- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് വിപുലീകരണം ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്; വനിതാ സ്ഥാനാര്‍ത്ഥിയും മാറ്റങ്ങളുമായി പുതിയ തന്ത്രം; തിരഞ്ഞെടുപ്പ് തന്ത്രം വ്യക്തമാക്കി സാദിഖലി തങ്ങള്‍; കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ നീക്കം; സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗ്
കോഴിക്കോട്: മുസ്ലീം ലീഗ് ആഗ്രഹം യുഡിഎഫ് വിപൂലീകരണം തന്നെ. നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും മുന്നണി യോഗത്തില്‍ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങള്‍ വിശദീകരിക്കുന്നത് ഈ സാഹചര്യത്തിലാണ്. കോട്ടയം അടക്കമുള്ള ജില്ലകളില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പം എന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിര്‍ദ്ദേശമില്ല. ചില സീറ്റുകള്‍ വെച്ചു മാറണം എന്ന ആഗ്രഹം അണികള്‍ക്കുണ്ട്. ഈ കാര്യം ചര്‍ച്ചയില്‍ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പില്‍ നയിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലീഗ് പ്രതീക്ഷിക്കുന്നുണ്ട്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാറുണ്ടെന്നും ഇത്തവണയും യുഡിഎഫ് യോഗങ്ങളില്‍ ലീഗ് ഈ നിലപാട് വ്യക്തമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. ലീഗിന്റെ സംഘടനാ ശക്തിയും സ്വാധീനവും വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് വിഭജനത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
മലപ്പുറത്തിന് പുറമെ മറ്റു ജില്ലകളിലും കൂടുതല്‍ സീറ്റുകള്‍ ലീഗ് ലക്ഷ്യമിടുന്നുണ്ട്. യുഡിഎഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ ലീഗിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും നേതൃത്വം കരുതുന്നു. വരും ദിവസങ്ങളില്‍ യുഡിഎഫില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ സീറ്റ് വിഭജനം പ്രധാന ചര്‍ച്ചാവിഷയമായി മാറും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം സ്വന്തം നില മെച്ചപ്പെടുത്താനുമുള്ള തന്ത്രപരമായ നീക്കങ്ങളാണ് മുസ്ലീം ലീഗ് നടത്തുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനോട് ലീഗ് ആവശ്യപ്പെടും. മുസ്ലീം ലീഗിന്റെ സംഘടനാശക്തി വര്‍ധിച്ചതായും മലപ്പുറത്തിന് പുറമെ മറ്റു ജില്ലകളിലും വിജയസാധ്യതയുള്ള സീറ്റുകള്‍ തങ്ങള്‍ക്കുണ്ടെന്നുമാണ് ലീഗിന്റെ വാദം. പ്രത്യേകിച്ചും വടക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ചില മണ്ഡലങ്ങളില്‍ ലീഗ് നോട്ടമിടുന്നുണ്ട്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ മുന്നണിയെ ഒരേ നൂലില്‍ കോര്‍ത്ത് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ലീഗ് ഏറ്റെടുക്കും. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഘടകകക്ഷികള്‍ക്കിടയിലെ അതൃപ്തികള്‍ ഇല്ലാതാക്കുന്നതിലും ലീഗ് മധ്യസ്ഥന്റെ റോളില്‍ സജീവമാകും.
പരമ്പരാഗത വോട്ടുബാങ്കിന് പുറമെ യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാകും ഇത്തവണ ലീഗ് നടത്തുക. പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആധുനികമായ ക്യാമ്പയിന്‍ രീതികളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും ലീഗ് ശക്തമാക്കും. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മതേതര നിലപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രചാരണ തന്ത്രമാകും ലീഗ് സ്വീകരിക്കുക. വര്‍ഗീയ ധ്രുവീകരണത്തെ എതിര്‍ത്തുകൊണ്ടുള്ള ലീഗിന്റെ നിലപാടുകള്‍ പൊതുസമൂഹത്തിനിടയില്‍ ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ശ്രമിക്കും.
സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ ലീഗ് സംഘടിപ്പിക്കും. പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കൊപ്പം സംസ്ഥാന ഭരണത്തിലെ വീഴ്ചകളും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് ലീഗിന്റെ തീരുമാനം.




