വാഷിംഗ്ടണ്‍: ലോകം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്ന ഒരു വന്‍ശക്തി പോരാട്ടത്തിനാണ് അറ്റ്ലാന്റിക് സമുദ്രം ഇപ്പോള്‍ വേദിയാകുന്നത്. അമേരിക്കന്‍ ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണയുമായി കടക്കാന്‍ ശ്രമിച്ച 'ബെല്ല 1' എന്ന കപ്പലിനെ പിടിച്ചെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ അമേരിക്കന്‍ സേന കപ്പലിനെ വളഞ്ഞപ്പോള്‍, കപ്പല്‍ ജീവനക്കാര്‍ കപ്പലിന്റെ വശത്ത് റഷ്യന്‍ പതാക പെയിന്റ് ചെയ്യുകയും തങ്ങള്‍ റഷ്യയുടെ സംരക്ഷണത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ കളി മാറി.

'ബെല്ല 1' ഇനി 'മാരിനേര'; റഷ്യയുടെ മാസ്റ്റര്‍ പ്ലാന്‍

അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യ ഈ കപ്പലിനെ തങ്ങളുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 'മാരിനേര' എന്ന് പുതിയ പേരിട്ട കപ്പലിന് സോച്ചിയിലാണ് ഹോം പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ പതാക വച്ച കപ്പലിനെ തൊടാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് പുടിന്‍ വ്യക്തമാക്കിയതോടെ അറ്റ്ലാന്റിക്കില്‍ വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. അയര്‍ലന്‍ഡ് തീരത്തിന് 500 മൈല്‍ അകലെ വെച്ചാണ് ഇപ്പോള്‍ ഈ നാടകീയമായ വേട്ട നടക്കുന്നത്.

ആകാശത്തും കടലിലും അമേരിക്കന്‍ പടയൊരുക്കം

കപ്പലിനെ വിട്ടുകൊടുക്കാന്‍ ഭാവമില്ലാത്ത ട്രംപ് ഭരണകൂടം തങ്ങളുടെ ആധുനിക യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും രംഗത്തിറക്കി കഴിഞ്ഞു. ബ്രിട്ടനിലെ RAF മില്‍ഡന്‍ഹാളില്‍ നിന്നും ഫെയര്‍ഫോര്‍ഡില്‍ നിന്നും പുറപ്പെട്ട യുഎസ് നിരീക്ഷണ വിമാനങ്ങളും ചിനൂക്ക്, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും കപ്പലിനെ നിരന്തരം പിന്തുടരുകയാണ്. കപ്പലിനെ മുക്കാനല്ല, മറിച്ച് കടലില്‍ വെച്ച് തന്നെ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാനാണ് (Seizure) അമേരിക്ക ലക്ഷ്യമിടുന്നത്.

വെനസ്വേലയെ ശ്വാസം മുട്ടിക്കാന്‍ ട്രംപ്; വിറച്ച് ലോകവിപണി

നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ വെനസ്വേലയിലേക്കും പുറത്തേക്കുമുള്ള എല്ലാ എണ്ണക്കപ്പലുകള്‍ക്കും ട്രംപ് സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാന്‍ 16 ഓളം വമ്പന്‍ ടാങ്കറുകള്‍ 'ഡാര്‍ക്ക് മോഡില്‍' (സിഗ്‌നലുകള്‍ ഓഫാക്കി) രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മഡുറോയുടെ പിന്‍ഗാമി ഡെല്‍സി റോഡ്രിഗസ് ഇതിനെ 'കടല്‍ക്കൊള്ള' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ നാവികസേനയെ കബളിപ്പിക്കാന്‍ കപ്പലുകള്‍ വ്യാജ ലൊക്കേഷന്‍ സിഗ്‌നലുകള്‍ നല്‍കുന്നതായും (Spoofing) റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ-അമേരിക്ക നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്?

റഷ്യയുടെ നയതന്ത്ര ആവശ്യങ്ങളെ തള്ളിക്കൊണ്ട് കപ്പല്‍ പിടിച്ചെടുക്കാന്‍ ട്രംപ് സൈന്യത്തിന് പച്ചക്കൊടി നല്‍കിയാല്‍ അത് റഷ്യയുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. കപ്പലിന് അകത്ത് വെനസ്വേലന്‍ സൈനികര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.