- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റിന്റെ വീട്ടിലെ പതിവ് വാർത്ത സമ്മേളനം; ഓരോ കാര്യങ്ങൾ ചർച്ച ചെയ്തിരിക്കവേ കാതടപ്പിക്കുന്ന ഇരമ്പൽ ശബ്ദം; അപായ സൈറൺ മുഴങ്ങിയതും ഹാൾ വിട്ടിറങ്ങി ആളുകൾ; നിമിഷങ്ങൾക്കുള്ളിൽ കെട്ടിടങ്ങൾ അടക്കം കുലുങ്ങിയാടുന്ന കാഴ്ച; മെക്സിക്കോയെ നടുക്കി വൻ ഭൂകമ്പം; രണ്ട് പേർക്ക് ജീവൻ നഷ്ടമായി; 6.5 തീവ്രതയിൽ ഇളകിയാടി പ്രദേശങ്ങൾ; അതീവ ജാഗ്രത
മെക്സിക്കോ: മെക്സിക്കോയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിയോടെയുണ്ടായ ഭൂകമ്പം മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമിന്റെ പതിവ് വാർത്താ സമ്മേളനത്തെ തടസ്സപ്പെടുത്തി. അപകട മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സമ്മേളന ഹാൾ വിട്ട് പുറത്തിറങ്ങുകയായിരുന്നു.
ഭൂകമ്പത്തിൽ പ്രഭവകേന്ദ്രത്തിന് സമീപം സാൻ മാക്കോസിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ 60 വയസ്സുകാരനാണ് ഒരാൾ മരിച്ചത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിനിടെ വീട് തകർന്ന് വീണ് അമ്പത് വയസ്സുകാരിയും മരണപ്പെട്ടു. അൻപതോളം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും, സാൻ മാക്കോസിലെ മിക്ക വീടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.
മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറുള്ള ഗുരേരോ സംസ്ഥാനത്തിലെ സാൻ മാക്രോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം, മെക്സിക്കോയിലെ പ്രധാന തുറമുഖവും ബീച്ച് റിസോർട്ട് കേന്ദ്രവുമായ അക്കാപുൽകോയ്ക്ക് സമീപത്താണ് ഭൂകമ്പത്തിന്റെ ഏറ്റവും തീവ്രമായ പ്രഭാവം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രത്തിന് 400 കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അഞ്ച് ടെക്ടോണിക് പ്ലേറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കോ ലോകത്തിലെ തന്നെ ഏറ്റവുമധികം ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ്. ഒരുകാലത്ത് തടാകത്തിന്റെ അടിത്തട്ടായിരുന്ന ചെളി നിറഞ്ഞ ഭൂഗർഭ മണ്ണിൽ നിർമ്മിച്ചിട്ടുള്ള മെക്സിക്കോ സിറ്റിയുടെ മധ്യഭാഗം ഭൂകമ്പങ്ങൾക്ക് പ്രത്യേകിച്ചും ദുർബലമാണ്. 1985 സെപ്തംബർ 19-ന് ഉണ്ടായ 8.1 തീവ്രതയുള്ള ഭൂകമ്പത്തിൽ മെക്സിക്കോ സിറ്റിയിൽ 13,000 പേർ കൊല്ലപ്പെട്ടിരുന്നു. 2017 സെപ്തംബർ 17-ന് 7.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പത്തിൽ 369 പേർക്കും ജീവൻ നഷ്ടപ്പെട്ടു.




