- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി; കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ട'; ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കി 'മറ്റത്തൂര്‍ മോഡല്‍'; സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച പ്രതിപക്ഷം പ്രതിരോധത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം 'മറ്റത്തൂര്‍ മോഡല്‍' ചര്‍ച്ചയാക്കി സിപിഎം. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ചയാളെ ഒപ്പം കൂട്ടി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിച്ച എല്‍ഡിഎഫിനെ വെട്ടാന്‍ എട്ട് കോണ്‍ഗ്രസ് വാര്‍ഡംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സ്വതന്ത്ര അംഗത്തെ പിന്തുണച്ച് പഞ്ചായത്ത് ഭരണം പിടിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് സിപിഎമ്മിന്റെ വ്യാപക പ്രചാരണം. കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ തൃശ്ശൂരിലെ മറ്റത്തൂര്‍ മോഡല്‍ കൂറുമാറ്റം രാഷ്ട്രീയായുധമാക്കുകയാണ് സിപിഎം.
ബിജെപി അധികാരത്തിലെത്താന്‍ ബിജെപിതന്നെ ജയിക്കണമെന്നില്ലെന്നും അതിന് കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നും പരിഹസിച്ച് സിപിഎം നേതാവ് എം. സ്വരാജ് ആണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മറ്റത്തൂര്‍ മുതല്‍ കുമരകംവരെയുള്ള സംഭവങ്ങള്‍ ഇത് തെളിയിക്കുന്നതാണെന്ന് 'അനായാസേന ലയനം' എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ എം സ്വരാജ് ആരോപിച്ചു. മറ്റത്തൂര്‍, കുമരകം പഞ്ചായത്തുകളിലുണ്ടായ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജിന്റെ ആക്രമണം. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. ഒറ്റച്ചാട്ടത്തിന് ബിജെപിയിലെത്താന്‍ തക്കംപാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. കേരളം പരിചയിച്ച രാഷ്ട്രീയക്കാഴ്ചയല്ല ഇത്. സംസ്ഥാനത്ത് പലയിടത്തും ബിജെപി-കോണ്‍ഗ്രസ് നീക്കുപോക്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. 'താമരയില്‍ കൈപ്പത്തി' ചിഹ്നം പങ്കുവച്ചായിരുന്നു ആരോപണങ്ങളും ട്രോളുകളും.
മറ്റത്തൂര്‍ മോഡലിന് ഓപ്പറേഷന്‍ 'കമലെ'ന്നും 'കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി'യെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. 2016-ല്‍ അരുണാചല്‍പ്രദേശില്‍ 44 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 43 പേരും എന്‍ഡിഎയിലേക്ക് ചേക്കേറിയതും 2021-ല്‍ കോണ്‍ഗ്രസിനെ ചാക്കിലാക്കി പുതുച്ചേരിയില്‍ ബിജെപി ഭരണംപിടിച്ചതുമൊക്കെ ഉയര്‍ത്തിക്കാട്ടി, അവയുടെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നാണ് സിപിഎം പ്രചാരണം. തദ്ദേശവോട്ടെടുപ്പിലെ കോണ്‍ഗ്രസ്-ബിജെപി കൊടുക്കല്‍വാങ്ങലിന്റെ ബാക്കിയാണ് മറ്റത്തൂരില്‍ സംഭവിച്ചതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പരീക്ഷണമാണിതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നേമത്ത് ഒ. രാജഗോപാലിലൂടെ ബിജെപി അക്കൗണ്ടുതുറന്നത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന ആരോപണവുമായി മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി.
പ്രതിരോധിച്ച് കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിനുമുന്‍പ് സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച കോണ്‍ഗ്രസിന് മറ്റത്തൂര്‍ ഞെട്ടലായി. എട്ടുപേരെ പിന്തിരിപ്പിച്ചും നടപടിയെടുത്തും പ്രശ്‌നം പരിഹരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചെങ്കിലും ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ബിജെപിയെ പിന്തുണച്ചവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷനും വിശദീകരിച്ചു. മറ്റത്തൂരില്‍ ജയിച്ച രണ്ടുവിമതരില്‍ ഒരാളെ സിപിഎം പ്രസിഡന്റാക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെയാളെ അധ്യക്ഷപദവിയിലെത്തിക്കാന്‍ എട്ടുപേര്‍ പിന്തുണച്ചതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റത്തൂരില്‍ സംഭവിച്ചത്:
രാഷ്ട്രീയകേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ എന്ന പഞ്ചായത്ത് ശ്രദ്ധാകേന്ദ്രമായത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ്. മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രകമ്പനം തീര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇവിടെ ജയിച്ചുകയറിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. ഭരണസമിതിയുടെ ഭാവി എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മറ്റത്തൂരില്‍ പ്രശ്‌നങ്ങളായിരുന്നു. ഡിസിസിയില്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാനിറങ്ങിയ രണ്ടുപേര്‍ക്കെതിരേ നടപടിയെടുത്തു. എന്നാല്‍ ഇവര്‍ രണ്ടുപേരും ജയിച്ചതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. ഇതില്‍ ഒരാളായ കെ.ആര്‍. ഔസേഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനായിരുന്നു ധാരണ. എന്നാല്‍ നറുക്കെടുപ്പിന് സാധ്യത ഏറിയതോടെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന സാധ്യത മുന്നില്‍കണ്ട സിപിഎം ഔസേഫിനെ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള നീക്കം തുടങ്ങി. തലേ ദിവസം വരെ ഒപ്പം നിന്ന ഔസേഫ് മറുകണ്ടം ചാടിയത് കണ്ട് മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി അംഗങ്ങളുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ചുകയറിയ ടെസി ജോസിനെ തെരഞ്ഞെടുക്കുകയായിരുന്നു.
ഏറെക്കാലമായി ഇടതുപക്ഷത്തിന്റെ പക്കലുള്ള പഞ്ചായത്തിലെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു. 24 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-10, യുഡിഎഫ്- 8, ബിജെപി- 4, യുഡിഎഫ് വിമതര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടുവിമതരെയും മുന്‍നിര്‍ത്തിയായിരുന്നു മത്സരം. കോണ്‍ഗ്രസിന്റെ എട്ടും ബിജെപിയുടെ മൂന്നും വോട്ടുകള്‍ കിട്ടിയതോടെ കോണ്‍ഗ്രസ് വിമത ടെസി ജോസ് ജേതാവായി. വൈസ് പ്രസിഡന്റായും കോണ്‍ഗ്രസ് അംഗമാണ് ജയിച്ചത്. പാര്‍ട്ടി അംഗത്വം രാജിവെക്കുന്നെന്ന് ഇവരെല്ലാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഇവരെയും നീക്കത്തിന് നേതൃത്വം നല്‍കിയ പ്രാദേശിക നേതാക്കളെയും പുറത്താക്കി.
കെ.ആര്‍. ഔസേഫ് സ്ഥാനമോഹിയായി കോണ്‍ഗ്രസിനെ വഞ്ചിച്ച് എല്‍ഡി എഫിനൊപ്പം ചേര്‍ന്ന് പ്രസിഡന്റാവാന്‍ ശ്രമിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോണ്‍ഗ്രസ് അംഗങ്ങളും പ്രാദേശിക നേതാക്കളും ആരോപിക്കുന്നു. ജില്ലാ നേതൃത്വത്തോട് മറ്റത്തൂരിലെ ബിജെപിയുമായി ധാരണ ഉണ്ടാക്കാന്‍ കൂടെ നില്‍ക്കണമെന്ന് ഒരു ജില്ലാ നേതാവ് ആവശ്യപ്പെട്ടപ്പോഴാണ് എല്‍ഡിഎഫുമായി ധാരണയ്ക്ക് നീങ്ങിയതെന്നാണ് കെ.ആര്‍. ഔസേഫിന്റെ മറുപടി.




