- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാള്‍ എന്നെ ബലാത്സംഗം ചെയ്തു!' എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെതിരെ പീഡനാരോപണം; ലിമോസിന്‍ ഡ്രൈവര്‍ കേട്ട ആ ഫോണ്‍ കോള്‍; പിന്നാലെ പരാതിക്കാരിയുടെ ആത്മഹത്യ; 30,000 പേജുകള്‍ പുറത്തുവിട്ട് നീതിന്യായ വകുപ്പ്; മിനിറ്റുകള്‍ക്കകം ട്രംപിന്റെ ഫയലുകള്‍ മുക്കി; രാഷ്ട്രീയ നാടകമെന്ന് യുഎസ് പ്രസിഡന്റ്
എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിനെതിരെ പീഡനാരോപണം
വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായിരിക്കെ ജയിലില്‍ മരിച്ച കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട 30,000-ത്തോളം പുതിയ പേജുകള്‍ യുഎസ് നീതിന്യായ വകുപ്പ് പരസ്യപ്പെടുത്തി. രേഖകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി പുറത്തുവിട്ട ഫയലുകളില്‍ നിന്ന് പ്രധാനപ്പെട്ട ചില തെളിവുകള്‍ 'അപ്രത്യക്ഷമായി' എന്ന ആരോപണം കൂടി ഉയര്‍ന്നതോടെ സംഭവം വന്‍ വിവാദമായിരിക്കുകയാണ്.
ട്രംപിന് എതിരെ ബലാല്‍സംഗ ആരോപണം
1995-ല്‍ ട്രംപും എപ്സ്റ്റീനും തമ്മില്‍ നടന്ന ഒരു ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള എഫ്ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരു പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നത് കേട്ടു എന്നാണ് ലിമോസിന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഈ സംഭവത്തിന് ശേഷം പോലീസില്‍ പരാതിപ്പെട്ട സ്ത്രീ പിന്നീട് 2000-ല്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എപ്സ്റ്റീനൊപ്പം ചേര്‍ന്ന് ട്രംപ് തന്നെ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന ഫയലുകളും (EFTA00020518) ഇതിലുണ്ട്. എന്നാല്‍ ഈ പരാതിക്കാരിയുടെ വിവരങ്ങള്‍ രേഖകളില്‍ മറച്ചുവെച്ചിരിക്കുകയാണ്.
എട്ട് രഹസ്യ വിമാനയാത്രകള്‍
നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തവണ ട്രംപ് എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. 1993-നും 1996-നും ഇടയില്‍ ചുരുങ്ങിയത് എട്ട് തവണയെങ്കിലും ട്രംപ് ഈ വിമാനത്തില്‍ സഞ്ചരിച്ചതായി ഇമെയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ വലിയ ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നാണ് ഇതിലൂടെ പുറത്തുവരുന്നത്. ചില യാത്രകളില്‍ 20 വയസ്സുകാരനായ ഒരു യുവാവും മറ്റ് ചിലരില്‍ ഗിസ്ലെയ്ന്‍ മാക്സ്വെല്ലും (എപ്സ്റ്റീന്റെ സഹായി) സാക്ഷികളാകാന്‍ സാധ്യതയുള്ള സ്ത്രീകളും ട്രംപിനൊപ്പമുണ്ടായിരുന്നു.
1994-ല്‍ എപ്സ്റ്റീന്‍ ഒരു 14 വയസ്സുകാരിയെ ട്രംപിന് പരിചയപ്പെടുത്തിയതായും ആ സമയത്ത് ട്രംപ് മോശമായ രീതിയില്‍ പ്രതികരിച്ചതായും ഒരു ഇരയുടെ പരാതിയില്‍ പറയുന്നു. 'ഇവള്‍് കൊള്ളാം അല്ലേ?' എന്ന് എപ്സ്റ്റീന്‍ ചോദിച്ചപ്പോള്‍ ട്രംപ് തല കുലുക്കി സമ്മതിച്ചതായാണ് ആരോപണം.
അപ്രത്യക്ഷമായ ഫയലുകള്‍
രേഖകള്‍ പുറത്തുവിട്ട് 24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ ചിത്രം ഉള്‍പ്പെടെയുള്ള 16 സുപ്രധാന ഫയലുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഇത് ട്രംപിനെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ഡെമോക്രാറ്റുകള്‍ ആഞ്ഞടിക്കുന്നു.
അടിസ്ഥാനരഹിതമെന്ന് നീതിന്യായ വകുപ്പ്; രാഷ്ട്രീയ നാടകമെന്ന് ട്രംപ്
ഈ ആരോപണങ്ങള്‍ 2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്ബിഐക്ക് ലഭിച്ചതാണെന്നും ഇവയില്‍ പലതും അടിസ്ഥാനരഹിതവും അതിശയോക്തി കലര്‍ന്നതും ആണെന്നുമാണ് യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക നിലപാട്. ആരോപണങ്ങളില്‍ വാസ്തവമുണ്ടായിരുന്നെങ്കില്‍ ഇത് നേരത്തെ തന്നെ ട്രംപിനെതിരെ ഉപയോഗിക്കുമായിരുന്നു എന്നും ഡിഒജെ വിശദീകരിക്കുന്നു.
അതേസമയം, ഇതെല്ലാം വെറും 'രാഷ്ട്രീയ നാടകം' മാത്രമാണെന്നാണ് ട്രംപിന്റെ പ്രതികരണം. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണെന്നും ഇതിന് പിന്നില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ശത്രുക്കളാണെന്നും അദ്ദേഹം ആരോപിച്ചു.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് 2019 ജൂലൈ 23-ന് എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പുതിയ ഫയലുകള്‍ സ്ഥിരീകരിക്കുന്നു. കൂടാതെ, ബില്‍ ക്ലിന്റണ്‍, ബില്‍ ഗേറ്റ്സ് തുടങ്ങിയ പ്രമുഖര്‍ എപ്സ്റ്റീനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.




