തൃശൂര്‍: കോണ്‍ഗ്രസിന് നാണക്കേടായ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റം അനുനയത്തിലേക്ക്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നിര്‍ദേശത്തില്‍ റോജി എം ജോണ്‍ എംഎല്‍എ ഇടഞ്ഞ് നില്‍ക്കുന്ന പഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് റോജിയോട് അച്ചടക്ക നടപടി നേരിട്ട നേതാക്കളും പഞ്ചായത്ത് അംഗങ്ങളും വിശദീകരിച്ചു.

എട്ട് പേരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും. ജയിച്ച എട്ട് മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു.

'മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. സിപിഎമ്മിനെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നതായിരുന്നു പ്രാദേശികമായി അവിടുത്തെ പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വതന്ത്രനായി ജയിച്ച ഒരാളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു, എന്നല്ലാതെ ബിജെപിയുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഒരു കോണ്‍ഗ്രസ് അംഗവും ബിജെപി നേതാക്കളമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സ്വതന്ത്ര അംഗത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം ബിജെപി കൂട്ടുകെട്ടായി മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്' ഇടഞ്ഞ് നില്‍ക്കുന്നവര്‍ വിശദീകരിച്ചു.

സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പുറത്താക്കിയ ഡിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രനും സംഘവും റോജി എം ജോണിനെ അറിയിച്ചു. മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡന്റ് ആക്കാന്‍ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നു എന്നും ചന്ദ്രനും മറ്റ് അംഗങ്ങളും റോജിക്കു മുന്നില്‍ വിശദീകരിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍ തീരുമാനമെന്ന് റോജി എം ജോണ്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കെപിസിസി ചുമതലപ്പെടുത്തിയത് റോജിയെയാണ്.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് നേരത്തെ ഇവര്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സണ്ണി ജോസഫ് ഇവരോട് റോജി എം ജോണിനെ കാണാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ അങ്കമാലിയിലെ റോജിയുടെ ഓഫീസിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാമെന്നും അംഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡിസിസി സെക്രട്ടറിയായിരുന്ന ടി.എന്‍.ചന്ദ്രന്റെ നേതൃത്വത്തിലാണ് അംഗങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കാനെത്തിയത്.

അതേസമയം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം രേഖമൂലം അറിയിച്ചിരുന്നില്ല. ഇത്തരത്തിലൊരു നിര്‍ദേശം സംസ്ഥാന നേതൃത്വം ഇവരെ അറിയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അനുനയ ചര്‍ച്ചകള്‍ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

ബിജെപിക്ക് പിന്തുണ നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് നിന്ന് പുറത്താക്കിയ മറ്റത്തൂര്‍ പഞ്ചായത്തിലെ നേതാക്കന്മാര്‍ ഇന്നലെ രാത്രിയില്‍ യോഗം ചേര്‍ന്നു. യോഗത്തിനിടയിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ടി എം ചന്ദ്രന്‍ സംസാരിച്ചത്. ഡിസിസിയുടെ തെറ്റായ നടപടികളും തീരുമാനങ്ങളുമാണ് മറ്റത്തൂരിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ചന്ദ്രന്‍ വ്യക്തമാക്കി.

കെപിസിസിയോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളുവെന്ന് നേരത്തെ തന്നെ ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫ്മായി സംസാരിച്ചതോടെ അനുനയനീക്കങ്ങള്‍ക്ക് വഴി തെളിഞ്ഞിരിക്കുകയാണ്. എസ്ഡിപിഐ പിന്തുണയില്‍ ചൊവ്വന്നൂരില്‍ ഭരണം പിടിച്ചതില്‍ വര്‍ഗീസ് ചൊവ്വന്നൂരിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയ വിവരം അറിഞ്ഞില്ലെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും വര്‍ഗീസ് വ്യക്തമാക്കി.