കാസര്‍കോട്: സ്വന്തം അമ്മയോട് പിണങ്ങി ആത്മഹത്യ ചെയ്യാനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ രക്ഷിച്ച് മേല്‍പ്പറമ്പ് പോലിസ്. തീവണ്ടിക്ക് മുന്നില്‍ ചാടി മരിക്കാന്‍ പുറപ്പെട്ട 27കാരിയെ ആണ് പോലിസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കളനാട് സ്വദേശിയായ യുവതിയാണ് അമ്മയോട് വഴക്കുണ്ടാക്കി ണ്ട് പിഞ്ചുമക്കളേയും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായി ഇറങ്ങി പുറപ്പെട്ടത്.

യുവതി വീടുവിട്ടിറങ്ങിയതിന് പിന്നാലെ യുവതിയുടെ അമ്മ പോലിസില്‍ വിവരം അറിയിക്കുക ആയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ അമ്മയോടൊപ്പമാണ് യുവതിയും മക്കളും താമസിച്ചിരുന്നത്. അമ്മയുമായി ഉണ്ടായ ചെറിയ വഴക്കാണ് വലിയ പ്രശ്‌നത്തില്‍ കലാശിച്ചത്. യുവതി വീടുവിട്ടിറങ്ങിയതോടെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വീടുവിട്ടിറങ്ങിയ മകളെ രക്ഷപ്പെടുത്തണമെന്ന് അമ്മ കരഞ്ഞുകൊണ്ട് പോലീസിനോട് അഭ്യര്‍ഥിച്ചു.

ഫോണ്‍ അറ്റന്‍ഡ് ചെയ്ത പാറാവ് ജോലിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.രാജേഷ് യുവതിയുടെ ഫോണ്‍നമ്പര്‍ വാങ്ങിയ ശേഷം ഇന്‍സ്‌പെക്ടര്‍ എന്‍.പി.രാഘവനെ വിവരമറിയിച്ചു. അമ്മ നല്‍കിയ നമ്പറിലേക്ക് പോലീസ് വിളിച്ചെങ്കിലും യുവതി ഫോണെടുത്തില്ല. അദ്ദേഹം എസ്‌ഐ വി.കെ.അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.രാജേഷ്, ഹരീഷ് കടവത്ത്, ഡ്രൈവര്‍ സിപിഒ ജയിംസ് എന്നിവരെ യുവതിയെ കണ്ടെത്താന്‍ അടിയന്തര നിര്‍ദേശം നല്‍കി. യുവതി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലിസ സെബര്‍ സെല്ലിന്റെ സഹായം തേടി.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ യുവതി ഫോണെടുത്തെങ്കിലും കരച്ചില്‍ മാത്രമായിരുന്നു മറുപടി. പോലിസ് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും എവിടെയാണുള്ളതെന്ന് പറഞ്ഞില്ല. പോലീസ് നിരന്തരമായി അഭ്യര്‍ഥിച്ചപ്പോള്‍ ഇടുവുങ്കാലില്‍ ഓട്ടോ ഇറങ്ങിയതായി പറഞ്ഞു. എന്നാല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാണിച്ചത് ചാത്തങ്കൈ പ്രദേശമായിരുന്നു. യുവതി നല്‍കുന്ന വിവരം തെറ്റാണെന്ന് മനസ്സിലായെങ്കിലും പോലീസ് ഫോണ്‍ സംഭാഷണം വിച്ഛേദിച്ചില്ല. ഉടന്‍ തന്നെ ചാത്തങ്കൈ ഭാഗത്തേക്ക് പോലിസുകാര്‍ പാഞ്ഞു.

റെയില്‍വേ പാളം കേന്ദ്രീകരിച്ചാണ് പോലിസ് ഇവിടെയും തിരച്ചില്‍ നടത്തിയത്. പോലിസ് പാളത്തിലൂടെ നടന്ന് നടത്തിയ തിരച്ചിലില്‍ പാളത്തിന് സമീപം കുറ്റിക്കാട്ടില്‍ ാെളിച്ചിരുന്ന യുവതിയെ കണ്ടു. തീവണ്ടി വരുമ്പോള്‍ ചാടാനായി കാത്തിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.05ഓടെയാണ് യുവതിയെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് മക്കളുമായി വീട്ടിലിരുന്ന അമ്മയ്ക്കും സമാധാനമായി. യുവതിയുടെ അടുത്തിരുന്ന് സമാധാനിപ്പിച്ച ശേഷം യുവതിയെ പോലിസ് സ്‌റ്റേഷനിലെത്തിച്ചു.

ഈ സമയം ബന്ധുക്കളോടൊപ്പം സ്‌റ്റേഷനിലെത്തിയ അമ്മ മകളെ കണ്ടതോടെ പൊട്ടിക്കരഞ്ഞു. ഈ മക്കളെ തനിച്ചാക്കി എങ്ങനെ നിനക്ക് പോകാനായെന്നും അമ്മ വിതുമ്പുന്നുണ്ടായിരുന്നു. പോലീസ് കൗണ്‍സലിങ്ങില്‍ പങ്കെടുത്തശേഷം യുവതി ആശ്വാസത്തോടെ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി.