- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ അഭയം നല്‍കുന്നുവെന്ന് ബംഗ്ലാദേശ്; താന്‍ ദുബായിലെന്ന് ഫൈസല്‍ കരീം മസൂദ്! ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയോ? ബംഗ്ലാദേശ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി മുഖ്യപ്രതിയുടെ വെളിപ്പെടുത്തല്‍; ഇന്ത്യക്കെതിരായ ആരോപണത്തില്‍ കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ബംഗ്ലദേശിലെ യുവനേതാവ് ഉസ്മാന്‍ ഷെരീഫ് ഹാദിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസല്‍ കരീം മസൂദ്. ഹാദിയെ കൊലപ്പെടുത്തിയവര്‍ക്ക് ഇന്ത്യ അഭയം നല്‍കുന്നുവെന്ന് ബംഗ്ലദേശ് ആരോപിക്കുന്നതിനിടെയാണ് ഫൈസല്‍ കരീം മസൂദ് വിഡിയോ സന്ദേശം പുറത്തുവിട്ടത്. തനിക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും നിലവില്‍ ദുബായിലാണ് ഉള്ളതെന്നുമാണ് ഇയാള്‍ വിഡിയോയില്‍ പറയുന്നത്. ഹാദിയെ കൊലപ്പെടുത്തിയത് താനല്ലെന്നും ആക്രമണത്തിന് പിന്നില്‍ ഒരു തീവ്ര രാഷ്ട്രീയ സംഘടനയാണെന്നും മസൂദ് പറയുന്നു.
''ഞാന്‍ ഫൈസല്‍ കരീം മസൂദ്. ഉസ്മാന്‍ ഷെരീഫ് ഹാദിയുടെ കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എനിക്കെതിരായ കേസ് ഗൂഢാലോചനയുടെ പുറത്ത് കെട്ടിച്ചമച്ചതാണ്. ഇതുകാരണം എനിക്ക് ദുബായിലേക്ക് വരേണ്ടിവന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉണ്ടായിരുന്നിട്ടു കൂടി വളരെ പ്രയാസപ്പെട്ടാണ് എനിക്ക് ദുബായിലേക്ക് വരാന്‍ സാധിച്ചത്. കേസിന്റെ പേരില്‍ കുടുംബത്തെ ഉപദ്രവിക്കുകയാണ്. അവരോടുള്ള മനുഷ്യത്വരഹിത സമീപനം നീതീകരിക്കാനാവില്ല'' വിഡിയോയില്‍ ഫൈസല്‍ കരീം മസൂദ് പറയുന്നു.
പൂര്‍ണ്ണമായും നിരപരാധിയായിരുന്നിട്ടും കഠിനമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഫൈസല്‍ കരീം മസൂദ് പറയുന്നു. തന്റെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കില്ലെന്ന് വീഡിയോയില്‍ ഫൈസല്‍ പറയുന്നുണ്ട്. ''അവര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. എന്റെ കുടുംബത്തോടുള്ള ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അന്യായവും അസ്വീകാര്യവുമാണ്, ഞാന്‍ അതില്‍ ശക്തമായി പ്രതിഷേധിക്കുന്നു,'' ഫൈസല്‍ കരീം മസൂദ് പറഞ്ഞു.
ഹാദിയുമായുള്ള ബന്ധത്തെക്കുറിച്ച് മസൂദ് വിശദീകരിക്കുന്നുണ്ട്. ''ഞാന്‍ ഹാദിയുടെ ഓഫീസില്‍ പോയിരുന്നു. എനിക്ക് ഒരു ഐടി സ്ഥാപനമുണ്ട്, മുമ്പ് ഞാന്‍ ധനകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നു. ഒരു ജോലി അവസരത്തിനായി ഞാന്‍ ഹാദിയെ കാണാന്‍ പോയി. ജോലി ശരിയാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും മുന്‍കൂര്‍ പണം ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്, ഞാന്‍ അദ്ദേഹത്തിന് 500,000 ടാക്ക നല്‍കി. അദ്ദേഹത്തിന്റെ വിവിധ പരിപാടികള്‍ക്ക് സംഭാവന നല്‍കാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, അദ്ദേഹം ആവശ്യപ്പെടുമ്പോഴെല്ലാം ഞാന്‍ ഫണ്ട് നല്‍കി'' ഫൈസല്‍ കരീം മസൂദ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന് പിന്നില്‍ ജമാഅത്താണെന്നും തങ്ങളെ മനഃപൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഫൈസല്‍ കരീം മസൂദ് ആരോപിക്കുന്നു. അതേസമയം ഹാദിയുടെ കൊലപാതകത്തിലെ രണ്ട് പ്രതികളായ ഫൈസല്‍ കരീം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ രാജ്യം വിട്ട് മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രതികള്‍ നിലവില്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവരെയും അറസ്റ്റു ചെയ്യാനും കൈമാറാനും ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബംഗ്ലദേശ് അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് താന്‍ ദുബായിലാണ് ഉള്ളതെന്ന് കാട്ടി ഫൈസല്‍ കരീം മസൂദിന്റെ വിഡിയോ. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഉസ്മാന്‍ ഷെരീഫ് ഹാദിക്ക് ഡിസംബര്‍ 12നാണ് ധാക്കയില്‍ റിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ 2024 ലെ ബംഗ്ലദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെയാണു ഹാദി പ്രശസ്തനായത്. കൊലപാതകത്തിനു പിന്നാലെ ബംഗ്ലദേശില്‍ വ്യാപക അക്രമങ്ങള്‍ നടന്നു.




