ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളിയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്ക്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് അലാവൈറ്റ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ പള്ളിയിൽ ആക്രമണമുണ്ടായത്. ഇതൊരു ഭീകരാക്രമണമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോംസിലെ വാദി അൽ ദഹാബ് ജില്ലയിലെ ഇമാം അലിയ്യിബ്‌നു അബീത്വാലിബ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്.

"സരായ അൻസാർ അൽ-സുന്ന" എന്ന് പേരുള്ള ഒരു തീവ്രവാദ സംഘം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, തങ്ങളുടെ ആക്രമണങ്ങൾ തുടരുമെന്നും വർധിക്കുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ ഷിയാ മുസ്‌ലിങ്ങളിലെ ന്യൂനപക്ഷ വിഭാഗമാണ് അലാവൈറ്റുകൾ. സംഭവത്തെത്തുടർന്ന് സുരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി പള്ളി വളഞ്ഞു. പള്ളിയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്.

ഈ നടപടി മാനുഷികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരായ ആക്രമണമാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണകാരികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പള്ളിക്ക് ചുറ്റും സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ടെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വലിയ തോതിലുള്ള പോരാട്ടങ്ങൾ കുറഞ്ഞുവെങ്കിലും, സിറിയയിലെ ദീർഘകാലമായുള്ള വിഭാഗീയവും വംശീയവും രാഷ്ട്രീയവുമായ ഭിന്നതകൾ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് ഈ ആക്രമണം.

പ്രസിഡന്റ് ബാഷർ അസദിന്റെ പതനത്തിനുശേഷം രാജ്യം നിരവധി തവണ വിഭാഗീയ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അസദിന്റെ വിഭാഗമായ അലവൈറ്റുകൾക്ക് നേരെ പലപ്പോഴും അടിച്ചമർത്തലുകളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അസദ് അനുകൂലികൾ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ആക്രമണം ദിവസങ്ങളോളം നീണ്ടുനിന്ന അക്രമങ്ങൾക്ക് വഴിവെക്കുകയും നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മരിച്ചവരിൽ ഭൂരിഭാഗവും അലവൈറ്റുകളായിരുന്നു. സുരക്ഷയും സ്ഥിരതയും തകർക്കാനും സിറിയൻ ജനതയ്ക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുമുള്ള ആവർത്തിച്ചുള്ള നിരാശാജനകമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അപലപിച്ചു. ഭീകരതയെ എല്ലാ രൂപത്തിലും ഭാവത്തിലും ചെറുക്കാനുള്ള സിറിയയുടെ ഉറച്ച നിലപാട് ആവർത്തിച്ച് പ്രസ്താവന പുറത്തിറക്കിയതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇസ്‌ലാമിസ്റ്റ് വിഭാഗം ഭരണം ഏറ്റെടുത്തതിനുശേഷം സിറിയയിൽ ഒരു വർഷത്തിനിടെ ആരാധനാലയത്തിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ ജൂണിൽ ഡമാസ്കസിലെ ഒരു പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.