- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വര്‍ഷത്തിനിടയില്‍ ബ്രിട്ടന്‍ നല്‍കിയത് 1.3 കോടി വിസ; 2023-ല്‍ മാത്രം 34 ലക്ഷം വിസ നല്‍കി; വിസാ കാലാവധി കഴിയുമ്പോള്‍ മടങ്ങുന്നത് എത്ര പേരെന്ന് അറിയാന്‍ ഹോം ഓഫീസിനു വഴികള്‍ ഇല്ല: യുകെയുടേത് താറുമാറായ ഇമ്മിഗ്രെഷന് സിസ്റ്റം
വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ എത്രപേര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നത് കൃത്യമായി പറയാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കില്ല. അതിനാവശ്യമായ കണക്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സമാഹരിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പൂറത്ത് വന്നിരിക്കുന്നത്. അതേസമയം, ഇമിഗ്രേഷന്‍ അഭിഭാഷകരുമായി സംസാരിച്ചതില്‍ നിന്നും രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള 4 ലക്ഷം പേരെങ്കിലും താമസിക്കുന്നുണ്ടാവണം എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇമിഗ്രേഷന്‍ സിസ്റ്റം താറുമാറായി എന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് പ്രമുഖ ഇമിഗ്രേഷന്‍ അഭിഭാഷകനായ ഹര്‍ജാപ് സിംഗ് ഭന്‍ഗാല്‍ പറയുന്നു.
ബ്രിട്ടന്‍ വിട്ടു പോകുന്നവരുടെ കാര്യത്തില്‍ ഹോം ഓഫീസിന് നിയന്ത്രണമില്ലാത്തതിനാല്‍ കൃത്യമായ കണക്ക് നല്‍കുക എന്നത് അസാദ്ധ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചുമരുകള്‍ എല്ലാം തകര്‍ന്ന ഒരു കെട്ടിടത്തിന് സമാനമാണ് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ സിസ്റ്റമെന്നും സ്‌കൈ ന്യൂസിനോട് പറഞ്ഞു. നേരത്തെ വിസയുമായ പാസ്സ്‌പോര്‍ട്ട് നമ്പറുകള്‍ വിവിധ എയര്‍ലൈനുകളില്‍ നിന്നും മറ്റ് അന്താരാഷ്ട്ര സൗകര്യങ്ങള്‍ ഒരുക്കുന്നവരില്‍ നിന്നും ശേഖരിക്കുന്ന പാസ്സ്‌പോര്‍ട്ട് നമ്പറുകളുമായി ഒത്തുനോക്കുന്ന പതിവ് ഹോം ഓഫീസിനുണ്ടായിരുന്നു.
അവരുടെ അറൈവല്‍, ഡിപ്പര്‍ച്ചര്‍ പട്ടികകളിലെ പാസ്സ്‌പോര്‍ട്ട് നമ്പറുകളുമായി യോജിക്കുന്ന നമ്പറുകള്‍ ഉള്ള പാസ്സ്‌പോര്‍ട്ട് ഉടമകള്‍, അവര്‍ ബ്രിട്ടന്‍ വിട്ട് പോകേണ്ട സമയത്ത് തന്നെ വിട്ടുപോയതായി തീര്‍ച്ചയാക്കാം. അതേസമയം, പട്ടികയുമായി യോജിക്കാത്ത നമ്പറുകള്‍ ഉള്ളവര്‍ ബ്രിട്ടനില്‍ വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നുണ്ടെന്നും മനസ്സിലാക്കാം. എന്നാല്‍, ഈ പ്രക്രിയ കോവിഡ്, ബ്രെക്സിറ്റ് തുടങ്ങിയവ കാരണം കഴിഞ്ഞ കുറച്ചു കാലമായി നിര്‍ത്തിയിറ്റുന്നു. അതുകൊണ്ടാണ് അതേ രീതി പിന്തുടര്‍ന്നാല്‍ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് പറയുന്നത്.
ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഇല്ലാതെയായിട്ടു നാലര വര്‍ഷം കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയും അതുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളും വിട്ടൊഴിഞ്ഞിട്ട് ഏകദേശം മൂന്നര വര്‍ഷങ്ങളും കഴിഞ്ഞു. എന്നിട്ടും, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുറ്റരുന്നവരെ കണ്ടെത്താന്‍ ഒരു പുതിയ രീതി രൂപീകരിക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. പഴയ രീതി പൂര്‍ണ്ണമായും കുറ്റമറ്റതായിരുന്നു എന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമില്ല. ബ്രിട്ടനില്‍ എത്തിയവര്‍, ഇവിടെയുള്ളപ്പോള്‍ പാസ്സ്‌പോര്‍ട്ട് മാറ്റിയാലോ അല്ലെങ്കില്‍ എയ്റ്റര്‍ലൈനുകള്‍ രേഖപ്പെടുത്തുന്ന പാസ്സ്‌പോര്‍ട്ട് നമ്പറുകളില്‍ പിഴവുകള്‍ വന്നാലോ കൃത്യമായ വിവരം ലഭിക്കില്ല.
ഇതെല്ലാം കണക്കിലെടുത്ത് ഹോം ഓഫീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം 2016 നും 2020 നും ഇടയിലായി ഇത്തരത്തില്‍ 2,50,000 പേര്‍ വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനിലുണ്ടായിരുന്നു എന്നാണ്. അതായത്, പ്രതിവര്‍ഷം 63,000 പെരോളം വിസ കാലാവധി കഴിഞ്ഞും യു കെയില്‍ തുടരുന്നു എന്നര്‍ത്ഥം. 2018 മുതല്‍ ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തിയവരുടെ എണ്ണത്തേക്കാള്‍ കൂറ്റുതലാണീത്. ഈ കാലയളവില്‍ 1,90,000 പേരാണ് ചാനല്‍ കടന്ന് അനധികൃതമായി യു കെയില്‍ എത്തിയത്. 2020 നും 2025 ജൂണിനും ഇടയിലായി 13 മില്യന്‍ വിസകള്‍ നല്‍കിയതായും ഹോം ഓഫീസിന്റെ കണക്കുകളില്‍ പറയുന്നു.
എന്നാല്‍, അവയില്‍ എത്രയെണ്ണത്തിന്റെ കാലാവധി കഴിഞ്ഞു എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് സ്‌കൈ ന്യൂസ് പറയുന്നു. അതുകൊണ്ടു തന്നെ കാലാവധി കഴിഞ്ഞും എത്രപേര്‍ ബ്രിട്ടനില്‍ തുടരുന്നു എന്നതിനെ കുറിച്ചും വ്യക്തമായ ധാരണയില്ല. വളരെ മൃദു സമീപനം സ്വീകരിക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ മറ്റുള്ളവര്‍ ബ്രിട്ടനെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്നാണ് ഒരു വിമര്‍ശകന്‍ പറഞ്ഞത്.
തികച്ചും അപരിചിതരായവര്‍ക്ക് പണം നല്‍കി അവരുടെ ബന്ധുവെന്ന വ്യാജേന സന്ദര്‍ശന വിസയില്‍ യു കെയില്‍ എത്തി വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുന്നവര്‍ ഏറെയാണ്. ഇവരില്‍ പലരും, പണമായി വേതനം വാങ്ങി, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നുമുണ്ട്. ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്തതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിയുന്നില്ല. എന്നാല്‍, അടിയന്തിര ഘട്ടങ്ങളില്‍ ഇവര്‍ക്ക് ആരോഗ്യ സംരക്ഷണ മേഖലയുടെ സേവനം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. അതുപോലെ ഇവരുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിയും. ഇതിനെല്ലാമുള്ള ചെലവ് വഹിക്കുന്നത് നികുതിദായകരുടെ പണം കൊണ്ടാണ് എന്ന് ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു.




