- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം നിന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; ഈ ഡീലിന്റെ ആഘാതം കൂടുതല്‍ നേരിടുക യുഡിഎഫിന്; ഗുണഫലം സിപിഎമ്മിനും; തിരുവനന്തപുരത്തെ മേയര്‍ സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള 'ഇന്ത്യ' മുന്നണി നീക്കം പൊളിഞ്ഞു; പ്രതിപക്ഷത്ത് തുടരാന്‍ യുഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അമ്പത് സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ഭരണംതടയാന്‍ ഇടതും വലതും ചേര്‍ന്ന് മേയര്‍ സ്ഥാനത്തേക്കു പൊതുസ്വതന്ത്രനെ നിര്‍ത്താനുള്ള ആലോചന തുടക്കത്തിലേ പൊളിഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ തുടക്കത്തില്‍ ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ ശ്രമിക്കുമെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു പക്ഷേ, എല്‍ഡിഎഫുമായി സഹകരിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് കൈകൊടുത്തില്ല. ഇതോടെ യുഡിഎഫുമായി സഹകരിച്ച് ഭരണംപിടിക്കാനില്ലെന്ന പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍തന്നെ രംഗത്തെത്തി. അതേ സമയം സ്വതന്ത്രന്മാരായി ജയിച്ച രണ്ട് അംഗങ്ങളില്‍ ഒരാളെയെങ്കിലും തങ്ങള്‍ക്ക് ഒപ്പമെത്തിക്കാനുള്ള നീക്കം ബിജെപി നടത്തുന്നുണ്ട്.
ബിജെപിയെ തലസ്ഥാന നഗരസഭ ഭരിക്കുന്നതില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ എല്‍ഡിഎഫുമായി സഹകരിച്ചാല്‍ മാസങ്ങള്‍ അകലെമാത്രം ഉള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്നും തീരുമാനം ആത്മഹത്യാപരമാകും എന്ന വിലയിരുത്തലാണ് യുഡിഎഫ് വൃത്തങ്ങള്‍ക്ക്. തലസ്ഥാനത്ത് കോര്‍പറേഷനില്‍ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ ചെലവിലാണെന്ന പരിഹാസം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായതോടെ, പരാജയകാരണം ഇഴകീറി പരശോധിക്കാനൊരുങ്ങുകയാണ് ജില്ലയിലെ സിപിഎം നേതൃത്വം.
സംസ്ഥാനത്തിനു പുറത്തുള്ളതുപോലെ എല്‍ഡിഎഫും യുഡിഎഫും ബിജെപിക്കെതിരേ കോര്‍പ്പറേഷനില്‍ ഒന്നിച്ചുനിന്നു ഭരണംപിടിക്കാനുള്ള ഇന്ത്യാമുന്നണി ആലോചനകളാണു വന്നത്. കോര്‍പ്പറേഷനിലെ 101 വാര്‍ഡില്‍ 100 എണ്ണത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ 50 വാര്‍ഡുകള്‍ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ മാത്രമാണ്. 29 എല്‍ഡിഎഫിനും 19 യുഡിഎഫിനും. രണ്ട് സ്വതന്ത്രന്‍മാരില്‍ ഒരാള്‍ യുഡിഎഫ് വിമതനുമാണ്.
ഇതില്‍ ഏതെങ്കിലും ഒരു സ്വതന്ത്രനെ ഇരുമുന്നണികളും മേയര്‍സ്ഥാനത്തേക്കു പിന്തുണയ്ക്കുക എന്നതായിരുന്നു പദ്ധതി. എങ്കിലും നിരവധി വെല്ലുവിളികളുണ്ട്. രണ്ട് സ്വതന്ത്രന്‍മാരുടെ പിന്തുണകൂടി കിട്ടിയാലും 50 വാര്‍ഡുകളേ വരുന്നുള്ളൂ. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കു നറുക്കെടുപ്പുവരും. മാറ്റിവെച്ചിട്ടുള്ള വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബിജെപി ജയിക്കാന്‍ സാധ്യത കുറവാണ്. ഇവിടെക്കൂടി ജയിച്ചാല്‍ 51 വാര്‍ഡിന്റെ ഭൂരിപക്ഷത്തില്‍ ഇന്ത്യാമുന്നണിക്കു ഭരണം നിലനിര്‍ത്താമെന്നതായിരുന്നു തന്ത്രം.
