സിഡ്‌നി: സിഡ്നിയിലെ ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന് പിന്നാലെ ഓസ്ട്രേലിയയില്‍ അതീവജാഗ്രത പുലത്തുകയാണ്. അതിനിടെ, വീണ്ടും ഭീകരവിരുദ്ധ ഓപ്പറേഷനില്‍, ലിവര്‍പൂളിലെ തിരക്കേറിയ റോഡില്‍ വെച്ച് ആയുധധാരികളായ കമാന്‍ഡോകള്‍ നടത്തിയ നാടകീയമായ നീക്കത്തില്‍ ഏഴ് പേരെ പിടികൂടി.

സിഡ്നിയിലെ ലിവര്‍പൂളില്‍ വ്യാഴാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്താണ് സിനിമകളെ വെല്ലുന്ന രീതിയില്‍ പോലീസ് സംഘം ഭീകരരെന്ന് സംശയിക്കുന്നവരെ പിടികൂടിയത്. ആയുധധാരികളായ ടാക്ടിക്കല്‍ ഓഫീസര്‍മാരും റയറ്റ് സ്‌ക്വാഡും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്.

നാടകീയമായ അറസ്റ്റ്

ഏകദേശം വൈകുന്നേരം അഞ്ച് മണിയോടെ ജോര്‍ജ് - കാംപ്ബെല്‍ സ്ട്രീറ്റ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. വിക്ടോറിയന്‍ നമ്പര്‍ പ്ലേറ്റുള്ള വെള്ള ഹ്യുണ്ടായ് കാറില്‍ സഞ്ചരിക്കുകയായിരുന്നു സംഘത്തെ പോലീസ് തടഞ്ഞു. ഇവരുടെ വാഹനത്തിലേക്ക് പോലീസിന്റെ രണ്ട് ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ മനഃപൂര്‍വ്വം ഇടിച്ചുകയറ്റിയാണ് യാത്ര തടഞ്ഞത്. തുടര്‍ന്ന് സൈനിക വേഷമണിഞ്ഞ പോലീസ് കമാന്‍ഡോകള്‍ തോക്കുമായി ചാടിയിറങ്ങുകയും കാറിലുണ്ടായിരുന്നവരെ കീഴ്പ്പെടുത്തുകയുമായിരുന്നു.

സംഘം ബോണ്ടി ബീച്ചിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അക്രമാസക്തമായ ഒരു ആക്രമണം ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ മിന്നല്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് എന്‍.എസ്.ഡബ്ല്യു (NSW) പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. അഞ്ച് പേരെ സംഭവസ്ഥലത്ത് വെച്ചും ഒരാളെ സമീപത്തെ ഇടവഴിയില്‍ വെച്ചുമാണ് പിടികൂടിയത്. പരിക്കേറ്റ ഒരാളെ സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റി.





ബോണ്ടി ബീച്ച് കൂട്ടക്കൊലയുടെ പശ്ചാത്തലം

കഴിഞ്ഞ ഞായറാഴ്ച ബോണ്ടി ബീച്ചിലെ ഹനൂക്ക (Hanukkah) ആഘോഷങ്ങള്‍ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ പത്ത് വയസ്സുകാരിയുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. നവീദ് അക്രം (24), പിതാവ് സാജിദ് (50) എന്നിവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ഐസിസ് (ISIS) ആശയങ്ങളില്‍ ആകൃഷ്ടരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലായിരിക്കുമ്പോഴാണ് പുതിയ ഭീകര പദ്ധതി തകര്‍ത്തിരിക്കുന്നത്.

കര്‍ശന നിയമങ്ങളുമായി ഭരണകൂടം

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രഖ്യാപിച്ചു. കൂടാതെ, വിദ്വേഷ പ്രസംഗങ്ങള്‍ക്കും (Hate Speech) തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ പുതിയ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ടി ബീച്ച് ആക്രമണത്തിനിടെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അക്രമികളെ നേരിട്ട സാധാരണക്കാരെയും ലൈഫ് ഗാര്‍ഡുകളെയും പ്രധാനമന്ത്രി 'വീരന്മാര്‍' എന്ന് വിശേഷിപ്പിച്ചു.

ഈ ഭീകരവിരുദ്ധ നീക്കത്തിന് ബോണ്ടി ബീച്ച് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.