മീററ്റ്: ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുന്നതിനിടെ ദേശീയ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐപിഎല്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിലൊരാളായ ഷാരൂഖ് ഖാനെതിരേ വിമര്‍ശനവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ സംഗീത് സോം ആണ് താരത്തിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും തീരുമാനത്തെ പിന്തുണച്ച ഷാരൂഖിനെ 'രാജ്യദ്രോഹി'യെന്നും എംഎല്‍എ അധിക്ഷേപിച്ചു.

''ഒരു ഭാഗത്ത് ബംഗ്ലദേശില്‍ ഹിന്ദുക്കളെ കൊല്ലുകയാണ്. മറ്റൊരു ഭാഗത്ത് ബംഗ്ലദേശി താരങ്ങളെ ഐപിഎല്‍ ലേലത്തില്‍ വാങ്ങുന്നു. ഷാറുഖ് ഖാന്‍ ഒന്‍പതു കോടി നല്‍കിയാണ് റഹ്‌മാനെ വാങ്ങിയത്. ഇപ്പോള്‍ ബംഗ്ലദേശില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുകയാണ്. പ്രധാനമന്ത്രിയെ അപമാനിക്കുന്നു. പക്ഷേ ഷാറുഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികള്‍ ഒന്‍പതു കോടി മുടക്കി അവരെ സഹായിക്കുന്നു. ഷാറുഖിന് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല.''-സംഗീത് സോം മീററ്റില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.

'ഇത്തരം കളിക്കാര്‍ക്ക് ഇവിടെ കളിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു. തന്റെ വിജയത്തിന്റെ വേരുകള്‍ എവിടെനിന്നാണെന്ന് ഷാരൂഖ് മറന്നു. നിങ്ങള്‍ ഈ സ്ഥാനത്ത് എത്തിയതിന് പിന്നില്‍ ഈ രാജ്യത്തെ ജനങ്ങളാണെന്ന് ഷാരൂഖിനെപ്പോലുള്ള രാജ്യദ്രോഹികള്‍ മനസ്സിലാക്കണം. ഇത് ഈ രാജ്യം സഹിക്കില്ല. ഇത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനവും ഉണ്ടാകില്ല.' സംഗീത് സോം പറഞ്ഞു.

ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് സോം ആഞ്ഞടിച്ചു. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഐപിഎല്‍ ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് മുസ്തഫിസൂര്‍. നേരത്തെ, താരത്തെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഉജ്ജയിനിയിലെ മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു. ഈ വിഷയങ്ങളിലൊന്നും ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും സംഗീത് സോം ഭീഷണി മുഴക്കി. ഐപിഎല്‍ ലേലത്തില്‍ ബംഗ്ലദേശ് പേസറെ കൊല്‍ക്കത്ത വന്‍ തുക മുടക്കി വാങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണു വഴിയൊരുക്കിയത്. ആത്മീയ നേതാക്കളായ ദേവ് കിഷന്‍ ഠാക്കൂറും സ്വാമി രാംഭദ്രാചാര്യയും ഷാറുഖ് ഖാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

അതേസമയം ഷാറുഖിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ രംഗത്തെത്തി. ബോളിവുഡ് താരത്തെ രാജ്യദ്രോഹിയെന്നു വിളിച്ചത് ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കെതിരായ അക്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ക്രിക്കറ്റ് ബോര്‍ഡ് താരത്തെ വാങ്ങാന്‍ അനുമതി നല്‍കിയതുകൊണ്ടാണ് ഷാറുഖ് ഖാന് ഏതെങ്കിലും രാജ്യത്തുനിന്ന് താരങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറും വ്യക്തമാക്കി.