- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍
ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്?
സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതരുടെ കുടുംബ സംഗമത്തിന് നേരേയുള്ള ആക്രമണം അഴിച്ചുവിട്ട തോക്കുധാരികളില്‍ ഒരാളെ കീഴ്‌പ്പെടുത്തിയ വഴിയാത്രക്കാരന്‍ ഹീറോയായത് വാര്‍ത്തയായിരുന്നു. ആരാണ് അയാള്‍ എന്ന അന്വേഷണത്തിലായിരുന്നു എല്ലാവരും. അതിനുമുമ്പ് എന്താണ് സംഭവിച്ചതെന്ന് നോക്കാം. ബീച്ചിന് സമീപം ഒരു മരത്തിന് പിന്നില്‍ പതുങ്ങിയിരുന്ന് ഉന്നം പിടിക്കുകയായിരുന്ന അക്രമിയെ പിന്നിലൂടെ എത്തിയാണ് ധീരനായ വഴിയാത്രക്കാരന്‍ കീഴ്‌പ്പെടുത്തിയത്. അതിവേഗത്തില്‍, തോക്കുകൈവശപ്പെടുത്തി റൈഫിള്‍ അക്രമിയുടെ നേര്‍ക്ക് തിരിച്ച് ചൂണ്ടി. അക്രമിയെ പിന്നില്‍ നിന്ന് ആക്രമിച്ച് കീഴടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പ്രാദേശിക സമയം വൈകുന്നേരം 6:30-ന് (ഇന്ത്യന്‍ സമയം 15:27 IST) രണ്ട് തോക്കുധാരികള്‍ ബോണ്ടി ബീച്ചില്‍ വെടിവെപ്പ് ആരംഭിച്ചതോടെയാണ് സ്ഥലത്ത് വലിയ ഭീകരാന്തരീക്ഷം ഉടലെടുത്തത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഈ സാഹസിക ദൃശ്യങ്ങള്‍ ഉള്ളത്. നിരായുധനായ ഈ വ്യക്തി, ആദ്യം പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് പിന്നില്‍ ഒളിച്ചുനിന്ന് അക്രമിയുടെ നീക്കം നിരീക്ഷിച്ചു. തുടര്‍ന്ന്, മരത്തിന് പിന്നില്‍ ഒളിച്ച് നിന്ന അക്രമിയുടെ അടുത്തേക്ക് പിന്നിലൂടെ അതിവേഗം ഓടിയെത്തി.
നിമിഷനേരം കൊണ്ട്, ഇയാള്‍ അക്രമിയെ കഴുത്തിന് പിടിച്ച് നിലത്തേക്ക് തള്ളിയിടുകയും റൈഫിള്‍ കൈക്കലാക്കുകയും ചെയ്തു. റൈഫിള്‍ കൈക്കലാക്കിയ ശേഷം, തോക്കുധാരിക്കുനേരെ തന്നെ തിരിച്ചുപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമി എഴുന്നേറ്റ് നടന്നുപോയപ്പോള്‍ ഈ ധീരന്‍ തോക്ക് താഴെയിടുകയും ചെയ്തു.
ആളെ തിരിച്ചറിഞ്ഞു
ബോണ്ടി ബീച്ചിലെ ഭീകരാക്രമണത്തിനിടെ സ്വന്തം ജീവന്‍ പണയപ്പെടുത്തി തോക്കുധാരിയെ കീഴടക്കിയ ധീരനെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു. 43 വയസ്സുകാരനായ അഹമ്മദ് അല്‍ അഹമ്മദ് എന്ന പഴം വില്‍പ്പനക്കാരനാണ് തന്റെ പെട്ടെന്നുള്ള ഇടപെടലിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്.
വെടിവെപ്പ് നടക്കുമ്പോള്‍ അതുവഴി പോകുകയായിരുന്നു അഹമ്മദ് അല്‍ അഹമ്മദ്. തോക്കുകളെക്കുറിച്ച് ഒരുചുക്കും അറിയാതിരുന്നിട്ടും അദ്ദേഹം ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ച തോക്കുധാരികളിലൊരാളെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ ധീരമായ പോരാട്ടത്തിനിടെ അഹമ്മദ് അല്‍ അഹമ്മദിന് വെടിയേറ്റ് മുറിവുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമമായ 7ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദ് നിലവില്‍ ആശുപത്രിയിലാണ്. അദ്ദേഹത്തിന് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. 'അദ്ദേഹം 100% നായകനാണ്,' എന്ന് അഹമ്മദിന്റെ ബന്ധുവായ മുസ്തഫ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പ്രതികരണം
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി മാറിയ ഈ സംഭവത്തില്‍ രാജ്യവ്യാപകമായി അഹമ്മദിന് പ്രശംസ ലഭിക്കുകയാണ്. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അദ്ദേഹത്തെ 'നായകന്‍' എന്ന് വിശേഷിപ്പിച്ചു. ജൂത ഓസ്ട്രേലിയക്കാര്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 'ഇതൊരു തിന്മയുടെ പ്രവൃത്തിയാണ്, ജൂതവിരുദ്ധതയാണ്, നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഭീകരതയാണ്. ജൂത ഓസ്ട്രേലിയക്കാര്‍ക്ക് നേരെയുള്ള ആക്രമണം എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും നേരെയുള്ള ആക്രമണമാണ്. ഈ വിദ്വേഷത്തിനും അക്രമത്തിനും നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, ഞങ്ങള്‍ അത് ഇല്ലാതാക്കും,' അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ സമിതി അടിയന്തരമായി യോഗം ചേര്‍ന്നു.
ഇസ്രയേലിന്റെ വിമര്‍ശനം
ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഫലസ്തീന്‍ രാഷ്ട്രപദവി അംഗീകരിക്കാന്‍ തീരുമാനിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് അവരുടെ നയം ജൂതവിദ്വേഷത്തിന്റെ തീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. 'നേതാക്കള്‍ നിശ്ശബ്ദരായിരിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജൂതവിദ്വേഷം പടരുന്ന ഒരു കാന്‍സറാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് പറയുന്നതനുസരിച്ച്, വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും കുട്ടിയുള്‍പ്പെടെ 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ കൊല്ലപ്പെടുകയും മറ്റേയാള്‍ ഗുരുതരാവസ്ഥയില്‍ കസ്റ്റഡിയിലാവുകയും ചെയ്തു. സമീപത്തെ വാഹനത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.