പക്ഷേ, ബിജെപിക്കെതിരേ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ ആറുമാസംകഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതു തിരിച്ചടിക്കും. ഈ ഡീലിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടുക യുഡിഎഫിനാകും. ബിജെപിക്കു തടയിട്ടു എന്നതിന്റെ ഗുണഫലം സിപിഎമ്മിനു ലഭിക്കുകയും ചെയ്യും. ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിക്കെതിരേ നില്‍ക്കുന്നത് സിപിഎമ്മാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും യുഡിഎഫ് കരുതുന്നു. നഗരത്തിലെ നാല് മണ്ഡലങ്ങളില്‍ മാത്രമല്ല ജില്ലയൊട്ടാകെ ഇത് യുഡിഎഫിനു തിരിച്ചടിയാകും. ഇതോടെ ചര്‍ച്ചയ്ക്കുപോലും നില്‍ക്കാതെ യുഡിഎഫ് പിന്‍മാറുകയായിരുന്നു.
അതേ സമയം കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്രന്മാരായി ജയിച്ച രണ്ട് അംഗങ്ങളില്‍ ഒരാളെയെങ്കിലും തങ്ങല്‍ക്ക് ഒപ്പമെത്തിക്കാനുള്ള നീക്കം ബിജെപിയും നടത്തുന്നുണ്ട്. ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചര്‍ച്ച നടത്തി. സ്വതന്ത്രരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ശേഷം എല്‍ഡിഎഫും യുഡിഎഫും പുറത്തു നിന്നു പിന്തുണയ്ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ബിജെപിയുടെ നീക്കം. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു പ്രതീക്ഷയുള്ള വാര്‍ഡ് അല്ല. അതേസമയം, പാര്‍ട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാര്‍ഡില്‍ വിജയിച്ച എസ്.സുധീഷ് കുമാറിനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനാണ് രണ്ടാമന്‍.
തിരഞ്ഞെടുപ്പ് നടത്തിയ 100 ല്‍ 50 വാര്‍ഡ് ബിജെപി നേടി. എല്‍ഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് കോര്‍പറേഷന്‍ ഭരിക്കാം. കേവല ഭൂരിപക്ഷം തികയാത്തത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് അംഗ സംഖ്യ 51 ആക്കാന്‍ സ്വതന്ത്രരുടെ പിന്തുണയ്ക്കു ശ്രമിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കാന്‍ സാധ്യതയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഇരു മുന്നണികള്‍ക്കും പിന്തുണ നല്‍കിയാല്‍ തിരിച്ചടിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒരാളെ മേയര്‍ സ്ഥാനത്തു നിര്‍ത്തി പുറത്തു നിന്ന് പിന്തുണ നല്‍കിയാല്‍ എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായി ഉന്നയിക്കാനും കഴിയില്ല. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും അറിയിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് കോര്‍പറേഷനില്‍ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ ചെലവിലാണെന്ന പരിഹാസം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായതോടെ, പരാജയകാരണം ഇഴകീറി പരശോധിക്കാനൊരുങ്ങുകയാണ് ജില്ലയിലെ സിപിഎം നേതൃത്വം. എല്‍ഡിഎഫ് നേതൃത്വവും ഇതേക്കുറിച്ച് പരിശോധിക്കും. 45 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 100ല്‍ 50 സീറ്റ് ബിജെപി നേടിയപ്പോള്‍ നഷ്ടമായതിലേറെയും എല്‍ഡിഎഫിനാണ്. 2020ല്‍ 35 സീറ്റാണ് ബി.ജെപി നേടിയത്. എല്‍ഡിഎഫിന്റെ സീറ്റുനില 52ല്‍ നിന്നും 29ആയി കുറഞ്ഞു. കോണ്‍ഗ്രസ് അധികമായി പിടിച്ചെടുത്ത ഒന്‍പത് സീറ്റ് നഷ്ടമുണ്ടാക്കിയതും ഇടതിനായിരുന്നു.
ഫലം വന്നതുമുതല്‍ എല്‍ഡിഎഫ് പരാജയത്തിന്റെ പ്രധാന കാരണം മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന നിലയില്‍ പ്രചാരണമുണ്ടായിരുന്നു. കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം കടുക്കുന്നത്. ആര്യയെ ന്യായീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബു പോസ്റ്റിട്ടത് ശരിയായില്ലെന്ന് ജില്ലാ സെക്രട്ടറി വി ജോയി പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.




