശേഷം ഡിജിറ്റല്‍ വാലറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ ദമ്പതികളെ കൊലപ്പെടുത്തിയെന്നാണ് അധികൃതരുടെ സംശയം. യുഎഇയുടെയും റഷ്യയുടെയും നിയമപാലകരെ ഞെട്ടിച്ച സംഭവത്തില്‍ ഏഴ് പേരെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

തട്ടിക്കൊണ്ടുപോയ ശേഷം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് റഷ്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.


ദുരൂഹത നിറഞ്ഞ തിരോധാനം

ഒക്ടോബര്‍ 2-ന് ദുബായിലെ ഹത്ത മേഖലയില്‍ വെച്ചാണ് നോവക്കും ഭാര്യയും അപ്രത്യക്ഷരായത്. ഒമാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഈ പ്രദേശത്തേക്ക് നിക്ഷേപകരെ കാണാനെന്ന വ്യാജേനയാണ് ഇരുവരും പോയത്. സ്വകാര്യ ഡ്രൈവര്‍ കൊണ്ടുവിട്ട ശേഷം ദമ്പതികള്‍ രണ്ടാമതൊരു വാഹനത്തിലേക്ക് മാറി യാത്ര തുടര്‍ന്നതിന് ശേഷം അപ്രത്യക്ഷരാവുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം വാടകക്കെടുത്ത വില്ലയില്‍ വെച്ച് ഇവരെ തടങ്കലില്‍ വെച്ച്, ക്രിപ്റ്റോ വാലറ്റുകളിലേക്കുള്ള പ്രവേശനത്തിനായി നിര്‍ബന്ധിച്ചതായി അന്വേഷണത്തില്‍ സംശയിക്കുന്നു.

ഒക്ടോബര്‍ 4-ന് ഹത്തയ്ക്കും ഒമാനും ഇടയിലുള്ള പ്രദേശത്ത് വെച്ച് ഇവരുടെ മൊബൈല്‍ സിഗ്‌നലുകള്‍ നിലച്ചു. ക്രിപ്‌റ്റോ വാലറ്റില്‍ പ്രവേശനം നേടാന്‍ കഴിയാതെ വന്നതോടെ, തട്ടിക്കൊണ്ടുപോയവര്‍ ദമ്പതികളെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

മൃതദേഹങ്ങള്‍ കട്ടിയുള്ള പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കാനായി കെമിക്കല്‍ ലായനികള്‍ മൃതദേഹങ്ങളില്‍ ഒഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലെ മാലിന്യ ബിന്നുകളില്‍ ഉപേക്ഷിച്ചതായും ചില റഷ്യന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ടെങ്കിലും, ഈ വിവരം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പഴയ തട്ടിപ്പുകാരന്‍, പുതിയ സംരംഭം

ദുബായിലെ ആഡംബര ജീവിതത്തിലൂടെ ശ്രദ്ധേയനായ റോമന്‍ നോവക്കിന് പിന്നില്‍ ഇരുണ്ട ഭൂതകാലമുണ്ട്. 2020-ല്‍ റഷ്യയില്‍ വന്‍കിട നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നോവക്കിനെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2023-ല്‍ പരോളില്‍ പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ യുഎഇയിലേക്ക് താമസം മാറിയതും ഫിന്‍ടോപിയോ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ ഫിനാന്‍സ് സംരംഭം ആരംഭിച്ചതും.

ഫിന്‍ടോപിയോ വഴി റഷ്യ, ചൈന, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വരെ നോവക്കിന്റെ ശൃംഖല നിക്ഷേപം സമാഹരിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. ഈ പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രധാന സംശയം.

ക്രൂരതയുടെ മണിക്കൂറുകള്‍

റോമന്‍ നോവക്കും അന്നയും ദുബായില്‍ നിന്ന് 80 മൈല്‍ അകലെയുള്ള ഹത്ത റിസോര്‍ട്ട് ഏരിയയില്‍ വെച്ചാണ് അപ്രത്യക്ഷരായത്. നിക്ഷേപകര്‍ എന്ന വ്യാജേനയെത്തിയ ക്രിമിനലുകളാണ് ഇവരെ കെണിയില്‍ പെടുത്തിയത്. ക്രിപ്‌റ്റോ വാലറ്റുകളിലേക്ക് പ്രവേശിക്കാനുള്ള രഹസ്യ കോഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിച്ച് കൊലയാളി സംഘം ഇരുവരെയും പരസ്പരം നോക്കിനില്‍ക്കെ പീഡിപ്പിച്ചു. പീഡനം സഹിക്കാനാവാതെ കോഡുകള്‍ നല്‍കിയെങ്കിലും, വാലറ്റുകള്‍ ശൂന്യമായി കിടക്കുന്നതാണ് തട്ടിക്കൊണ്ടുപോയവര്‍ കണ്ടത്.

മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

റഷ്യന്‍ അന്വേഷണ സമിതിയുടെ തലവനായ സ്വെറ്റ്ലാന പെട്രെങ്കോയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് റഷ്യന്‍ പൗരന്മാരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് അറസ്റ്റ് ചെയ്തു.മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കോണ്‍സ്റ്റാന്റിന്‍ ഷാഖ്ത്, യൂരി ഷാരിപോവ്, വ്ളാഡിമിര്‍ ഡാലേകിന്‍ എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നവരില്‍ ഷാരിപോവും ഡാലേകിനും കുറ്റം സമ്മതിച്ചപ്പോള്‍, ഷാഖ്ത് കുറ്റം നിഷേധിച്ചു. കൊലയാളികള്‍ക്ക് തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച മറ്റ് കൂട്ടാളികള്‍ ഉണ്ടെന്നും, അവര്‍ വാടകയ്ക്ക് എടുത്ത കാറുകളും നോവകിനെ തടങ്കലില്‍ വെച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയും യുഎഇയും സംയുക്തമായി നടത്തുന്ന ഈ അന്വേഷണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.