- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ പെയ്ത് നനഞ്ഞു കിടന്ന റൺവേയിൽ ലാൻഡിംഗ് ഗിയർ ടച്ച് ചെയ്തതും ഭീതിപ്പെടുത്തുന്ന കാഴ്ച; നിയന്ത്രണമില്ലാതെ പാഞ്ഞെത്തി ഒരൊറ്റ വെട്ടിത്തിരിയലിൽ തെന്നിമാറി നേരെ പുൽത്തകിടിയിലേക്ക് ഇടിച്ചുകയറി ആ ഭീമൻ വിമാനം; പേടിച്ച് 'എന്റെ ദൈവമേ..'എന്ന് നിലവിളിക്കുന്ന പൈലറ്റ്; മരണം മുന്നിൽ കണ്ട് യാത്രക്കാരും; ഹൂസ്റ്റണിൽ ഒരു വലിയ ആകാശ ദുരന്തം ഒഴിവായത് ഇങ്ങനെ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ യുണൈറ്റഡ് എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 2024 മാർച്ച് 8-നുണ്ടായ ഈ അപകടത്തിന്റെ അന്വേഷണ രേഖകളും കോക്പിറ്റിലെ ശബ്ദരേഖകളും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
അപകടം നടന്നത് എങ്ങനെ?
മെംഫിസിൽ നിന്ന് 160 യാത്രക്കാരുമായി എത്തിയ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 737-8 MAX വിമാനമാണ് ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട് റൺവേയ്ക്ക് പുറത്തുള്ള പുൽത്തകിടിയിലേക്ക് തെന്നിമാറിയത്. മഴ പെയ്ത് നനഞ്ഞു കിടന്ന റൺവേയിൽ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതിൽ പൈലറ്റുമാർക്ക് പരാജയം സംഭവിച്ചതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം റൺവേയിൽ തൊട്ടതിന് പിന്നാലെ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തനരഹിതമായതും വിമാനത്തിന്റെ വേഗത നിയന്ത്രിക്കാനുള്ള 'റിവേഴ്സ് ത്രസ്റ്റ്' കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
അതേസമയം, പുറത്തുവന്ന കോക്പിറ്റ് ഓഡിയോ ട്രാൻസ്ക്രിപ്റ്റിൽ ക്യാപ്റ്റൻ അലിറേസ ജോഹാർച്ചിയുടെ പരിഭ്രാന്തിയും കുറ്റബോധവും വ്യക്തമാണ്. വിമാനം നിയന്ത്രണം വിട്ട നിമിഷം "എന്റെ ദൈവമേ, ഇത് സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല" എന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. സഹ പൈലറ്റായ മൈക്കൽ ഡിക്‌സണിനോട് അദ്ദേഹം പലതവണ മാപ്പ് ചോദിക്കുന്നുണ്ട്. "നിന്നെക്കൂടി ഈ കുഴപ്പത്തിൽ ചാടിച്ചതിൽ എനിക്ക് ഖേദമുണ്ട്", "വിമാനം നിൽക്കുമെന്ന് ഞാൻ കരുതി" എന്നിങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്.
അപകടത്തിന് പിന്നാലെ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റോ എന്ന് അദ്ദേഹം ഫ്ലൈറ്റ് അറ്റൻഡന്റ്‌സിനോട് അന്വേഷിക്കുന്നുണ്ട്. ഭാഗ്യവശാൽ വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനം തെന്നിമാറി പുൽത്തകിടിയിൽ കിടക്കുമ്പോൾ, ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുമെന്ന ആശങ്കയും ക്യാപ്റ്റൻ പങ്കുവെക്കുന്നുണ്ട്. "നമ്മൾ സോഷ്യൽ മീഡിയയിൽ നിറയാൻ പോവുകയാണ്... ആളുകൾ വീഡിയോകൾ പകർത്തുന്നുണ്ടാകും," എന്ന് അദ്ദേഹം ഡിക്‌സണിനോട് പറഞ്ഞു. കൂടാതെ, വിമാനത്തിനുള്ളിൽ വെച്ച് ഈ അപകടത്തെക്കുറിച്ച് മറ്റാരോടും സംസാരിക്കരുതെന്ന് അദ്ദേഹം സഹ പൈലറ്റിന് നിർദ്ദേശം നൽകുകയും ചെയ്തു.
അപകടത്തിന് പിന്നാലെ വിമാനത്തിന്റെ ഇടതുവശത്തെ ലാൻഡിംഗ് ഗിയർ തകർന്ന് കോൺക്രീറ്റ് സ്ട്രക്ചറിൽ ഇടിച്ച് വേർപെട്ടിരുന്നു. യാത്രക്കാരെ എമർജൻസി ലാഡർ വഴിയാണ് വിമാനത്തിന് പുറത്തെത്തിച്ചത്. സംഭവത്തെക്കുറിച്ച് എൻടിഎസ്ബിയുടെ വിശദമായ അന്വേഷണം ഇപ്പോഴും തുടരുകയാണ്. വിമാനം റൺവേയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വേഗത കുറഞ്ഞില്ല എന്നതാണ് പ്രാഥമിക കണ്ടെത്തൽ. വിമാനത്തിലെ ബ്രേക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ക്രൂവിന് വന്ന പിഴവുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.




