ന്യുയോര്‍ക്ക്: അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റിന്റെ വെടിയേറ്റ് 37-കാരിയായ റെനി നിക്കോള്‍ ഗുഡ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കനത്ത സംഘര്‍ഷം. ബുധനാഴ്ച നടന്ന കുടിയേറ്റ വിരുദ്ധ പരിശോധനയ്ക്കിടയില്‍, റെനി തന്റെ എസ്യുവി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഇടിക്കാന്‍ ശ്രമിച്ചെന്നും ഇത് ആഭ്യന്തര ഭീകരതയ്ക്ക് തുല്യമായ പ്രവൃത്തിയാണെന്നുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആരോപിക്കുന്നത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഈ വാദം വെറും പ്രചാരണം മാത്രമാണെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സും മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേയും കുറ്റപ്പെടുത്തി. ഐസ് ഏജന്റുകള്‍ ഉടന്‍ നഗരം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ട മേയര്‍, ഏജന്‍സിയുടെ വിശദീകരണം തീര്‍ത്തും അവിശ്വസനീയമാണെന്നും പറഞ്ഞു.

ഏജന്റ് സ്വയംരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നും ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടാത്തത് അത്ഭുതമാണെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ റെനി നിക്കോള്‍ ഗുഡിന്റെ മാതാവ് ഡോണ ഗാംഗര്‍ പറയുന്നത് തന്റെ മകള്‍ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നില്ലെന്നും, പെട്ടെന്നുണ്ടായ പരിഭ്രാന്തിയാകാം സംഭവത്തിന് പിന്നിലെന്നുമാണ്. റെനിയുടെ ആറ് വയസ്സുള്ള മകനും ഭര്‍ത്താവും വലിയ ആഘാതത്തിലാണ്. വെടിയേറ്റതിന് പിന്നാലെ റെനിയുടെ വാഹനം സമീപത്തെ പോസ്റ്റിലും മറ്റ് കാറുകളിലും ഇടിച്ചു തകരുകയായിരുന്നു.

തുടര്‍ന്ന് നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും അമേരിക്കന്‍ പതാക കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു. നിലവില്‍ എഫ്.ബി.ഐയും മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനല്‍ അപ്പഹെന്‍ഷനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. 2,000-ത്തോളം ഐസ് ഏജന്റുകളെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തില്‍ മിനിയാപൊളിസില്‍ ഇപ്പോഴും കനത്ത പോലീസ് കാവല്‍ തുടരുകയാണ്.

റെനി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് അവരുടെ മാതാവ് ഡോണ ഗാംഗര്‍ വ്യക്തമാക്കി. 'അവള്‍ അങ്ങനെയുള്ള ഒന്നിലും ഭാഗമായിരുന്നില്ല. ആ സമയത്ത് അവിടെയുണ്ടായ സംഘര്‍ഷാവസ്ഥ കണ്ട് പരിഭ്രാന്തയായതാകാം അവള്‍ വാഹനവുമായി മുന്നോട്ട് പോകാന്‍ കാരണം,' ഡോണ പറഞ്ഞു. ലോകത്തിലെ ഏറ്റവും കാരുണ്യമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു റെനി എന്നും അവര്‍ ഓര്‍മ്മിച്ചു.

ഐസ് ഏജന്റിന്റെ വെടിയുണ്ടകള്‍ റെനിയുടെ മുഖത്താണ് ഏറ്റത്. മൂന്ന് തവണ അവര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വാദം. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ഇവര്‍ വാഹനം പിന്നോട്ട് എടുത്ത് മാറാന്‍ ശ്രമിക്കുന്നതായാണ് കാണുന്നത്.

റെനിക്ക് വെടിയേറ്റതിന് പിന്നാലെ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഐസ് ഏജന്റുമാര്‍ വീഴ്ച വരുത്തിയതായി ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു ഡോക്ടര്‍ സഹായത്തിനായി മുന്നോട്ട് വന്നെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗുഡിന്റെ മരണം വെറുമൊരു വെടിവെപ്പല്ലെന്നും ഭരണകൂടത്തിന്റെ ക്രൂരതയാണെന്നും ആരോപിച്ചാണ് മിനിയാപൊളിസില്‍ പ്രതിഷേധം ശക്തമാകുന്നത്.