ജിനാൻ: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മുറിഞ്ഞുപോയ ചെവി മാസങ്ങളോളം കാലിൽ താൽക്കാലികമായി വളർത്തിയ ശേഷം യഥാസ്ഥാനത്ത് വിജയകരമായി തുന്നിച്ചേർത്ത് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ ലോകത്ത് ആദ്യത്തെ ഈ നേട്ടം സ്വന്തമാക്കി. ജിനാനിലെ ഷാൻഡോങ് പ്രൊവിൻഷ്യൽ ആശുപത്രിയിലെ ഡോക്ടർമാരാണ് യുവതിക്ക് പുനർജന്മം നൽകുന്ന ഈ അതിനൂതന ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജിനാനിലെ ഒരു ജോലിസ്ഥലത്തുണ്ടായ യന്ത്രത്തകരാറുമായി ബന്ധപ്പെട്ട അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടിയുടെ വലിയൊരു ഭാഗത്തിനൊപ്പം ചെവിയും പൂർണമായും മുറിഞ്ഞുമാറിയ നിലയിലായിരുന്നു. തലയോട്ടി, കഴുത്ത്, മുഖത്തിന്‍റെ തൊലി എന്നിവ ഒന്നിലധികം കഷണങ്ങളായി മുറിഞ്ഞതിനാൽ യുവതിയുടെ പരിക്കുകൾ ജീവന് തന്നെ ഭീഷണിയായിരുന്നുവെന്ന് ഷാൻഡോങ് പ്രൊവിൻഷ്യൽ ആശുപത്രിയിലെ മൈക്രോസർജറി യൂണിറ്റിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ക്യു ഷെൻ‌ക്യാങ് അറിയിച്ചു.

അപകടത്തെത്തുടർന്ന് ഉടൻതന്നെ മൈക്രോസർജറി ടീം തലയോട്ടി ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെങ്കിലും, തലയോട്ടിയിലെ കലകൾക്കും രക്തക്കുഴലുകൾക്കുമുണ്ടായ വലിയ മുറിവുകൾ കാരണം അത് പരാജയപ്പെട്ടു. തലയോട്ടിയിലെ കലകൾക്ക് ഭേദമാകാൻ സമയം ആവശ്യമായതിനാൽ, മുറിഞ്ഞുപോയ ചെവിക്ക് ജീവൻ നിലനിർത്താൻ മറ്റൊരു മാർഗം കണ്ടെത്താൻ ശസ്ത്രക്രിയാ വിദഗ്ധർ നിർബന്ധിതരായി.

വിപുലമായ ചർച്ചകൾക്കൊടുവിൽ, മുറിഞ്ഞ ചെവി യുവതിയുടെ കാൽപാദത്തിന്‍റെ മുകൾ ഭാഗത്ത് താൽക്കാലികമായി തുന്നിച്ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കാലിലെ ധമനികളും സിരകളും ചെവിയുടേതുമായി അനുയോജ്യമാണെന്നും കാലിലെ ചർമ്മവും മൃദുകലകളും തലയിലേതിന് സമാനമായി കനം കുറഞ്ഞതാണെന്നും അവർ കണ്ടെത്തി. ഈ നൂതനമാർഗം വഴി, ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ശരീരം സജ്ജമാകുന്നത് വരെ ചെവിക്ക് ജീവൻ നിലനിർത്താൻ സാധിച്ചു.

മാസങ്ങൾ നീണ്ട പരിചരണങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം, ഡോക്ടർമാർ മുറിഞ്ഞുപോയ ചെവി വിജയകരമായി യഥാസ്ഥാനത്ത് തുന്നിച്ചേർക്കുകയായിരുന്നു. മെഡിക്കൽ ന്യൂസ് പ്ലാറ്റ്‌ഫോമായ മെഡ് ജെ (യിക്സു ജി) ഈ കേസ് റിപ്പോർട്ട് ചെയ്തതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വ്യക്തമാക്കി. വൈദ്യശാസ്ത്ര രംഗത്തെ ഈ ശ്രദ്ധേയമായ മുന്നേറ്റം, അവയവം നഷ്ടപ്പെട്ടവർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്.