- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ച് പോറ്റി ഡി.മണിക്ക് കൈമാറിയത് ശബരിമലയിലെ സ്വര്‍ണപ്പാളികളോ? പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത തേടി ഡി മണിയെയും ബാലമുരുകനെയും എസ്ഐടി ചോദ്യം ചെയ്യുന്നു; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ നീക്കം; കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്താരാഷ്ട്ര പുരാവസ്തു ഇടപാടുകാരുമായി ബന്ധമുള്ള തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെയും കൂട്ടാളികളായ ബാലമുരുകനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഡി മണിക്ക് തിരുവനന്തപുരത്ത് വച്ച് സ്വര്‍ണ ഉരുപ്പടികള്‍ വിറ്റെന്ന് പ്രവാസി വ്യവസായി എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. ഇത് ശബരിമലയിലെ ഉരുപ്പടികളാണെന്നാണ് അനുമാനം. ഇതില്‍ വ്യക്തത തേടിയാണ് ചോദ്യം ചെയ്യല്‍.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി. മണി എന്ന എം.എസ്. മണി പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) മുന്നില്‍ രാവിലെ ഹാജരായിരുന്നു. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ മണിയും സിം കാര്‍ഡ് നല്‍കിയ സുഹൃത്ത് ബാലമുരുകനും എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എസ്‌ഐടി നോട്ടീസിലൂടെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും എത്തിയത്. ഡി മണി അഭിഭാഷകനൊപ്പവും ബാലമുരുകന്‍ ഭാര്യയ്‌ക്കൊപ്പവുമാണ് എസ്‌ഐടി ഓഫീസില്‍ എത്തിയത്.
ശബരിമല കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശവ്യവസായിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി. മണിയിലേക്ക് എസ്ഐടി എത്തിച്ചേര്‍ന്നത്. താന്‍ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നേ ഉള്ളൂവെന്നും അന്വേഷണ സംഘത്തോട് നേരത്തെ മണി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ കൊള്ളയെക്കുറിച്ചോ അറിയില്ലെന്നും പറഞ്ഞിരുന്നു.
മണിയെക്കുറിച്ച് മുന്‍പ് ദിണ്ടിഗല്‍ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണത്തിനോ വിവരശേഖരണത്തിനോ എസ്ഐടിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്കുകയായിരുന്നു. മണിക്ക് സ്വര്‍ണക്കൊള്ളയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യമാണ് എസ്ഐടി പരിശോധിക്കുന്നത്.
മണിയുടെ നമ്പര്‍ എസ്‌ഐടിക്ക് നല്‍കിയത് വ്യവസായിയാണ്. സ്വര്‍ണ ഉരുപ്പടികള്‍ ഡി മണി വഴി കടത്തിക്കൊണ്ടുപോയെന്നാണ് മൊഴി. വിമാനത്തിലാണ് മണി തിരുവനന്തപുരത്ത് എത്തിയത്. ദിണ്ഡിഗലില്‍ നിന്ന് റോഡ് മാര്‍ഗമാണ് മണി പണമെത്തിച്ചത്. ശബരിമലയിലെ ഉന്നതരും ഇടപാടിന് സാക്ഷിയാണെന്നാണ് മൊഴി. സ്വര്‍ണപ്പാളികള്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്.
'തിരുവനന്തപുരത്തെ ഹോട്ടലിലാണ് പോറ്റിയും മണിയുമായി ഇടപാട് നടന്നത്. ഇതിന് താന്‍ സാക്ഷിയാണ്. കച്ചവടത്തിനായി ആദ്യം സമീപിച്ചത് തന്നെയാണ്. പുരാവസ്തുക്കളില്‍ താത്പര്യമുള്ളതിനാല്‍ ദിണ്ഡിഗലിലെ ഡി മണിയുടെ വീട്ടിലെത്തിയപ്പോഴാണ് അമൂല്യവസ്തുക്കള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടത്. വിലപേശലില്‍ തീരുമാനമുണ്ടാവാത്തതിനാല്‍ എല്ലാം കാണാന്‍ കഴിഞ്ഞില്ല. കച്ചവടം നടന്നില്ല. ലോഹക്കച്ചവടക്കാര്‍ക്കിടയില്‍ മണി അറിയപ്പെടുന്നത് ദാവൂദ് മണിയെന്നാണ്'- എന്നാണ് വ്യവസായി മൊഴി നല്‍കിയത്.
അതേ സമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.
അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്‌ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്‍ദ്ധന്‍ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടും എന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അതേസമയം കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.




